Quantcast

ഇനി 'മെയ്ഡ് ഇന്‍ ഇന്ത്യ' ഐഫോണ്‍, വില കുറയുമോ ?

MediaOne Logo

Alwyn

  • Published:

    4 April 2018 3:15 PM GMT

ഇനി മെയ്ഡ് ഇന്‍ ഇന്ത്യ ഐഫോണ്‍, വില കുറയുമോ ?
X

ഇനി 'മെയ്ഡ് ഇന്‍ ഇന്ത്യ' ഐഫോണ്‍, വില കുറയുമോ ?

ഐഫോണുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തി, ബംഗളൂരുവില്‍ നിന്ന് ഉല്‍പാദനം തുടങ്ങാന്‍ ആപ്പിള്‍ തീരുമാനിച്ചു.

ലോകോത്തര സ്‍മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍, ഇന്ത്യയില്‍ വേരുറപ്പിക്കുന്നു. ഐഫോണുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തി, ബംഗളൂരുവില്‍ നിന്ന് ഉല്‍പാദനം തുടങ്ങാന്‍ ആപ്പിള്‍ തീരുമാനിച്ചു. ബംഗളൂരുവിലെ ഫാക്ടറിയില്‍ നിന്ന് ഐഫോണ്‍ നിര്‍മാണം ഉടന്‍ തുടങ്ങും. ഇതുസംബന്ധിച്ച് കര്‍ണാടക സര്‍ക്കാരിന്റെ സ്ഥിരീകരണവും വന്നുകഴിഞ്ഞു. ഐഫോണ്‍ നിര്‍മാണ ഫാക്ടറിയുമായി ബന്ധപ്പെട്ട് ആപ്പിള്‍ സമര്‍പ്പിച്ച രേഖകളില്‍ സര്‍ക്കാര്‍ തൃപ്തരാണെന്നും ഇത് വന്‍ സാങ്കേതിക കുതിപ്പിന് വഴിയൊരുക്കുമെന്നും ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഖെ പറഞ്ഞു.

ജൂണില്‍ തന്നെ ഉല്‍പാദനം തുടങ്ങുമെന്നാണ് സൂചന. ഐഫോണ്‍ അസംബിള്‍ ചെയ്യുന്നതിനായി ആപ്പിള്‍ ആഗോളതലത്തില്‍ തെരഞ്ഞെടുത്തിരുന്ന മൂന്നാമത്തെ രാജ്യമാകുകയാണ് ഇന്ത്യ. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും വിലപിടിച്ച കമ്പനികളിലൊന്നായ ആപ്പിള്‍ ഇന്ത്യക്ക് നല്‍കുന്ന പ്രാധാന്യം വ്യക്തമാകുകയാണ്. ബംഗളൂരുവിലേത് ഒറിജിനല്‍ എക്യുപ്‍മെന്റ് മാനുഫാക്ചറര്‍ (ഒഇഎം) യൂണിറ്റായിരിക്കും. ഇവിടേക്കുള്ള തൊഴില്‍ അവസരങ്ങളും തുറന്നു കഴിഞ്ഞു.

ഐഫോണുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ 12.5 ശതമാനം അധിക നികുതി നല്‍കേണ്ടിവരുന്നത് ഒഴിവാക്കാന്‍, തദ്ദേശീയമായി ഫോണ്‍ നിര്‍മിക്കുക വഴി സാധിക്കും. ബംഗളൂരുവിലെ യൂണിറ്റില്‍ നിന്നു മെയ്ഡ് ഇന്‍ ഇന്ത്യ ഐഫോണുകള്‍ വിപണിയിലേക്ക് എത്തുമ്പോള്‍ വില കുറയുമെന്നാണ് പ്രതീക്ഷ. 2015 ഒക്ടോബര്‍ മുതല്‍ 2016 സെപ്റ്റംബര്‍ വരെയുള്ള കാലഘട്ടത്തില്‍ മാത്രം 25 ലക്ഷം ഐഫോണുകളാണ് ഇന്ത്യയില്‍ ആപ്പിള്‍ വിറ്റഴിച്ചതെന്നാണ് കണക്കുകള്‍. ഐഫോണ്‍ വില്‍പനയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാള്‍ 56 ശതമാനം വര്‍ധനയാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. ഇതുകൊണ്ടൊക്കെ തന്നെയാണ് സ്വന്തം യൂണിറ്റ് ഇന്ത്യയില്‍ തുടങ്ങാന്‍ ആപ്പിള്‍ കളമൊരുക്കിയത്.

Next Story