Quantcast

റിമോട്ടല്ല, ഫോൺ തന്നെ; വിചിത്രമായ സ്മാർട്ട്‌ഫോൺ സങ്കൽപവുമായി ആൻഡ്രോയ്ഡ് സ്ഥാപകൻ

ഇപ്പോഴുള്ള സ്മാർട്ട്‌ഫോണുകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ രൂപഘടനയുള്ള ഫോണിൽ കാർഡ് രൂപത്തിലുള്ള ആപ്പുകളും വലിയ ബട്ടണുകളും കാണാം.

MediaOne Logo

  • Published:

    10 Oct 2019 9:38 AM GMT

റിമോട്ടല്ല, ഫോൺ തന്നെ; വിചിത്രമായ സ്മാർട്ട്‌ഫോൺ സങ്കൽപവുമായി ആൻഡ്രോയ്ഡ് സ്ഥാപകൻ
X

നിരന്തര പരീക്ഷണങ്ങളുടെ രംഗവേദിയാണ് സ്മാർട്ട്‌ഫോൺ വിപണി. ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി സ്‌ക്രീനിന്റെ വലുപ്പത്തിലും ക്യാമറയുടെ മികവിലും ഫോണിന്റെ ഘനത്തിലുമെല്ലാം വലിയ പരീക്ഷണങ്ങളാണ് വിവിധ കമ്പനികൾ നടത്തുന്നത്. എഡ്ജ്, നോച്ച് ഡിസ്‌പ്ലേ സങ്കൽപങ്ങളും ഓൺസ്‌ക്രീൻ ഫിംഗർപ്രിന്റ് സ്‌കാനറുമെല്ലാം ഇന്ന് സാധാരണ സ്മാർട്ട്‌ഫോണുകളിൽ തന്നെ എത്തിക്കഴിഞ്ഞു.

എന്നാലിതാ, സ്മാർട്ട്‌ഫോൺ സങ്കൽപത്തെ തന്നെ മാറ്റിമറിച്ചേക്കാവുന്ന പരീക്ഷണവുമായി അമേരിക്കൻ എഞ്ചിനീയർ ആൻഡി റൂബിൻ രംഗത്തുവന്നിരിക്കുന്നു. എസൻഷ്യൽ എന്ന സ്മാർട്ട്‌ഫോൺ നിർമാണ കമ്പനിയുടെ സ്ഥാപകനായ റൂബിൻ വീതി തീരെ കുറവും നീളം കൂടുതലുമുള്ള സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഒറ്റക്കാഴ്ചയിൽ റിമോട്ട് കൺട്രോൾ എന്ന് തോന്നിക്കുന്ന ഫോണിന്റെ ചിത്രങ്ങൾ റൂബിൻ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.

56-കാരനായ റൂബിൻ ചില്ലറക്കാരനല്ല. ഗൂഗിളിലെ മുൻ ജീവനക്കാരനായ ഈ ന്യൂയോർക്ക് സ്വദേശിയാണ് ഇന്ന് സ്മാർട്ട്‌ഫോണുകളിൽ ഏറ്റവും ജനപ്രിയമായ ആൻഡ്രോയ്ഡ് ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ സ്രഷ്ടാവ്. 'ആൻഡ്രോയ്ഡിന്റെ പിതാവ്' എന്നറിയപ്പെടുന്ന ആൻഡി ഒമ്പത് വർഷത്തെ സേവനത്തിനു ശേഷം 2014-നാണ് ഗൂഗിളിൽ നിന്ന് പടിയിറങ്ങിയത്.

റൂബിന്റെ സങ്കൽപത്തിൽ വിരിഞ്ഞ പുതിയ ഫോണിന്റെ പ്രധാന ആകർഷം നീളമുള്ള യൂസർ ഇന്റർഫേസ് തന്നെ. ഇപ്പോഴുള്ള സ്മാർട്ട്‌ഫോണുകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ രൂപഘടനയുള്ള ഫോണിൽ കാർഡ് രൂപത്തിലുള്ള ആപ്പുകളും വലിയ ബട്ടണുകളും കാണാം. പിറകുവശത്ത് വലുതായി ക്യാമറയും തൊട്ടുതാഴെ ഫിംഗർപ്രിന്റ് സ്‌കാനർ എന്ന് തോന്നിക്കുന്ന അടയാളവുമുണ്ട്. ആൻഡ്രോയ്ഡിൽ ആയിരിക്കുമോ ഇത് പ്രവർത്തിക്കുക എന്ന കാര്യം വ്യക്തമല്ല.

എസൻഷ്യൽ പുറത്തിറക്കുന്ന പുതിയ സ്മാർട്ട്‌ഫോൺ ആണിതെന്നും പരീക്ഷണഘട്ടത്തിലാണെന്നും കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 'പ്രൊജക്ട് ജെം' എന്നു പേരിട്ടിരിക്കുന്ന പുതിയ ഫോൺ അധികം വൈകാതെ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

TAGS :
Next Story