Quantcast
MediaOne Logo

നയതന്ത്ര

Published: 21 July 2022 8:11 AM GMT

വിധിച്ചതും വധിച്ചതും

ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീകള്‍ ചിതയില്‍ ചാടി മരിക്കുന്ന പതിവ് സതിയെന്ന പേരില്‍ പണ്ട് നമ്മുടെ രാജ്യത്തുണ്ടായിരുന്നു. എന്നാല്‍, ഭര്‍ത്താവ് മരിച്ചാല്‍, ഭാര്യമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രീതി കണ്ട്, പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിലെ നേതാക്കള്‍ പോലും മൂക്കത്ത് വിരല്‍വെച്ചു. | പൊളിറ്റിക്കല്‍ പാര്‍ലര്‍

വിധിച്ചതും വധിച്ചതും
X
Listen to this Article

2012 മെയ് 4 വെള്ളിയാഴ്ച്ച രാത്രിയാണ് സഖാവ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ടി.പിയെ മാശാഅല്ലാഹ് എന്ന സ്റ്റിക്കറൊട്ടിച്ച ഒരു ഇന്നോവ കാര്‍ ഇടിച്ചു വീഴ്ത്തിയതിന് ശേഷമാണ് 51 വെട്ടുകള്‍ സമ്മാനിച്ചത്. മുഖം തിരച്ചറിയാന്‍ സാധിക്കാത്ത വിധം വികൃതമാക്കിയാണ് കൊലയാളികള്‍ പകയടക്കിയത്. കൊടി സുനിയടക്കമുള്ള പ്രത്യക്ഷ പ്രതികള്‍ പ്രഥമദൃഷ്ടിയിലും, പിന്നണിയിലുള്ള പാര്‍ട്ടി നേതാക്കള്‍ പിന്നീടും അറസ്റ്റിലായി. ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീകള്‍ ചിതയില്‍ ചാടി മരിക്കുന്ന പതിവ് സതിയെന്ന പേരില്‍ പണ്ട് നമ്മുടെ രാജ്യത്തുണ്ടായിരുന്നു. എന്നാല്‍, ഭര്‍ത്താവ് മരിച്ചാല്‍, ഭാര്യമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രീതി കണ്ട്, പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിലെ നേതാക്കള്‍ പോലും മൂക്കത്ത് വിരല്‍വെച്ചു.

വടകരയില്‍ രമയോട് മാത്രമല്ല തൃക്കാക്കരയില്‍ പി.ടി തോമസിന്റെ ഭാര്യ ഉമയോടും ചിലര്‍, സതിയും വിധിയും തമ്മിലുള്ള വ്യത്യാസം ചോദിച്ചിരുന്നു. വെളിവുള്ള വോട്ടര്‍മാര്‍ ഉമയേയും രമയേയും ജയിപ്പിച്ചു. ആയതിലുള്ള അരിശം തീരാണ്ടാണ് ഇപ്പോള്‍ രമയെ നിയമസഭയിലിട്ട് മുന്‍വൈദ്യുതി മന്ത്രിയായ മണി കരണ്ടടിപ്പിക്കുന്നത്. രമയെ മണി മഹതിയെന്ന് വിളിച്ചപ്പോള്‍ തന്നെ അപകടം മണത്തിരുന്നു. അടുത്ത വായില്‍ എന്നതാ വരുന്നതെന്ന് പ്രവചിക്കാന്‍ സാക്ഷാല്‍ ഈശ്വരന് പോലും കഴിയില്ല. മണി നാസ്തികനും കരളുറപ്പുള്ള കമ്യൂണിസ്റ്റുകാരനുമായതുകൊണ്ട്, അങ്ങിനെ പറയാന്‍ പാടില്ലെന്ന് നയതന്ത്രക്കറിയാം. അതിനാല്‍ വെറുതെ വിമര്‍ശിക്കേണ്ട. വേണമെങ്കില്‍ തിരുത്തിയേക്കാം. മണിസഖാവിന്റെ വായില്‍ നിന്ന് എന്താ വരുന്നതെന്ന് പിണറായി വിജയനോ കൊടിയേരിക്കോ പോലും നിശ്ചയമുണ്ടാകില്ല. ആ വരുന്നതും പറയുന്നതും കേള്‍ക്കുന്നതുമൊക്കെ വിധിയാണെന്ന് അങ്ങ് വിശ്വസിച്ച് സമാധാനിച്ചാല്‍ മതി.

ങ്ഹാ.. വിധിയാണെന്നല്ലേ മണിയാശാനും മൊഴിഞ്ഞത്. വധിക്കാന്‍ വിധിച്ചവര്‍ തന്നെ വിധിയെന്ന് പറയുമ്പോള്‍ കേള്‍ക്കാന്‍ പാര്‍ട്ടിക്കാര്‍ക്ക് ഒരു രസമാണെങ്കിലും ബാക്കിയുള്ളവര്‍ക്ക് കണ്ണില്‍ വെള്ളം നിറയും. അപ്പോഴേക്കും ആവശ്യം ലവലേശം വേണ്ടതില്ലാത്ത ആവേശത്തോടെയാണ് സംഭവത്തില്‍ സി.പി.ഐ നേതാവ് ആനിരാജ ഇടപെട്ടു കളഞ്ഞത് എന്നാണ് കാനം പറഞ്ഞത്. ആനിരാജ അങ്ങ് ഡല്‍ഹിയിരുന്നല്ലേ ഒണ്ടാക്കുന്നത് എന്ന് മണിയാശാന്‍ സ്വന്തം നേതാവിനെ തെറിവിളിച്ചിട്ടും സഖാവ് കാനത്തിന് യാതൊരു കുലുക്കവുമുണ്ടായില്ല പോലും. പാവം ബിനോയ് വിശ്വം മാത്രമുണ്ടായുള്ളൂ ആനിയെ പിന്തുണക്കാന്‍. അങ്ങേരുമിപ്പോള്‍ ഡല്‍ഹിയിലാണ് കേട്ടോ. ഈ അന്തരീക്ഷം സി.പി.ഐയില്‍ ചെറിയ ചേരിപ്പോരും പുകയും ഉയര്‍ത്തിവിട്ടിട്ടുണ്ട്.

ആശാനെപോലും തോല്‍പ്പിക്കുന്ന കയ്യിലിരിപ്പുമായാണ് കോണ്‍ഗ്രസിലെ മഹിളാമണികള്‍ തെരുവില്‍ രംഗപ്രവേശം ചെയ്തത്. മണിയെ ചിമ്പാന്‍സിയായി ചിത്രീകരിച്ച അവരുടെ മനസ്സ് എത്ര വികൃതമാണെന്ന് എല്ലാവരുമറിഞ്ഞു. കോണ്‍ഗ്രസ് പ്രസിഡണ്ടാകട്ടെ അപ്രകാരമല്ലേ അദ്ധേഹത്തിന്റെ മുഖമെന്നും അതില്‍ സൃഷ്ടാവിനെയല്ലേ പഴിക്കേണ്ടതെന്നും തുറന്നടിച്ചു. ഈ വാചക കസര്‍ത്തുകള്‍ സാക്ഷര സുന്ദര കേരളത്തിലാണെന്ന് അറിയുമ്പോള്‍ ലജ്ജിച്ചു തലതാഴ്‌ത്തേണ്ട അവസ്ഥയിലാണ് നയതന്ത്ര.

അതിനിടയിലാണ് ഇ.പി ജയരാജന്‍ അനന്തപുരിയില്‍ നിന്നും കണ്ണൂരിലേക്ക് ട്രെയിനില്‍ യാത്ര നടത്തുന്നത് ശ്രദ്ധയില്‍പെട്ടത്. ചോദിച്ചവരോടെല്ലാം താന്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്ന് പ്രതിജ്ഞയെടുത്തതായി പ്രഖ്യാപിച്ചു. താനും ഭാര്യയുമാണ് ഈ വിമാനത്തില്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യാറുള്ളതെന്നും, താന്‍ ബഹിഷ്‌കരിക്കുന്നതോടെ കമ്പനി പൂട്ടിപോകുമെന്ന് ഇ.പി ശപിക്കുന്നതും കേള്‍ക്കാമായിരുന്നു. പിന്നെയല്ലേ കള്ളി വെളിച്ചതായത്. വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരേ പ്രതിഷേധം എന്ന് മുദ്രാവാക്യം വിളിച്ച ചെറുപ്പക്കാരെ അടിച്ചുനിലത്തിട്ടതിന്, വിമാനകമ്പനി നല്‍കിയ നിരോധന ഉത്തരവിനെയാണ് ഇ.പി ഇങ്ങിനെ വളച്ചൊടിച്ച് അവതരിപ്പിച്ചത്. കേരള പൊലീസ് കുറ്റവിമുക്താനാക്കിയ സഖാവിന് നേരെയാണ്, വിമാനകമ്പനി പടിവാതിലടച്ചിട്ടിരിക്കുന്നത്. വിമാന കമ്പനിക്ക് സഖാവിനെ മനസ്സിലായിട്ടില്ല, ആളറിയാതെ ചെയ്തതാണെന്നാണ് ഇതിനോടുള്ള ആദ്യ പ്രതികരണം. അധികം വൈകാതെ, വൈകുന്നരേമായപ്പോഴേക്കും അടുത്ത പ്രതികരണവും വന്നു. ഇന്‍ഡിഗോ വിമാനം പറത്തുന്നത് ബി.ജെ.പിയാണത്രെ. അപ്പോള്‍ പൈലറ്റിന് പണിയില്ലാതാവില്ലേയെന്ന് ആരും തിരിച്ചുചോദിച്ചതുമില്ല.

കേരളത്തിലെ തൊഴില്‍ മേഖലകളിലിന്ന് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ നിറസാന്നിധ്യമാണ്. പല തൊഴിലുകളിലും അവരേര്‍പ്പെടുകയും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുകയും ആവശ്യത്തിന് വരുമാനം നേടുകയും കുടുംബത്തിന് അയച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. ഓരോ ജില്ലയിലും അവിടത്തെ പ്രത്യേകതകള്‍ക്കനുസരിച്ച തൊഴിലുകളിലാണ് അവര്‍ ഏര്‍പ്പെടുന്നത്. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഇങ്ങിനെയുള്ള പഠനങ്ങള്‍ നടക്കുന്നതിനിടയിലാണ് രണ്ട് അസം തൊഴിലാളികള്‍ ബോംബ് സ്‌ഫോടനത്തില്‍ കണ്ണൂരില്‍ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെങ്കിലും ബോംബ് നിര്‍മാണം കുലത്തൊഴിലായും കരകൗശല പ്രവര്‍ത്തനമായും ആരെങ്കിലും കൊണ്ട് നടക്കുന്നുണ്ടെങ്കില്‍ അത് കണ്ടുപിടിക്കാന്‍ കേരള പൊലീസിന് കഴിയില്ലെങ്കിലും ഡോഗ് സ്‌ക്വോഡിനാവുമെന്ന് പ്രത്യാശിക്കാം. ഈ വിഷയം നിയമസഭയിലെത്തിയപ്പോള്‍ മുഖ്യനും പ്രതിപക്ഷനും പതിവ് പോലെ കൊമ്പ് കോര്‍ത്തു. മുഖ്യന്‍ ആര്‍.എസ്.എസിനെതിരെ ആഞ്ഞടിച്ചപ്പോള്‍ 1977 ല്‍ ആ സംഘടനയുടെ പിന്തുണയോടെ ജയിച്ച് നിയമസഭയില്‍ വന്നയാളാണ് പിണറായിയെന്ന് ലീഡര്‍ വി.ഡി ഓര്‍മപുതുക്കി.

തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് ഇപ്പോള്‍ തലസ്ഥാനത്തെ ചൂടുള്ള ചര്‍ച്ചാവിഷയം. അടിവസ്ത്രമാണ് തൊണ്ടിമുതല്‍. ദൃക്‌സാക്ഷി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവും. ആനവണ്ടിയിലെ ജീവനക്കാര്‍ക്ക് മാസാമാസം ശമ്പളം കൊടുക്കാനായി തെണ്ടി നടക്കുന്നതിനിടയിലാണ് തൊണ്ടിമുതല്‍ വിവാദത്തില്‍ മന്ത്രി ചെന്ന് ചാടുന്നത്. തൃക്കാക്കരയില്‍ സെഞ്ച്വറിയടിക്കാന്‍ പറ്റാതായതിന്റെ അടുത്ത നാഴികയിലാണ് സജി ചെറിയാന്റെ കുറ്റി തെറിച്ചത്. അടുത്ത വിക്കറ്റ് രാജുവിന്റേതാകുമോയെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. ഏതായാലും കെ.എസ്.ആര്‍.ടിസി തൊഴിലാളികള്‍ വിഷയം ആഘോഷിച്ചു തുടങ്ങിയിട്ടുണ്ട്. കാണം വിറ്റും ഓണം ഉണ്ണാന്‍ തയ്യാറെടുക്കുന്ന സമയത്താണ് അടിവസ്ത്രം കോടതിയില്‍ അടിച്ചുമാറ്റി കേസ് ജയിക്കുന്ന വില്ലാളിവീരവേല പുറത്തുവന്നത്.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ് കുഞ്ഞാലിക്കുട്ടി രാജിവെക്കുമെന്ന് പത്രക്കാര്‍ പ്രചരിപ്പിച്ചതെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം. മനസ്സിലൊന്നും കാണാതെ അദ്ധേഹം രാജിവെക്കാറില്ലെന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്. ആ ഏറ്റവും വലിയ തമാശ കേട്ട് കുലുങ്ങിചിരിച്ചുകൊണ്ട് പാര്‍ലറില്‍ നിന്നും വിരമിക്കട്ടെ.

TAGS :