ഇന്ത്യയില്‍ ഡ്രൈവറില്ലാ കാറുകള്‍ അനുവദിക്കില്ല -നിതിന്‍ ഗഡ്കരി

'ചൈനയില്‍നിന്ന് വാഹനം ഇറക്കുമതി ചെയ്യാന്‍ ടെസ്‌ലയെ അനുവദിക്കില്ല'

Update: 2023-12-19 10:15 GMT
Advertising

ഇന്ത്യയില്‍ ഡ്രൈവറില്ലാ കാറുകള്‍ ഒരിക്കലും അനുവദിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ലക്ഷക്കണക്കിന് ആളുകളുടെ ജോലി നഷ്ടപ്പെടുമെന്നതിനാലാണ് ഓട്ടോണോമസ് കാറുകള്‍ക്ക് അനുമതി നല്‍കാത്തത്. നാഗ്പുര്‍ ഐ.ഐ.എം സംഘടിപ്പിച്ച സീറോ മൈല്‍ സംവാദ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി.

'ഡ്രൈവറില്ലാ കാറുകള്‍ ഇന്ത്യയിലേക്ക് വരാന്‍ ഞാന്‍ ഒരിക്കലും അനുവദിക്കില്ല. കാരണം അത് ഒരുപാട് പേരുടെ ജോലി കളയും, അങ്ങനെ സംഭവിക്കാന്‍ ഞാന്‍ സമ്മതിക്കില്ല' -ഗഡ്കരി വ്യക്തമാക്കി.

70 മുതല്‍ 80 ലക്ഷം പേരുടെ ജോലിയാണ് ഇതുവഴി നഷ്ടമാകുക. ഇത്തരം വാഹനങ്ങള്‍ ജനസംഖ്യ കുറഞ്ഞ രാജ്യങ്ങളിലാണ് അനുയോജ്യമെന്നും ഗഡ്കരി പറഞ്ഞു.

അമേരിക്കന്‍ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ല ഇന്ത്യയിലേക്ക് വരാന്‍ ഉറ്റുനോക്കുകയാണ്. അവരെ രാജ്യത്തേക്ക് സ്വഗതം ചെയ്യുന്നു. എന്നാല്‍, ടെസ്‌ല ഇന്ത്യയില്‍ കാര്‍ നിര്‍മിക്കല്‍ നിര്‍ബന്ധമാണ്. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ലെന്നും ഗഡ്കരി വ്യക്തമാക്കി.

ഇന്ത്യന്‍ നിരത്തുകളിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളും മന്ത്രി വിശദീകരിച്ചു. കാറുകളില്‍ ആറ് എയര്‍ ബാഗുകള്‍ ഉള്‍പ്പെടുത്തുക, റോഡുകളിലെ ബ്ലാക്ക് സ്‌പോട്ടുകള്‍ കുറക്കുക, ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ വര്‍ധിപ്പിക്കുക എന്നിവയെല്ലാം അപകടങ്ങള്‍ കുറക്കാന്‍ കാരണമാകുമെന്ന് മന്ത്രി വിശദീകരിച്ചു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News