വിസാനിയമത്തില്‍ സമഗ്ര മാറ്റങ്ങളുമായി യുഎഇ

Update: 2018-06-18 07:16 GMT
വിസാനിയമത്തില്‍ സമഗ്ര മാറ്റങ്ങളുമായി യുഎഇ
Advertising

തൊഴിലന്വേഷകര്‍ക്ക് ആറ് മാസത്തെ താത്കാലിക വിസ; വിസാകാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ മടങ്ങാനുള്ള അവസരം; വിസ പുതുക്കുന്നതിനുള്ള നടപടികള്‍ എളുപ്പമാക്കും

യുഎഇ വിസാനിയമത്തില്‍ സമഗ്ര പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു. തൊഴിലെടുക്കുന്ന പ്രവാസികള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും നിരവധി ഇളവുകള്‍ നല്‍കുന്നതാണ് പുതിയ മാറ്റം. തൊഴില്‍ അന്വേഷകര്‍ക്ക് ആറ് മാസത്തെ താല്‍കാലിക വിസ, വിസാ കാലാവധി പിന്നിട്ടവര്‍ക്ക് പിഴയില്ലാതെ മടങ്ങാനുള്ള അവസരം തുടങ്ങിയ ആനുകൂല്യങ്ങളും മന്ത്രിസഭ പ്രഖ്യാപിച്ചു.

തൊഴിലാളിയെ നിയമിക്കുമ്പോള്‍ കമ്പനി 3000 ദിര്‍ഹം ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന നിയമം യുഎഇ മന്ത്രിസഭ റദ്ദാക്കി. ഈ ഇനത്തില്‍ ഇതുവരെ ലഭിച്ച 14 ശതകോടി ദിര്‍ഹം വിപണിയിലേക്ക് തിരിച്ച് നല്‍കും. പകരം 60 ദിര്‍ഹം മാത്രം ചെലവുള്ള ഇന്‍ഷൂറന്‍സ് പദ്ധതി തൊഴിലാളികള്‍ക്ക് നടപ്പാക്കും.

Full View

തൊഴിലന്വേഷിച്ച് യു എ ഇയിലെത്തി സന്ദര്‍ശക വിസാ കാലാവധി പിന്നിട്ടവര്‍ക്ക് ആറ് മാസത്തെ താല്‍കാലിക വിസ നല്‍കും. ഇതിന് പ്രത്യേക ഫീസുണ്ടാവില്ല. മാതാപിതാക്കളുടെ സ്പോണ്‍സര്‍ഷിപ്പിലുള്ള മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലപഠനശേഷവും രണ്ടുവര്‍ഷത്തേക്ക് വിസ അനുവദിക്കും.

വിസ പുതുക്കാനുള്ള നടപടികള്‍ എളുപ്പമാക്കും. ഈ ആവശ്യത്തിന് രാജ്യത്തിന് പുറത്തുപോയി തിരിച്ചുവരണമെന്നുള്ള നിബന്ധനകള്‍ ഒഴിവാക്കും. വിസാ കാലാവധി പിന്നിട്ടും രാജ്യത്ത് തുടരുന്നവര്‍ക്ക് സ്വമേധയാ തിരിച്ചുപോകാം. ഇവരുടെ പാസ്പോര്‍ട്ടില്‍ നോ എന്‍ട്രി സ്റ്റാമ്പ് പതിക്കില്ല. ഇവര്‍ക്ക് വിസാ മാറ്റത്തിനും അവസരം നല്‍കും.

നിയമവിരുദ്ധമായി യു എ ഇയില്‍ പ്രവേശിച്ചവര്‍ക്കും തിരിച്ചുപോകാം. ഇവര്‍ക്ക് രണ്ടുവര്‍ഷത്തേക്ക് മാത്രം രാജ്യത്തേക്ക് തിരിച്ചവരാന്‍ വിലക്കുണ്ടാകും. ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് തിരിച്ചുപോക്കിനുള്ള ഇളവ്. 48 മണിക്കൂര്‍ നേരത്തേ ട്രാന്‍സിറ്റ് വിസ സൗജന്യമാക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ഈ വര്‍ഷം അവസാന പാദത്തിലാകും പുതിയ ഇളവുകള്‍ നടപ്പാക്കി തുടങ്ങുന്നത്. യു എ ഇ തൊഴില്‍, സാമ്പത്തികമേഖലകളില്‍ പരിഷ്കാരം വലിയ മാറ്റങ്ങള്‍ വഴിവെക്കുമെന്നാണ് പ്രതീക്ഷ.

Similar News