2026ഓടെ ലോകജനസംഖ്യയിലെ പാതിയും ഡിജിറ്റൽ ബാങ്കിങ്ങിലേക്കു മാറുമെന്ന് പഠനം

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകജനസംഖ്യയിൽ 53 ശതമാനം പേരും ഡിജിറ്റൽ ബാങ്കിങ് സംവിധാനം ഉപയോഗിക്കുന്ന തരത്തിലേക്ക് മാറുമെന്ന് ബ്രിട്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജൂനിപർ റിസർച്ച് പഠനം പറയുന്നു

Update: 2021-07-19 12:59 GMT
Editor : Shaheer | By : Web Desk
Advertising

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഡിജിറ്റൽ സാമ്പത്തിക ഇടപാടിൽ വൻ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. ഡിജിറ്റൽ ബാങ്കിങ് സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നിരിക്കുന്നു. നിലവിൽ 2.5 ബില്യൻ(ഏകദേശം 250 കോടി) പേരാണ് ഡിജിറ്റൽ ബാങ്കിങ് സംവിധാനം ഉപയോഗിക്കുന്നത്. എന്നാൽ, ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകജനസംഖ്യയിലെ പാതിയും  ഓൺലൈൻ സംവിധാനത്തിലേക്കു മാറുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

2026ഓടെ ലോകജനസംഖ്യയിൽ 53 ശതമാനം പേരും ഡിജിറ്റൽ ബാങ്കിങ് സംവിധാനം ഉപയോഗിക്കുന്ന തരത്തിലേക്ക് മാറുമെന്ന് ഒരു അന്താരാഷ്ട്ര പഠനം അഭിപ്രായപ്പെടുന്നു. ബ്രിട്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ സാങ്കേതികവിദ്യയിൽ ഗവേഷണം നടത്തുന്ന അന്താരാഷ്ട്ര സംഘമായ ജൂനിപർ റിസർച്ച് ആണ് പഠനം പുറത്തുവിട്ടത്. Digital Banking: Banking-as-a-Service, Market Transformation & Forecasts 2021-2026 എന്ന തലക്കെട്ടിലാണ് ഗവേഷണ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഏതാനും വർഷങ്ങൾക്കുള്ളിൽ ചൈന ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ ബാങ്കിങ് മാർക്കറ്റായി മാറുമെന്ന് പഠനത്തിൽ സൂചിപ്പിക്കുന്നു. ആഗോളതലത്തിലുള്ള ഡിജിറ്റൽ ബാങ്കിടപാടിന്റെ 25 ശതമാനവും ചൈനയിലായിരിക്കും. മൊബൈൽ ബാങ്കിങ് ആപ്പുകൾ അടക്കം മിക്ക ബാങ്കുകളും ഡിജിറ്റൽതലത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചുതുടങ്ങിയത് ഉപഭോക്തൃ സമീപനത്തിലുണ്ടാകുന്ന പുതിയ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്.

ഡിജിറ്റൽ സംവിധാനങ്ങൾ ബാങ്കിടപാടുകൾ കൂടുതൽ സുതാര്യവും ആയാസരഹിതവുമാക്കിയിട്ടുണ്ട്. എല്ലാ സേവനങ്ങളും ഓൺലൈനിൽ ഒറ്റ കുടക്കീഴിലേക്കു കൊണ്ടുവന്നതും ജനങ്ങളെ ഈ വഴിയിലേക്കു മാറാൻ കൂടുതലായി പ്രേരിപ്പിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് അമേരിക്ക, എച്ച്എസ്ബിസി, ജെപിമോർഗൻ ചേസ്, ബിബിവിഎ, ഡിജിഎസ് ബാങ്ക് എന്നിവയാണ് ആഗോളതലത്തിൽ ഡിജിറ്റൽ രംഗത്ത് മുന്നിലുള്ള ബാങ്കുകളെന്നും പഠനത്തിൽ പറയുന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News