Quantcast
MediaOne Logo

യാസീന്‍ അശ്‌റഫ്

Published: 20 April 2026 9:05 PM IST

ട്രംപ് എന്ന ‘യേശു’, മാർപ്പാപ്പക്കെതിരെ

“ദൈവത്തിനുള്ളത് ദൈവത്തിന്, സീസർക്കുള്ളത് സീസർക്ക്”—മതം രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെതിരായ ഈ സൂക്തം നമ്മുടെ കാലത്ത് ട്രംപാണ് പ്രാവർത്തികമാക്കുന്നത്. പോപ്പിനുള്ളത് പോപ്പിന്; ട്രംപിനുള്ളത് ട്രംപിന്. മാർപാപ്പ ട്രംപിനെ ഒന്ന് തിരുത്താൻ നോക്കി. ഇപ്പോഴത്തെ മാർപ്പാപ്പ (ലിയോ പതിനാലാമൻ) അമേരിക്കകാരനാണ്. ഇറാനുമായുള്ള യുദ്ധം നിർത്താൻ ട്രംപ് നോക്കുന്നു എന്നറിഞ്ഞ പാപ്പ, യുദ്ധം നിർത്തുന്നതുതന്നെ നല്ലത് എന്ന നിലക്ക് ഒരു പ്രസ്താവന ഇറക്കി. ട്രംപിന് അത് പിടിച്ചില്ല

ട്രംപ് എന്ന ‘യേശു’, മാർപ്പാപ്പക്കെതിരെ
X

ട്രംപ് എന്ന ‘യേശു’, മാർപ്പാപ്പക്കെതിരെ

“ദൈവത്തിനുള്ളത് ദൈവത്തിന്, സീസർക്കുള്ളത് സീസർക്ക്”—മതം രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെതിരായ ഈ സൂക്തം നമ്മുടെ കാലത്ത് ട്രംപാണ് പ്രാവർത്തികമാക്കുന്നത്. പോപ്പിനുള്ളത് പോപ്പിന്; ട്രംപിനുള്ളത് ട്രംപിന്. മാർപാപ്പ ട്രംപിനെ ഒന്ന് തിരുത്താൻ നോക്കി. ഇപ്പോഴത്തെ മാർപ്പാപ്പ (ലിയോ പതിനാലാമൻ) അമേരിക്കകാരനാണ്. ഇറാനുമായുള്ള യുദ്ധം നിർത്താൻ ട്രംപ് നോക്കുന്നു എന്നറിഞ്ഞ പാപ്പ, യുദ്ധം നിർത്തുന്നതുതന്നെ നല്ലത് എന്ന നിലക്ക് ഒരു പ്രസ്താവന ഇറക്കി. ട്രംപിന് അത് പിടിച്ചില്ല. യുദ്ധം നിർത്തുന്നതിനെപ്പറ്റി പറയാൻ പോപ്പ് ആര്? അത് എന്‍റെ അധികാരം—ട്രംപ് കടുപ്പിച്ചു. ഇറാനു നേരെയുള്ള ഭീഷണിയും കടുപ്പിച്ചു. “ഇന്ന് രാത്രിയോടെ ഒരു നാഗരികത ചത്തൊടുങ്ങാൻ പോകുന്നു” എന്ന് ഒറ്റ പ്രഖ്യാപനം. മാർപാപ്പ കേൾക്കാൻ വേണ്ടിയാവണം, ദൈവം തന്‍റെ പക്ഷത്താണെന്ന് കൂടി ട്രംപ് പറഞ്ഞു. റിപ്പോർട്ടർമാർ പോപ്പിന്‍റെ പ്രതികരണമാരാഞ്ഞു. അദ്ദേഹം പറഞ്ഞു: “യുദ്ധം ദുരിതമാണ്; അത് നിയമത്തിന്‍റെയും ഭരണത്തിന്‍റെയും മാത്രം വിഷയമല്ല; ധാർമികതയുടെ കൂടി വിഷയമാണ്.” ട്രംപിന് കലികയറി. “ഈ പോപ്പിനെ എനിക്കിഷ്ടമല്ല; ഇറാന്‍റെ ആണവായുധം അദ്ദേഹത്തിന് പ്രശ്നമല്ല” എന്നൊക്കെയായി ആക്ഷേപം.

ദൈവം സമാധാനപ്രിയരെയാണ് ഇഷ്ടപ്പെടുന്നതെന്ന് പോപ്പ് മറുപടിക്കുറിപ്പ് പോസ്റ്റ് ചെയ്തു. ട്രംപിന്‍റെ മറുകുറിപ്പ് ഉടനെ വന്നു. വളരെ നീണ്ട ഒരു പോസ്റ്റ്: കുറ്റകൃത്യങ്ങളോട് ഈ പോപ്പിന് മൃദുല സമീപനമാണ്, അയാളുടെ സഹോദരനാണ് ഭേദം, കാരണം ആ സഹോദരൻ ഞങ്ങളുടെ പാർട്ടിക്കാരനാണ് എന്നും മറ്റും. പോപ്പ് പറഞ്ഞു: തർക്കിക്കാൻ ഞാനില്ല; പക്ഷെ ഇവിടെ ചിലരെപ്പോലെ, യുദ്ധത്തിനുവേണ്ടി വേദവാക്യത്തെ ദുരുപയോഗിക്കുന്നതൊന്നും ശരിയല്ല.

ട്രംപിന്‍റെ പോസ്റ്റ് വീണ്ടും: "ഇറാൻ എത്ര നാട്ടുകാരെ കൊന്നിട്ടുണ്ടെന്ന് ആരെങ്കിലും ഈ പോപ്പിനൊന്ന് പറഞ്ഞു കൊടുക്കുമോ?"

രാഷ്ട്രീയത്തിൽ പോപ്പിന് ഇടപെടാമെങ്കിൽ കത്തോലിക്കാ സഭയിൽ ട്രംപിനും ഇടപെട്ടുകൂടേ എന്ന് അദ്ദേഹം ചിന്തിച്ചു കാണണം. ട്രംപ് അത് തന്നെ ചെയ്തു; സ്വയം അവതാരമായി—മാർപാപ്പ ആയിട്ടല്ല, യേശുക്രിസ്തു ആയിട്ട്. ട്രംപിനെ യേശുവായി കാണിക്കുന്ന എ.ഐ ചിത്രം ട്രംപ് തന്നെ പോസ്റ്റ് ചെയ്തു.

ബഹളമായപ്പോൾ ട്രംപ് വിശദീകരണവുമായി വന്നു. എന്നെ ചിത്രത്തിൽ കാണിച്ചിട്ടുള്ളത് യേശു ആയിട്ടല്ല, ഒരു ഡോക്ടറായിട്ടാണ്; ഞാൻ അതിൽ ഡോക്ടറാണ് കൂടെയുള്ളവർ റെഡ് ക്രോസ് പ്രവർത്തകരും.

പല രാഷ്ട്ര നേതാക്കളെയും പോലെ ട്രംപിനും, കുറച്ചുകാലമായി താനൊരു ദിവ്യാവതാരമാണെന്ന ചിന്തയുണ്ട്. മുൻപൊരിക്കൽ അദ്ദേഹം മാർപാപ്പയുടെ വേഷത്തിൽ സ്വന്തംചിത്രം ഇറക്കിയിരുന്നു.

വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസ് ട്രംപിന് പിന്തുണയുമായെത്തി. ട്രംപിന്‍റെ യേശുപ്പടം വെറും തമാശ മാത്രം എന്ന് പറഞ്ഞ് ന്യായീകരിച്ചു.

ട്രംപിന്‍റെ ചിത്തഭ്രമവും ജല്പനങ്ങളും ഇത്തരം ഗൗരവപ്പെട്ട വിഷയത്തിലേക്ക് കൂടി ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. സീസർക്കുള്ളത് സീസർക്ക് എന്ന് പറയുമ്പോൾ, രാഷ്ട്രീയത്തിൽ ധാർമികതയുടെ സ്ഥാനം എവിടെയാണ്? യുദ്ധത്തിനെതിരെ പറയാൻ മതത്തിന് അവകാശമില്ലേ? രാഷ്ട്രീയത്തിന് പുറത്താണോ ധാർമികതയുടെ ഇടം?

വെറുമൊരു വാഗ്പോരിനപ്പുറം, കൂടുതൽ വിശാലാടിസ്ഥാനത്തിൽ മാർപാപ്പയുടെ യുദ്ധവിരുദ്ധ നിലപാട് പരിശോധിച്ച മാധ്യമങ്ങളുണ്ട്.

രാഷ്ട്രീയമാകട്ടെ, മതമാകട്ടെ, നന്മയിലും നീതിയിലും നിലനിൽക്കുന്നതാണെങ്കിൽ ലോകത്തിന് ക്ഷേമം നൽകും; മറിച്ചാണെങ്കിൽ നാശവും. ആ പാഠം ലോകത്തിന് പകരാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞില്ലെന്ന് തോന്നുന്നു.

ഇസ്രായേലിനെ ചൊടിപ്പിച്ച മുഖചിത്രം

വാക്കുകളാണ് മാധ്യമങ്ങളുടെ ഭാഷ. അച്ചടിയായാലും പ്രക്ഷേപണമായാലും സംപ്രേഷണമായാലും വാക്കുകൾ തന്നെ മുഖ്യം. എന്നാൽ ആശയ വിനിമയരംഗത്ത് പുതിയ ഉപായമായി ഇമേജുകൾ അഥവാ ബിംബങ്ങൾ, പ്രതീകാത്മക ചിത്രങ്ങൾ, വ്യാപകമായിത്തുടങ്ങി.

കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായ ഒരു ചിത്രമിതാ. ഫലസ്തീൻ വെസ്റ്റ് ബാങ്കിൽ നിന്നുള്ള ഒരു ദൃശ്യം. ഇറ്റലിയിലെ പ്രശസ്ത വാരികയായ ലേസ്പ്രസോ (L’Espresso, 2026 ഏപ്രിൽ 10) യുടെ കവർ സ്റ്റോറിയും അതിന്‍റെ മുഖചിത്രവും വൻപ്രചാരം നേടി.

L’Espresso, കവർ ചിത്രം (2026 ഏപ്രിൽ 10)

ഇസ്രായേലിൽ കുടിയേറ്റക്കാർ നടത്തുന്ന കയ്യേറ്റങ്ങളും ഫലസ്തീൻകാരുടെ ദുരിതവും പ്രതിഫലിപ്പിക്കുന്ന ഈ ചിത്രം കോളിളക്കമുണ്ടാക്കി ഇറ്റലിയിലെ ഇസ്രായേലി അംബാസഡർ ഇതിനെതിരെ രംഗത്തുവന്നു. ഇത് വ്യാജ ചിത്രമാണെന്ന് ആരോപിച്ചു. വാരിക അത് നിഷേധിച്ചു. ഫോട്ടോയുടെ അസ്സൽ കോപ്പി പുറത്തുവിട്ടു—ഒപ്പം, ആ ചിത്രം എടുത്ത സന്ദർഭത്തിന്‍റെ വീഡിയോയും. 2025 ഒക്ടോബർ 25ന്, വെസ്റ്റ് ബാങ്കിലെ ഹെബ്രോണിലാണ് സംഭവം. ഒലീവ് വിളവെടുപ്പ് സീസണാണ്. സ്വന്തം തോട്ടങ്ങളിൽ വിളവെടുക്കുന്ന നാട്ടുകാരെ ആയുധധാരികളായ കുടിയേറ്റക്കാരും സൈനികരും ആട്ടിയോടിക്കുന്നു.

ലേസ്പ്രസോ വാരിക പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ്: “ഗസ്സ നിങ്ങൾ നശിപ്പിച്ചു, ലബനാനിൽ അതിക്രമം; സിറിയയിൽ അതിക്രമം, ഇറാനോട് യുദ്ധം, വംശഹത്യ; വിശാല ഇസ്രായേലിനു വേണ്ടിയുള്ള പാതകങ്ങൾ…ഇതൊക്കെയാണ് ആ ചിത്രം ആവാഹിച്ച ചരിത്ര സന്ദർഭം.”

വർത്തമാനകാലത്തെ ഏറ്റവും മികച്ച വാർത്താ ചിത്രങ്ങളിലൊന്നാണ് ഈ കവർചിത്രം. ഇറ്റാലിയൻ ഫൊട്ടോഗ്രഫർ പിയത്രോ മസ്തുർസോയുടെ ഡോക്യുമെന്‍ററി പ്രോജക്ടിന്‍റെ ഭാഗമാണിത്. കുടിയേറ്റ ഭീകരതയുടെ, അധിനിവേശ ഭീകരതയുടെ, വംശഹത്യയുടെ, പല ചിഹ്നങ്ങളിൽ ഒന്ന്. ഏത് നെടുങ്കൻ വാദങ്ങളെക്കാളും വാചാലമാണ് ഈ ഇമേജുകൾ. അവ ഭാഷക്കതീതമായി, മനുഷ്യഹൃദയത്തോട് നേരിട്ട് സംസാരിക്കുന്നു.

വാക്കുകൾ ആവശ്യമില്ലാത്ത, ഭാഷയുടെ തടസ്സങ്ങളില്ലാത്ത, ഒരു ദൃശ്യഭാഷയും ചിഹ്നഭാഷയും മാധ്യമരംഗത്തേക്ക് കടന്നെത്തിയിരിക്കുന്നു. ഭാഷ തന്നെ ചിഹ്നങ്ങളിലേക്ക് വികസിക്കുകയാണ്.

നിതിൻ രാജുമാർ മരിച്ചാലേ ജാതിവെറി വാർത്തയാകൂ

ഇക്കൊല്ലത്തെ അംബേദ്കർ ജയന്തിയുടെ വാരത്തിൽ നമ്മൾ കേട്ടത്, അംബേദ്കർ ഏത് ജാതിവെറിക്കെതിരെ പോരാടിയോ, അതേ ജാതിവെറി മൂലം പ്രബുദ്ധ കേരളത്തിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത വാർത്തകളാണ്.

ദിവസങ്ങളോളം വാർത്തയായും ചർച്ചയായും മാധ്യമങ്ങളിൽ ഇത് നിറയുമ്പോഴും ഒരു കാര്യം ബാക്കിയാണ്: കേരളത്തിലും ജാതിവെറിയുടെ ആദ്യ ഇരയല്ല നിതിൻ. പൊതുമണ്ഡലം വിഷയം ശ്രദ്ധിക്കണമെങ്കിൽ ജീവൻ കൊടുക്കേണ്ടി വരുന്നു എന്നത് മാധ്യമ സാന്നിധ്യം നന്നായുള്ള കേരളത്തിന് എത്ര വലിയ ദുരന്തമാണ്!

നിതിൻ രാജ്

പ്രശ്നം വേരിനാണ്. നമ്മുടെ നാട്ടിൽ രാഷ്ട്രീയ ആധിപത്യം വരെ കയ്യിലൊതുക്കിയ ശക്തികൾ ജാതീയതയുടെ ഗുണഭോക്താക്കളാണ്; പ്രയോക്താക്കളുമാണ്. അംബേദ്കർ ജയന്തികൾ ആഘോഷിച്ചു കൊണ്ട് തന്നെ രോഹിത് വെമുലയുടെയും നിതിൻ രാജിന്‍റെയും ജീവൻ കവരാൻമാത്രം സാമർത്ഥ്യം നാം ആർജിച്ചിരിക്കുന്നു.

ഹംഗറിയിൽ സ്വതന്ത്ര മാധ്യമങ്ങൾ ജയിച്ചു

യൂറോപ്പിലെ പ്രധാനപ്പെട്ട ഒരു രാജ്യം—ഹംഗറി—16 വർഷത്തെ ഫാഷിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ചിരിക്കുന്നു. വിക്ടർ ഓർബൻ എന്ന സ്വേച്ഛാധിപതി തോറ്റു. പകരം പീറ്റർ മജാർ ഈയാഴ്ച സ്ഥാനമേൽക്കുന്നു. തെരഞ്ഞെടുപ്പിൽ ജയിച്ച ഉടനെ മജാർ ഒരു വാർത്താചാനലിലേക്ക് ചെന്നു.

പീറ്റർ മജാറും വിക്ടർ ഓർബനും

ഒർബാന്‍റെ കാലത്ത് സർക്കാറിന് വേണ്ടി ദാസ്യപ്പണി ചെയ്ത അനേകം മാധ്യമങ്ങളിൽ ഒന്നാണ് ടി.വി.എം.വൺ എന്ന ഈ ചാനൽ. ഇപ്പോൾ മജാർ അവിടെ ഇരുന്നു പ്രഖ്യാപിക്കുന്നു, “ഈ നുണ ഫാക്ടറി അടച്ചുപൂട്ടുകയാണ്” എന്ന്. തീർത്തും സ്വതന്ത്രമായ ചാനൽ ആക്കിയ ശേഷം പുനരാരംഭിക്കും.

ഹംഗറിയിൽ ഗോദി മീഡിയയുടെ കാലം കഴിഞ്ഞു. അവിടെ ജനാധിപത്യത്തെ വീണ്ടെടുക്കുന്നതിൽ ഏതാനും സർക്കാർ വിരുദ്ധ സ്വതന്ത്ര മാധ്യമങ്ങൾ വലിയ പങ്കാണ് വഹിച്ചത്. ഇത്രയൊക്കെ കേന്ദ്രീകൃതവും വർഗീയവുമായ ഭരണസംവിധാനം ഉണ്ടായിട്ടും ജനാധിപത്യം ഹംഗറിയിൽ തിരിച്ചുവന്നത് ചെറിയ കാര്യമല്ല. അതിൽ സ്വതന്ത്ര മാധ്യമങ്ങളുടെ പങ്ക് നിസ്സാരവുമല്ല.

TAGS :