പ്രളയ ബാധിത മേഖലകളില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു

ഏറെ നാശം വിതച്ച കൊട്ടിയൂരില്‍ മാത്രം ഒരു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് മൂന്ന് കര്‍ഷകര്‍

Update: 2020-01-09 03:32 GMT
Advertising

കണ്ണൂരിലെ പ്രളയ ബാധിത മേഖലകളില്‍ കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നു. പ്രളയം ഏറെ നാശം വിതച്ച കൊട്ടിയൂരില്‍ മാത്രം ഒരു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് മൂന്ന് കര്‍ഷകര്‍. സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച് പ്രളയ ബാധിത മേഖലകളില്‍ ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോകുന്നത് ആത്മഹത്യക്ക് കാരണമാകുന്നതായി നാട്ടുകാര്‍. പ്രളയത്തില്‍ കൃഷി നാശം സംഭവിച്ചവര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നും ആക്ഷേപം.

പ്രളയത്തില്‍ വീടും കൃഷിയിടവും തകര്‍ന്നടിഞ്ഞതിന് പിന്നാലെയാണ് കൊട്ടിയൂര്‍ കണിച്ചാറിലെ ഷിജോ ജോസഫിന് ജില്ലാ സഹകരണ ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചത്. തൊട്ടടുത്ത ദിവസം ഷിജോ ആത്മഹത്യ ചെയ്തു. അതോടെ ഭാര്യയും അമ്മയും പറക്കമുറ്റാത്ത രണ്ട് മക്കളും അനാഥരായി. എന്നിട്ടും തിരിച്ചടക്കാത്ത കടത്തിന്റെ പേരില്‍ ബാങ്ക് അധികൃതര്‍ ഇവരെ വേട്ടയാടുകയാണ്.

Full View

കൊട്ടിയൂര്‍ പാല്‍ച്ചുരം സ്വദേശി കട്ടക്കയം സാബുവും ബാങ്കിലെ കടം തിരിച്ചടക്കാനാവാത്തതിന്റെ പേരിലാണ് ആത്മഹത്യ ചെയ്തത്. വാഴ കര്‍ഷകനായിരുന്ന സാബു കീടനാശിനി കഴിച്ചായിരുന്നു ജീവനൊടുക്കിയത്. ഒടുവില്‍ കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യ ചെയ്ത കൊളക്കാട് സ്വദേശി ആന്‍ഡ്രൂസിന്റെയും മരണ കാരണം ബാങ്കുകളുടെ ജപ്തി ഭീഷണിയും കൃഷി നാശവും തന്നെ

പ്രളയബാധിത മേഖലകളിലെ നൂറിലധികം കുടുംബങ്ങള്‍ നിലവില്‍ ജപ്തി ഭീഷണിയുടെ നിഴലിലാണന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം

Tags:    

Similar News