സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്തത് ഇഷ്ടപ്പെട്ടില്ല; കോച്ചിനോട് കയർത്ത് ക്രിസ്റ്റിയാനോ 

60-ാം മിനുട്ടിൽ ക്രിസ്റ്റ്യാനോ ടീമിനെ മുന്നിലെത്തിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സൂപ്പർ താരത്തെ പിൻവലിക്കാൻ കോച്ച് തീരുമാനിച്ചത്. 

Update: 2019-07-22 11:27 GMT
Advertising

സിംഗപ്പൂർ: യുവന്റസിന്റെ പുതിയ കോച്ച് മൗറീസിയോ സാറിയുമായി വഴക്കിട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രീസീസൺ ടൂർണമെന്റായ ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ടോട്ടനം ഹോട്‌സ്പറിനെതിരായ മത്സരത്തിൽ, തന്നെ മൈതാനത്തു നിന്ന് പിൻവലിച്ചപ്പോഴാണ് 34-കാരൻ കോച്ചിനോട് പരസ്യമായി കയർത്തത്. ക്രിസ്റ്റ്യാനോ മൈതാനം വിടുമ്പോൾ 2-1 ന് മുന്നിലായിരുന്ന യുവന്റസ് പിന്നീട് മത്സരം തോറ്റു.

സിംഗപ്പൂരിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ തന്നെ ക്രിസ്റ്റ്യാനോ കളിച്ചിരുന്നു. ആദ്യപകുതി പിന്നിടുമ്പോൾ എറിക് ലാമേല നേടിയ ഒരു ഗോളിൽ ടോട്ടനം മുന്നിലായിരുന്നു. രണ്ടാം പകുതിക്കിറങ്ങുമ്പോൾ സാറി ടീമിൽ നാല് മാറ്റങ്ങൾ വരുത്തി. മരിയോ മാന്ദ്‌സുകിച്ചിന് പകരം കളത്തിലെത്തിയ ഗോൺസാലോ ഹിഗ്വയ്ൻ 56-ാം മിനുട്ടിലെ ഗോളിലൂടെ ടീമിനെ ഒപ്പമെത്തിച്ചു. 60-ാം മിനുട്ടിൽ ക്രിസ്റ്റ്യാനോ ടീമിനെ മുന്നിലെത്തിക്കുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് സൂപ്പർ താരത്തെ പിൻവലിക്കാൻ കോച്ച് തീരുമാനിച്ചത്. ഗോളടിച്ചു നിൽക്കുകയായിരുന്ന തന്നെ പിൻവലിക്കുന്നതിലെ അരിശം താരം കോച്ചിനോട് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. രൂക്ഷമായ ഭാഷയിൽ സാറിയോട് എന്തോ പറഞ്ഞ ശേഷമാണ് ക്രിസ്റ്റ്യാനോ ഡഗ്ഗൗട്ടിലേക്ക് പോയത്.

65-ാം മിനുട്ടിൽ ലൂക്കാസ് മോറ ടോട്ടനത്തെ ഒപ്പമെത്തിച്ചു. ഇഞ്ച്വറി ടൈമിൽ മൈതാന മധ്യത്തുനിന്ന് ഉയർത്തിയടിച്ച പന്ത് വലയിലെത്തിച്ച് ഹാരി കെയ്ൻ ഇംഗ്ലീഷ് ടീമിന് വിജയം സമ്മാനിക്കുകയും ചെയ്തു.

മത്സരശേഷമുള്ള പത്രസമ്മേളനത്തിൽ സാറി ക്രിസ്റ്റിയാനോയെ പുകഴ്ത്തിയാണ് സംസാരിച്ചത്. എവിടെയും കളിക്കാൻ കഴിവുള്ള താരമാണ് ക്രിസ്റ്റ്യാനോ എന്നും പ്രതിരോധത്തിലാണ് ഇനി കാര്യങ്ങൾ ശരിയാക്കാനുള്ളതെന്നും കോച്ച് പറഞ്ഞു.

Tags:    

Similar News