ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

സൂര്യകുമാർ യാദവ്, ക്രുനാൽ പാണ്ഡ്യ, പ്രസിദ് കൃഷ്ണ എന്നിവർക്ക് ഏകദിനത്തിൽ അരങ്ങേറ്റം.

Update: 2021-03-19 09:42 GMT
Advertising

മുബൈ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇന്നലെ നടന്ന നാലാം ട്വന്റി-20 മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച സൂര്യകുമാർ യാദവിനെ ഏകദിന ടീമിലും ഉൾപ്പെടുത്തി. സൂര്യകുമാറിന് പുറമെ ക്രുനാൽ പാണ്ഡ്യ, കർണാടകയുടെ താരം പ്രസിദ് കൃഷ്ണയ്ക്കും വിരാട് കോലി നയിക്കുന്ന ടീമിൽ അരങ്ങേറ്റം കുറിക്കും.

വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനമാണ് ഇരുവർക്കും ടീമിലേക്കുള്ള വഴി തുറന്നത്. പ്രസിദ് കൃഷ്ണ വിജയ് ഹസാരെ ട്രോഫിയിൽ കർണാടകയ്ക്ക് വേണ്ടി 14 വിക്കറ്റ് നേടിയിരുന്നു. ദേവ്ദത്ത് പടിക്കലും പൃഥ്വി ഷായും മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ഇരുവർക്ക് ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം മാർച്ച് 23ന് പുണെയിൽ നടക്കും. കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ എല്ലാ ഏകദിനങ്ങളും അധികം കാണികളില്ലാതെ പുണെയിൽ തന്നെ നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചത്. രോഹിത് ശർമയാണ് ഉപനായകൻ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ട്വന്റി-20 മത്സരങ്ങളിൽ ഉൾപ്പെടാതിരുന്ന രവീന്ദ്ര ജഡേജയ്ക്കും മുഹമ്മദ് ഷമിക്കും ഏകദിനത്തിലും അവസരം ലഭിച്ചില്ല.

ഇന്ത്യൻ ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ ( വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ക്രുനാൽ പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, ടി. നടരാജൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ശാർദുൽ താക്കൂർ.

Tags:    

Similar News