Quantcast
MediaOne Logo

മീനു മാത്യു

Published: 6 Jun 2023 8:18 AM GMT

ആരാണ് ഭരണകൂടം ഭയക്കുന്ന ഈ ഫയല്‍വാന്‍ ബ്രിജ് ഭൂഷണ്‍ സിങ്?

ഒരു വിരല്‍ പോലും അനക്കാന്‍ ഭരണകൂടം തയ്യാറാകാത്ത, പരമോന്നത കോടതി ഇടപെടുമ്പോഴും ഒന്നു ചോദ്യം ചെയ്യാന്‍ പോലും പൊലീസ് ഭയപ്പെടുന്ന ഈ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് യഥാര്‍ഥത്തില്‍ ആരാണ്?

ആരാണ് ബ്രിജ് ഭൂഷണ്‍ സിങ്
X

''I have committed a murder in the past. Let people say what they want...

I did commit a murder.' (The Lallantop-2022)

'ഞാന്‍, മുമ്പ് ഒരു കൊലപാതകം നടത്തിയിട്ടുണ്ട്...

ആളുകള്‍ എന്തുവേണമെങ്കിലും പറയട്ടെ...

ഞാനൊരു കൊലപാതകം നടത്തിയിട്ടുണ്ട്.'

(ലല്ലാന്‍ടോപ്പ് - 2022)

'ഇത് കോടതിയാല്‍ ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയുടെ കുറ്റസമ്മതമല്ല, മറിച്ച് ബി.ജെ.പി നേതാവും ആറ് തവണ ലോക്‌സഭാ എം.പി.യുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് നടത്തിയ ധീരമായ പ്രഖ്യാപനമാണ്'', ലല്ലാന്‍ടോപ്പ് 2022 ല്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയെ ദി വയര്‍ വിലയിരുത്തുന്നത് ഇപ്രകാരമാണ്.

ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റ് കൂടിയായ ബ്രിജ് ഭൂഷനെതിരെ ദേശീയ താരങ്ങളടക്കം അതീവഗൗരവ സ്വഭാവമുള്ള ആരോപണങ്ങളാണ് ഇന്ന് ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. വനിതാ ഗുസ്തി താരങ്ങള്‍ അയാളുടെ പക്കല്‍ നിന്നും നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള അടിയന്തര നടപടിയാവശ്യപ്പെട്ടുള്ള താരങ്ങളുടെ സമരം ഇനിയും ഡല്‍ഹിയുടെ തെരുവുകളില്‍ പൂര്‍ണ്ണമായും കെട്ടടങ്ങിയിട്ടില്ല.

മുന്‍ വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാവ് അശോക് സിംഗാളുമായി അടുത്ത ബന്ധം അയോധ്യയിലെ പഠനകാലത്ത് തന്നെ സിങ് കാത്തുസൂക്ഷിച്ചിരുന്നു. ഈ കാലത്താണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേയ്ക്കും ആയാള്‍ ചുവടു വയ്ക്കാന്‍ ആരംഭിക്കുന്നത്. രാമജന്മഭൂമി വിഷയത്തില്‍ സ്വതവേ കലുഷിതമായിരുന്ന ആ കാലഘട്ടത്തില്‍ അയോധ്യയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ബ്രിജ് ഭൂഷന് ഉണ്ടായിരുന്ന മികച്ച ജനസമ്മിതിയാണ് പിന്നീട് ബി.ജെ.പിയെ അയാളിലേക്ക് ആകര്‍ഷിക്കുന്നത്.

പീഡന പരാതികള്‍ വരെ ഉയര്‍ന്നിട്ടു പോലും, സമരക്കാരെ ബലം പ്രയോഗത്തിലൂടെ അടിച്ചമര്‍ത്താനല്ലാതെ ബ്രിജ് ഭൂഷനെത്തിരെ നടപടിയെടുക്കാനോ അറസ്റ്റ് ചെയ്യാനോ, രാജ്യത്തെ വരിഞ്ഞു മുറുക്കിയിരിക്കുന്ന ഹിന്ദുത്വ വിഷപ്പാമ്പുകള്‍ ഇതുവരെ തയ്യാറായിട്ടില്ല.

മോദി പറഞ്ഞാല്‍ താന്‍ സ്ഥാനമൊഴിയാം എന്നതാണ് അയാളുടെ ധാര്‍ഷ്ട്യം. കാരണം, മോദി അത് പറയില്ല എന്നത് അയാളുടെ വിശ്വാസം മാത്രമല്ല, ബി.ജെ.പിയും അവര്‍ കയ്യടക്കി വച്ചിരിക്കുന്ന അധികാരക്കരുത്തും അയാള്‍ക്ക് നല്‍കിയ ഉറപ്പുകൂടിയാണ്. അത്തരത്തില്‍, എതിരെ ഒരു വിരല്‍ പോലും അനക്കാന്‍ ഭരണകൂടം തയ്യാറാകാത്ത, പരമോന്നത കോടതി ഇടപെടുമ്പോഴും ഒന്നു ചോദ്യം ചെയ്യാന്‍ പോലും പൊലീസ് ഭയപ്പെടുന്ന ഈ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് യഥാര്‍ഥത്തില്‍ ആരാണ്?


1957 ജനുവരി 8 ന് ഉത്തര്‍ പ്രദേശിലെ ഗോണ്ടയിലെ ഒരു രജപുത്ര കുടുംബത്തില്‍ ജഗദംബ ശരണ്‍ സിങ്ങിന്റെയും പ്യാരി ദേവി സിങ്ങിന്റെയും മകനായി ജനനം. അയോധ്യയിലെ സാകേത് പി.ജി കോളജില്‍ നിന്ന് നിയമബിരുദം നേടി. 1981 ല്‍ കേത്കി ദേവി സിങ്ങിനെ വിവാഹം കഴിച്ചു. ആറ് തവണ പാര്‍ലമെന്റ് അംഗമായ ബ്രിജ് ഭൂഷണ്‍ സിംഗ് ഗുസ്തി താരംകൂടിയാണ്. നിലവില്‍ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റ്. എന്നാല്‍, അറുപത്തി ഒന്ന് വയസില്‍ എത്തി നില്‍ക്കുന്ന, ജീവിതത്തിന്റെ ഏറിയ പങ്കും ബി.ജെ.പി രാഷ്ട്രീയത്തില്‍ ചിലവഴിച്ച, ഉത്തര്‍പ്രദേശിലെ ജനസമ്മതനായ നേതാവിന്റെ കഥ വേറെയാണ്.

സംഘ്പരിവാറുമായുള്ള സിങിന്റെ ബന്ധം ബി.ജെ.പിയില്‍ ചേരുന്നതിനും മുന്‍പേയുള്ളതാണ്. മുന്‍ വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) നേതാവ് അശോക് സിംഗാളുമായി അടുത്ത ബന്ധം അയോധ്യയിലെ പഠനകാലത്ത് തന്നെ സിങ് കാത്തുസൂക്ഷിച്ചിരുന്നു. ഈ കാലത്താണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേയ്ക്കും ആയാള്‍ ചുവടു വയ്ക്കാന്‍ ആരംഭിക്കുന്നത്. രാമജന്മഭൂമി വിഷയത്തില്‍ സ്വതവേ കലുഷിതമായിരുന്ന ആ കാലഘട്ടത്തില്‍ അയോധ്യയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ബ്രിജ് ഭൂഷന് ഉണ്ടായിരുന്ന മികച്ച ജനസമ്മിതിയാണ് പിന്നീട് ബി.ജെ.പിയെ അയാളിലേക്ക് ആകര്‍ഷിക്കുന്നത്.

'1980 കളില്‍ ഉത്തര്‍പ്രദിശിലെ മോട്ടോര്‍ സൈക്കിള്‍, ബൈക്ക് മോഷണം, അനധികൃത മദ്യശാലകള്‍ നടത്തുക തുടങ്ങി നിരവധി കുറ്റകൃത്യങ്ങളില്‍ ബ്രിജ് ഭൂഷണ്‍ പങ്കാളിയായിരുന്നു. ക്ഷേത്രക്കുളങ്ങളിലേക്ക് ഭക്തര്‍ എറിയുന്ന നാണയങ്ങള്‍ മോഷ്ടിക്കാന്‍ വരെ അയാള്‍ മുതിര്‍ന്നിരുന്നു. ചെറിയ ആണ്‍കുട്ടികളെ ഉപയോഗിച്ചായിരുന്നു ഈ മോഷണങ്ങള്‍.

1991 ല്‍ ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഉത്തര്‍പ്രദേശിലെ തന്റെ സ്വന്തം നിയോജക മണ്ഡലമായ ഗോണ്ടയില്‍ നിന്നും വിജയിച്ച്, ബ്രിജ് ഭൂഷന് രാജ്യത്തിന്റെ പത്താം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1992 ഡിസംബര്‍ 6 ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ ക്ഷേത്രനഗരത്തില്‍ അയാളുടെ സാനിദ്ധ്യവും ഉണ്ടായിരുന്നു.

മസ്ജിദ് തകര്‍ത്ത കേസില്‍ മറ്റ് മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, മുന്‍ മുഖ്യമന്ത്രി കല്യാണ് സിംഗ് എന്നിങ്ങനെ 39 പേര്‍ക്കൊപ്പം പ്രധാന പ്രതിയായി സി.ബി.ഐ ബ്രിജ് ഭുഷനെയും അറസ്റ്റു ചെയ്തിരുന്നു. പിന്നീട് 2020 ല്‍ ഇദ്ദേഹം ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കുകയാണുണ്ടായത്.


2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, 'സ്‌ക്രോള്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, '1980 കളില്‍ ഉത്തര്‍പ്രദിശിലെ മോട്ടോര്‍ സൈക്കിള്‍, ബൈക്ക് മോഷണം, അനധികൃത മദ്യശാലകള്‍ നടത്തുക തുടങ്ങി നിരവധി കുറ്റകൃത്യങ്ങളില്‍ ബ്രിജ് ഭൂഷണ്‍ പങ്കാളിയായിരുന്നു. ക്ഷേത്രക്കുളങ്ങളിലേക്ക് ഭക്തര്‍ എറിയുന്ന നാണയങ്ങള്‍ മോഷ്ടിക്കാന്‍ വരെ അയാള്‍ മുതിര്‍ന്നിരുന്നു. ചെറിയ ആണ്‍കുട്ടികളെ ഉപയോഗിച്ചായിരുന്നു ഈ മോഷണങ്ങള്‍. യു.പിയിലെ സമാജ് വാദി പാര്‍ട്ടി മന്ത്രിസഭയിലെ മുന്‍ മന്ത്രിയായ വിനോദ് കുമാര്‍ സിങ് എന്ന പണ്ഡിറ്റ് സിങ് ഈ പ്രവര്‍ത്തനങ്ങളിലെല്ലാം അയാളുടെ കൂട്ടാളിയായിരുന്നു'. എന്നാല്‍, പിന്നീട് ബ്രിജ് ഭൂഷണും പണ്ഡിറ്റ് സിംഗും ശത്രുക്കളായി മാറുകയാണുണ്ടായത്.

1993 ല്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളികള്‍ക്ക് അഭയം നല്‍കിയതിന് തീവ്രവാദ വിരുദ്ധ നിയമം-ടാഡ-പ്രകാരം ബ്രിജ് ഭൂഷണ്‍ തീഹാര്‍ ജയിലില്‍ അടക്കപ്പെട്ടു. 'ധൈര്യം കാണിക്കണം, ജീവപര്യന്തം തടവില്‍ കഴിഞ്ഞ സവര്‍ക്കര്‍ജീയെ ഓര്‍ക്കണം' - ജയിലില്‍ കഴിയവെ വാജ്‌പേയി ബ്രിജ് ഭൂഷണെഴുതിയ കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു.

പതിനാറാം പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക് തിരികെ എത്തുന്നത്. നിലവില്‍ പതിനേഴാം ലോക്‌സഭയിലെ ബി.ജെ.പിയുടെ അംഗമായ ബ്രിജ് ഭൂഷന്റെ മകനും - പ്രതീക് ഭൂഷന്‍ സിങ്- ഗോണ്ട സദര്‍ സീറ്റില്‍ നിന്നും എം.എല്‍.എയാണ്.

ബ്രിജ് ഭൂഷണെതിരെ ഇക്കാലത്ത് ഐ.പി.സി സെക്ഷന്‍ 307 (കൊലപാതക ശ്രമം), 147 (ശല്യം സൃഷ്ടിക്കല്‍), 148 (മാരകായുധം കൈവശം വയ്ക്കല്‍), 149 (നിയമവിരുദ്ധ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക), എന്നീ വകുപ്പുകള്‍ പ്രകാരം കേസുകളും നിലനിന്നിരുന്നു. എന്നാല്‍, പിന്നീട് തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ച് കേസുകളില്‍ കോടതി ഇയാളെ വെറുതെ വിടുകയാണുണ്ടായത്.

1996 ല്‍ ഇപ്രകാരം ജയിലില്‍ കഴിയവേ, പ്രതിഫലമെന്നോണം, ബി.ജെ.പി, ബ്രിജ് ഭൂഷന്റെ ഭാര്യ കേത്കി സിങ്ങിന് ലോക്‌സഭാ ഇലക്ഷനില്‍ സീറ്റ് നല്‍കുകയും അവര്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. ജയില്‍ മോചിതനായ ബ്രിജ് ഭൂഷണ്‍ 1999 ല്‍ ഗൊണ്ടയില്‍ നിന്ന് പതിമൂന്നാം ലോക്‌സഭയിലേക്കും 2004 ല്‍ ബല്‍റാംപൂര്‍ (ഉത്തര്‍പ്രദേശ്) നിയോജകമണ്ഡലത്തില്‍ നിന്നും പതിനാലാം ലോക്‌സഭയിലേക്കും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.


2004 ല്‍ അദ്ദേഹത്തിന്റെ ഇരുപത്തി രണ്ടു വയസുകാരനായ മൂത്ത മകന്‍ ശക്തി സിങ് ആത്മഹത്യ ചെയ്തു. 'നിങ്ങള്‍ എന്നെയോ എന്റെ സഹോദരങ്ങങ്ങളെയോ സ്‌നേഹിക്കുകയോ പരിപാലിക്കുകയോ ചെയ്തില്ല. സ്വന്തം കാര്യത്തെ കുറിച്ച് മാത്രം ചിന്തിച്ച് നിങ്ങള്‍ ഞങ്ങളുടെ ഭാവി ഇരുട്ടിലാക്കുക മാത്രമാണ് ചെയ്തത്.' ഈ കാരണത്താല്‍ ഇനി ജീവിക്കുന്നതില്‍ അര്‍ഥമില്ല എന്നായിരുന്നു ശക്തി സിങ് ആത്മഹത്യ കത്തില്‍ കുറിച്ചത്.

2008 ലെ ലോക്‌സഭാ വിശ്വാസ വോട്ടെടുപ്പിനിടെ പാര്‍ലമെന്റില്‍ ക്രോസ് വോട്ട് ചെയ്തതിന് ബി.ജെ.പി ബ്രിജ് ഭൂഷനെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് 2008 ജൂലൈ 20 ന് അദ്ദേഹം സമാജ്‌വാദി പാര്‍ട്ടിയില്‍ അംഗമാവുകയും 2009 ല്‍ ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ച് നിയോജകമണ്ഡലത്തില്‍ നിന്ന് പതിനഞ്ചാം ലോക്‌സഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2011 മുതല്‍ ദേശീയ ഗുസ്തി ഫെഡറേഷനില്‍ അംഗമാണ്. പതിനാറാം പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹം ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക് തിരികെ എത്തുന്നത്. നിലവില്‍ പതിനേഴാം ലോക്‌സഭയിലെ ബി.ജെ.പിയുടെ അംഗമായ ബ്രിജ് ഭൂഷന്റെ മകനും - പ്രതീക് ഭൂഷന്‍ സിങ് - ഗോണ്ട സദര്‍ സീറ്റില്‍ നിന്നും എം.എല്‍.എയാണ്.

2019 ല്‍ റസ്‌ലേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റായ ശേഷം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍, ഗുസ്തി താരങ്ങളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ശക്തരാണെന്നും അവരെ നിയന്ത്രിക്കാന്‍ ശക്തനായ തനിക്കേ കഴിയൂ എന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞത് വിവാദമായിരുന്നു. ഇതിനു പിന്നാലെ, 2021 ല്‍ റാഞ്ചിയില്‍ നടന്ന ജൂനിയര്‍ ലെവല്‍ ഗുസ്തി ടൂര്‍ണമെന്റിനിടെ സ്റ്റേജില്‍ വച്ച് ഒരു ഗുസ്തിതാരത്തെ അടിക്കാന്‍ ശ്രമിച്ചത് വീണ്ടും വിവാദങ്ങള്‍ക്ക് വഴിവച്ചു.

നിരവധി വിവാദങ്ങള്‍ക്കു വിധേയപ്പെടേണ്ടി വന്ന സ്വന്തം രാഷ്ട്രീയ ജീവിതത്തിനിടയിലും ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ശ്രദ്ധേയമായ സാനിദ്ധ്യം അറിയിക്കാന്‍ ബ്രിജ് ഭൂഷണു സാധിച്ചിട്ടുണ്ട്. അയോദ്ധ്യാ മൂവ്‌മെന്റിനും എല്‍.കെ അദ്വാനിയുടെ രഥയാത്രയ്ക്കും മുന്നില്‍ നിന്നു ചുക്കാന്‍ പിടിച്ച അയാള്‍ ബി.ജെ.പി ക്കു സ്വാധീനമില്ലാത്ത കാലത്തു പോലും ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ ഒറ്റയാള്‍ പട്ടാളമായിരുന്നു.

ബ്രിജ് ഭൂഷണ്‍, വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും, അതിനാല്‍ ഫെഡറേഷന്‍ പിരിച്ചുവിടുകയും അയാളെ അറസ്റ്റു ചെയ്യുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട്, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പൂനിയ എന്നീ അന്താരാഷ്ട്ര ഗുസ്തി താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ 2023 ജനുവരിയിലാണ് പ്രത്യക്ഷ സമരവുമായി രംഗത്ത് എത്തുന്നത്.

ഏപ്രില്‍ 28 ന് സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് ബ്രിജ് ഭൂഷനും ഡബ്ല്യു.എഫ്.ഐ സെക്രട്ടറി വിനോദ് തോമറിനും എതിരെ രണ്ട് എഫ്.ഐ ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതില്‍ ഒന്നാമത്തേത് പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ കുറ്റങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന പോക്‌സോ നിയമപ്രകാരമുള്ളതും, രണ്ടാമത്തേത് പ്രായപൂര്‍ത്തിയായ ഏതാനും വനിതാ ഗുസ്തിക്കാരുടെ പരാതിയില്‍ സമാനമായ അടിസ്ഥാനത്തില്‍ തന്നെ ഫയല്‍ ചെയ്തിട്ടുള്ളതുമാണ്.


മോഷണം, ക്രിമിനല്‍ ഭീഷണി, കൊലപാതകം, കൊലപാതക ശ്രമം, കലാപം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുള്‍പ്പെടെ 38 കേസുകളാണ് നാളിതുവരെ ബ്രിജ് ഭൂഷണെതിരെ ചുമത്തിയിട്ടുള്ളതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നിരുന്നാലും ആറു തവണ എം.പി ആയി തെരഞ്ഞെടുക്കപ്പെട്ട ബ്രിജ് ഭുഷന്റെ ജന പിന്തുണ ഈ കേസുകളെ ഒന്നും മറികടക്കാന്‍ പര്യാപ്തമല്ലെന്ന് വ്യക്തം. നിരവധി വിവാദങ്ങള്‍ക്കു വിധേയപ്പെടേണ്ടി വന്ന സ്വന്തം രാഷ്ട്രീയ ജീവിതത്തിനിടയിലും ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ശ്രദ്ധേയമായ സാനിദ്ധ്യം അറിയിക്കാന്‍ ബ്രിജ് ഭൂഷണു സാധിച്ചിട്ടുണ്ട്. അയോദ്ധ്യാ മൂവ്‌മെന്റിനും എല്‍.കെ അദ്വാനിയുടെ രഥയാത്രയ്ക്കും മുന്നില്‍ നിന്നു ചുക്കാന്‍ പിടിച്ച അയാള്‍ ബി.ജെ.പി ക്കു സ്വാധീനമില്ലാത്ത കാലത്തു പോലും ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ ഒറ്റയാള്‍ പട്ടാളമായിരുന്നു.

അയോധ്യ മുതല്‍ ശ്രാവസ്തി വരെ അന്‍പതോളം വിദ്യാഭ്യാസ സ്ഥാപനശൃംഗലകളുടെ ഉടമകൂടിയായ ബ്രിജ് ഭൂഷണ്, സ്വന്തം പാര്‍ട്ടി നേതൃത്വത്തെ ഒരിക്കലും ഒരിടത്തും ലവലേശം പേടിക്കേണ്ടതായി വന്നിട്ടില്ല. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ഭരണത്തെ പ്രത്യക്ഷമായ് വിമര്‍ശിക്കാന്‍ കെല്‍പ്പുള്ള മറ്റൊരു ബി.ജെ.പി നേതാവില്ല.

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ യോഗി ആദിത്യനാഥിനോ അദ്ദേഹത്തിന്റെ സര്‍ക്കാരിനോ കഴിഞ്ഞില്ലെന്ന് ബ്രിജ് ഭൂഷണ്‍ തുറന്നു പറഞ്ഞിട്ടുണ്ട്. യു.പിയിലെ ബി.ജെ.പിയുടെ പ്രധാന ശത്രുവായ സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാനെ 'ജനങ്ങളുടെ നേതാവ്' എന്ന് ഒരു ഘട്ടത്തില്‍ വിളിച്ച് പ്രശംസിച്ചതും അയാള്‍ തന്നെ.

ഈ ബ്രിജ് ഭൂഷനെ എന്തുകൊണ്ട് മോദിയും അനുയായികളും ഇത്രയധികം ഭയപ്പെടുന്നു എന്നതില്‍ സംശയത്തിന്റെ ആവശ്യം ഇല്ല. കാരണം, സ്വന്തം ജില്ലയായ ഉത്തര്‍പ്രദേശിലെ ഗോണ്ടയിലും അടുത്തുള്ള അര ഡസനോളം ജില്ലകളിലും അയാള്‍ക്കുള്ള സ്വാധീനം വളരെ വലുതാണ്. തെരഞ്ഞെടുപ്പ് വാതില്‍ കടന്നു നില്‍ക്കെ, ഉത്തര്‍പ്രദേശിലെ ഏകദേശം അഞ്ചു മുതല്‍ പത്തു വരെ സീറ്റുകളിലെ വിധി ഒറ്റയ്ക്ക് നിര്‍ണ്ണയിക്കാന്‍ കെല്‍പ്പുള്ള ഒരു നേതാവിനെ പിണക്കുന്നത് ഒരു തരത്തിലും അനുയോജ്യം അല്ലെന്ന് മോദി സര്‍ക്കരിനറിയാം.

തന്റെ അനുയായിയെ കൊന്ന വ്യക്തിയെ താന്‍ വെടിവച്ചു കൊന്നിരുന്നുവെന്നും, അതാണു താന്‍ ജീവിതത്തില്‍ ആകെ ചെയ്ത നരഹത്യ എന്നും പൊതു മധ്യത്തില്‍ (ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തില്‍) വിളിച്ചു പറയാന്‍ അയാള്‍ക്ക് ധൈര്യം കിട്ടുന്നതും ഇതേ മോദി ഭരണകൂടത്തിന്റെ സുരക്ഷതയില്‍ നിന്ന് തന്നെ. അതിന്റെ പേരില്‍ പൊലീസ് നടപടികളോ വിചാരണയോ ഒന്നും ബ്രിജ് ഭൂഷണ്‍ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കൊലപാതക ശ്രമമടക്കം നാലു ക്രിമിനല്‍ കേസുകളില്‍ താന്‍ പ്രതിയാണെന്നാണ് അയാള്‍ ബോധിപ്പിച്ചിരിക്കുന്നത്!

ഗുസ്തി താരങ്ങളുടെ സമര പശ്ചാത്തലത്തില്‍ ബ്രിജ് ഭൂഷണെ പിന്തുണച്ച്, പോക്‌സോ നിയമം മാറ്റി എഴുതണമെന്നാവശ്യപ്പെട്ട് അയോധ്യയിലെ ഒരു കൂട്ടം ഹിന്ദു സന്യാസിമാര്‍ രംഗത്തെത്തിയിരുന്നു. ബ്രിജ് ഭൂഷണു പിന്തുണയുമായി ഇവരൊരു മഹാ റാലിയും പ്രഖ്യാപിച്ചിരുന്നു. ഇതൊരു മുന്നറിയിപ്പാണ്. തങ്ങളുടെ നേതാവിന് എതിരെയുള്ള നടപടിക്ക് എന്ത് വില നല്‍കേണ്ടി വരും എന്ന് കേന്ദ്ര നേതത്വത്തിന് ബോധ്യം നല്‍കുന്ന വലിയൊരു മുന്നറിയിപ്പ്.

ബ്രിജ് ഭൂഷനെ അനുകൂലിച്ച് ബി.ജെ.പി അയോധ്യയില്‍ നടത്താനിരുന്ന റാലി, ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം നിലവില്‍ മാറ്റി വച്ചിട്ടുണ്ട്. എന്നാല്‍, ജൂണ്‍ 15 ന് ഉത്തര്‍ പ്രദേശിലെ കൈസര്‍ഖഞ്ചില്‍ വച്ച് റാലി നടത്താനാണ് ബ്രിജ് ഭൂഷന്റെ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പായി തന്റെ സ്വധീനം ബി.ജെ.പി ദേശീയ നേതൃത്വത്തിനു ബോധ്യപ്പെടുത്തുക എന്നത് കൂടിയാണ് ഇതുവഴി ബ്രിജ് ഭൂഷന്റെ ലക്ഷ്യം.


'ശക്തന്‍' എന്ന് സ്വയം വിളിക്കപ്പെടാനാണ് അയാള്‍ ഇഷ്ടപ്പെടുന്നത്. ബി.ജെ.പിക്കാണ് അയാളെ ആവശ്യം. ബി.ജെ.പിയെ അയാള്‍ക്ക് ആവശ്യമില്ല.'' എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ഒരിക്കല്‍ ബ്രിജ് ഭൂഷനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് കൈപ്പേറിയ വാസ്തവവും.


TAGS :