കലമുടച്ചു; ഒമാനെതിരെ ഇന്ത്യക്ക് തോല്‍വി

ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി.

Update: 2019-09-05 16:06 GMT
Advertising

ഖത്തർ ലോകകപ്പിനായുള്ള യോഗ്യത മത്സരത്തിൽ അവസാന നിമിഷം ജയം കെെവിട്ട് ഇന്ത്യ. ഇ ഗ്രൂപ്പ് മത്സരത്തിൽ ഒമാനെതിരെ അട്ടിമറി ജയം പ്രതീക്ഷിച്ചിരുന്ന സന്ദര്‍ഭത്തിലാണ് ഇന്ത്യന്‍ ടീം കലമുടച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി.

ഇന്ത്യക്കായി നായകൻ സുനിൽ ഛേത്രിയാണ് ആദ്യമായി വലകുലുക്കിയത്. കളിയുടെ 24ാം മിനിറ്റിലായിരുന്നു നിരന്നു നിന്ന ഒമാൻ പ്രതിരോധ നിരയെ തുളച്ച് കൊണ്ടുള്ള ഛേത്രിയുടെ ഉഗ്രൻ ഷോട്ട് വലയിലേക്ക് കുതിച്ചത്. ബ്രാൻഡൻ ഫെർണാണ്ടസിൽ നിന്നും കിട്ടിയ പന്ത്, ക്യാപ്റ്റൻ പോസ്റ്റിലേക്ക് തൊടുക്കുകയായിരുന്നു.

മത്സരത്തിലുടനീളം മേധാവിത്വം പുലർത്തിയിരുന്നെങ്കിലും, ഇന്ത്യയുടെ നിരവധി അവസരങ്ങളാണ് ലക്ഷ്യം കാണാതെ പോയത്. മത്സരം ജയത്തോടടുക്കുന്ന ഘട്ടത്തിലാണ് ഒമാൻ താരം അൻ മൻളർ റാബിഅ ഇരട്ട ഗോളുകൾ ഇന്ത്യൻ വലയിലേക്ക് അടിച്ചു കയറ്റിയത്. റാബിഅയിലൂടെ 82ാം മിനിറ്റിൽ സമനില വഴങ്ങിയ ഇന്ത്യ, മത്സരത്തിന്റെ 90ാം മിനിറ്റിൽ രണ്ടാം ഗോളും വഴങ്ങുകയായിരുന്നു.

ഫിഫ റാങ്കിങിൽ 87ാം സ്ഥാനത്താണ് ഒമാൻ. പട്ടികയിൽ 103ാം സ്ഥാനത്താണ് ഇന്ത്യ. 113 രാജ്യാന്തര മത്സരങ്ങൾ കളിച്ച സുനിൽ ഛേത്രിയുടെ എഴുപത്തി മൂന്നാം ഗോളായിരുന്നു ഇന്നത്തെ മത്സരത്തിൽ പിറന്നത്. ഇതോടെ ആദ്യ ജയവുമായി മൂന്ന് പോയിന്റ് നേടിയ ഒമാൻ
ഗ്രൂപ്പിൽ ഒന്നാമതെത്തി.

ഇരു ടീമുകൾക്കും പുറമെ, ആഥിതേയരായ ഖത്തർ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾ ഉൾപ്പെടുന്ന ടീമിൽ, എല്ലാ ടീമുകളും ഒരോ മത്സരങ്ങൾ വീതം ഹോം ഗ്രൗണ്ടിലും പുറത്തുമായി കളിക്കും.

Tags:    

Similar News