യമന്‍ സംഘര്‍ഷം; തെക്കന്‍ വിഭജനവാദികളുമായി സമാധാന ശ്രമം

മുപ്പത് ദിവസത്തിനകം പുതിയ മന്ത്രിസഭ രൂപീകരിക്കും

Update: 2019-10-27 19:46 GMT
Advertising

തെക്കന്‍ വിഭജനവാദികളുമായുള്ള സമാധാന ശ്രമത്തിന്റെ ഭാഗമായി യമനിലെ സഖ്യസേനയുടെ നിയന്ത്രണം സൌദി ഭരണകൂടം ഏറ്റെടുത്തു. ഏദന്‍ കേന്ദ്രീകരിച്ചുള്ള പുതിയ ഭരണകൂടത്തില്‍ വിഭജനവാദികള്‍ക്കും തുല്യ ഭരണത്തിനുള്ള പരിഗണന കൊടുത്താണ് നീക്കം. ഇതിന്റെ ഭാഗമായി സൌദി സഖ്യസേനയുടെ മുഴുവന്‍ ആയുധങ്ങളും സൈനിക ക്യാമ്പിലേക്ക് മാറ്റും.

പത്തിലേറെ രാജ്യങ്ങളുടെ പിന്തുണയോടെ സൌദി നേതൃത്വത്തില്‍ രൂപീകരിച്ച സഖ്യസേനയായിരുന്നു യമനില്‍ നിയമാനുസൃത ഭരണകൂടം സ്ഥാപിക്കാനുള്ള സൈനിക നടപടിക്ക് പിന്തുണ നല്‍കിയത്. ഇതിന് വിവിധ രാജ്യങ്ങളുടെ സൈനിക കമാണ്ടര്‍മാര്‍ നേതൃത്വം നല്‍കി.

കഴിഞ്ഞ ദിവസം റിയാദില്‍ യമന്‍ ഭരണകൂടവും തെക്കന്‍ വിഭജനവാദികളകളും സൌദി മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ ഭരണകൂടം സ്ഥാപിക്കാന്‍ ധാരണയായി. യമനിലെ സമാധാന ശ്രമങ്ങള്‍ക്ക് ഇത് ആക്കം കൂട്ടും. ഹൂതികള്‍ പങ്കാളികളല്ലാത്ത ചര്‍ച്ചയിലെ പ്രധാന തീരുമാനങ്ങള്‍ ഇങ്ങിനെയാണ്;

ഒന്ന്,

യമനിലെ ഏദന്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങള്‍ തെക്കന്‍ വിഭജന വാദികള്‍ പിടിച്ചെടുത്തിരുന്നു. ഇതോടെ സഖ്യസേനയും ഇവിടെ പ്രവേശിച്ച് തിരിച്ചു പിടിക്കാന്‍ നടപടി തുടങ്ങി. സമാധാന ചര്‍ച്ചയുടെ സാഹചര്യത്തില്‍ തെക്കന്‍ വിഭജനവാദികളും യമന്‍ സൈന്യവും ഏറ്റുമുട്ടല്‍ അവസാനിപ്പിക്കും.

രണ്ട്,

സൌദി പിന്തുണയുള്ള പുതിയ യമന്‍ ഭരണകൂടത്തില്‍ വിഭജനവാദികള്‍ക്കും പ്രാതിനിധ്യം നല്‍കും. തെക്കന്‍ യമന്‍‌ പ്രത്യേക രാഷ്ട്രമാക്കണമെന്നതാണ് വിഭജനവാദികളുടെ ആവശ്യം. ഇത് പരിഹരിക്കാന്‍‌ പുതിയ മന്ത്രിസഭയില്‍ തെക്കന്‍, വടക്കന്‍ യമനുകള്‍ക്ക് 12 വീതം മന്ത്രിമാരുണ്ടാകും.

മൂന്ന്,

മുപ്പത് ദിവസത്തിനകം പുതിയ മന്ത്രിസഭ രൂപീകരിക്കും. ഇതിന് മുന്നോടിയായി ഏദനില്‍ നിന്ന് സൌദി സഖ്യസേനയും വിഭജനവാദികളുടെ സൈന്യവും പിന്മാറും. ഒപ്പം സഖ്യസേനയുടെ ഇനിയുള്ള നിയന്ത്രണം പൂര്‍ണമായും സൌദിക്ക് കീഴിലാകും. സൌദിയുടെ തീരുമാനമില്ലാതെ സൈനിക നടപടിയുണ്ടാകില്ല.

നാല്,

യമനിലെ പുതിയ ഭരണകൂടത്തിനുള്ള പരിഷ്കരണങ്ങള്‍ നടപ്പാക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. സൌദി നേതൃത്വത്തിലുള്ള ഈ കമ്മിറ്റിയില്‍ യമനിലെ ഇരു കക്ഷികളും ഭാഗമാണ്. സര്‍‌ക്കാര്‍ ജീവനക്കാരുടെ ശന്പള കുടിശികയും സാന്പത്തിക നീക്കങ്ങളും ഈ കമ്മിറ്റി നിരീക്ഷിക്കും.

നാളെ ഈ കരാര്‍ ഇരുകക്ഷികളും ഒപ്പു വെക്കുന്നതോടെ യമനിലെ പ്രധാന സംഘര്‍ഷത്തിന് അവസാനമാകും. ശേഷം ഹൂതികളുമായുള്ള സമാധാന ചര്‍ച്ച യുഎന്‍ നേതൃത്വത്തില്‍‌ സജീവമാകുമെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Similar News