ലോക കേരള സഭ പശ്ചിമേഷ്യന്‍ സമ്മേളനത്തിന് തുടക്കം

പ്രവാസി പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ച് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വൈകീട്ടുണ്ടാകും.

Update: 2019-02-15 08:40 GMT
Advertising

രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ലോക കേരളസഭയുടെ പ്രഥമ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തിന് ദുബൈയില്‍ തുടക്കമായി. ഇത്തിസലാത്ത് അക്കാദമിയില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ഗള്‍ഫ് മേഖലയിലെ തൊഴില്‍ സംസ്‌കാരം ഗുണപരമായ മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണെന്നും നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ തിരിച്ചടി ഉറപ്പാണെന്നും ലോക കേരളസഭയുടെ ഉപസമിതി ചര്‍ച്ചകളില്‍ അഭിപ്രായം ഉയര്‍ന്നു. പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തലത്തിലും അല്ലാതെയും നടപടി വേണമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു.

ദുബൈ ഇത്തിസലാത്ത് അക്കാദമിയില്‍ തുടരുന്ന സമ്മേളനത്തില്‍ നൂറുകണക്കിന് പ്രതിനിധികളാണ് സംബന്ധിക്കുന്നത്. മുന്‍ മന്ത്രിമാരായ പി.ജെ ജോസഫ്, കെ.സി ജോസഫ് എന്നിവരും പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയത്തിന് അതീതമായ യോജിപ്പ് പ്രവാസി പ്രശ്‌നങ്ങളില്‍ ഉണ്ടെന്ന് ഇരുവരും വ്യക്തമാക്കി. പ്രവാസി പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ച് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വൈകീട്ടുണ്ടാകും.

ലോക കേരള സഭയുടെ ആദ്യ മേഖലാ സമ്മേളനത്തെ ഏറെ താൽപര്യത്തോടെയാണ് സർക്കാർ നോക്കി കാണുന്നത്. പ്രവാസി പ്രശ്നങ്ങൾ വ്യക്തമായി തിരിച്ചറിഞ്ഞ് ഹ്രസ്വ, ദീർഘകാലാടിസ്ഥാനത്തിൽ മൂർത്തമായ പരിഹാര നടപടികൾ കാണാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. പുനരധിവാസം ഉൾപ്പെടെ പ്രവാസികൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിൽ സാധ്യമായ പരിഹാരം കണ്ടെത്തുക എന്നതും സമ്മേളന ലക്ഷ്യമാണ്.

Tags:    

Similar News