ഖത്തറിലേത് അവിസ്മരണീയ ടൂര്‍ണമെന്‍റാകും: ഫിഫ പ്രസിഡന്‍റ് ജിയാനോ ഇന്‍ഫന്‍റിനോ

കാണികള്‍ക്കിടയിലെ വര്‍ഗീയത ഇല്ലാതാക്കാന്‍ ഫിഫ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഇന്‍ഫാന്‍റിനോ പറഞ്ഞു.

Update: 2019-10-12 18:48 GMT
Advertising

ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ടൂര്‍ണമെന്‍റായിരിക്കും 2022 ല്‍ ഖത്തറില്‍ നടക്കുകയെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ. കാണികള്‍ക്കിടയിലെ വര്‍ഗീയത ഇല്ലാതാക്കാന്‍ ഫിഫ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഇന്‍ഫാന്‍റിനോ പറഞ്ഞു.

ഒരു ഇറ്റാലിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്‍റിനോ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ‘’ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ലോകകപ്പായിരിക്കും ഖത്തറില്‍ 2022 ല്‍ നടക്കാന്‍ പോകുന്നത്. ആദ്യമായാണ് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ലോകകപ്പ് നടക്കുന്നത്. അതിന്‍റെയൊരു പുതുമ കാണികളിലും താരങ്ങളിലും പ്രകടമാകും. താരങ്ങളെ സംബന്ധിച്ചിടത്തോളം കായികമായും സാങ്കേതികമായും ഏറ്റവും യോജിച്ച സമയമാണിത്.

വെറും എഴുപത് കിലോമീറ്ററിനകത്തുള്ള എട്ട് സ്റ്റേഡിയങ്ങളിലാണ് മുഴുവന്‍ മത്സരങ്ങളും നടക്കുകയെന്നതും സവിശേഷതയാണ്. യൂറോപ്പില്‍ നിന്നും വെറും ആറ് മണിക്കൂര്‍ കൊണ്ട് ഖത്തറിലെത്താമെന്നത് യൂറോപ്യന്‍ കാണികള്‍ക്കും ഗുണകരമാണ്. ഖത്തറിന് ശേഷം നടക്കുന്ന 2026 ലോകകപ്പ് നാല്‍പ്പത്തിയെട്ട് ടീമുകളെ ഉള്‍ക്കൊള്ളിച്ച് നടത്തണമെന്നാണ് ഉദ്ദേശിക്കുന്നത്.

സ്റ്റേഡിയങ്ങള്‍ക്കകത്ത് വംശീയതയും വര്‍ഗീയതയും കടന്നുവരുന്നുവെന്നത് ദുഖകരമായ യാഥാര്‍ത്ഥ്യമാണ്. ഇത് ഇല്ലാതാക്കാന്‍ വേണ്ടി ഫിഫ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ എടുത്ത നീക്കങ്ങള്‍ സ്വാഗതാര്‍ഹമാണ്.’’

വീഡിയോ അസിസ്റ്റന്‍റ് റഫറീയിങ് സംവിധാനത്തെ ന്യായീകരിച്ച ഇന്‍ഫാന്‍റിനോ, റഫറിമാരുടെ സങ്കീര്‍ണമായ ജോലി എളുപ്പമാക്കാന്‍ വി.എ.ആര്‍ മികച്ച മാര്‍ഗമാണെന്നും കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News