സർവേകൾ ഗുണം ചെയ്തു, യുഡിഎഫ് അണികൾ ഉണർന്നു: ഉമ്മന്‍ചാണ്ടി
കെ എം മാണിയോട് എല്‍ഡിഎഫ് ചെയ്ത ക്രൂരത ജോസ് കെ മാണി മറന്നാലും ജനങ്ങൾ മറക്കില്ലെന്ന് ഉമ്മന്‍ചാണ്ടി
തെരഞ്ഞെടുപ്പ് സര്‍വേകള്‍ ഗുണം ചെയ്തെന്നും ഇതോടെ യുഡിഎഫ് അണികള്‍ ഉണര്‍ന്നെന്നും കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. സ്ഥാനാർഥി നിർണയം നല്ല നിലയിൽ പൂർത്തിയാക്കാന്‍ യുഡിഎഫിന് കഴിഞ്ഞു. പുതുമുഖങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയത്. ജനങ്ങളുടെ പ്രകടന പത്രികയാണ് യുഡിഎഫ് പുറത്തിറക്കിയതെന്നും ഉമ്മന്‍ചാണ്ടി മീഡിയവണിനോട് പറഞ്ഞു.
മാണി സാറിനെ കേരളം സ്നേഹിച്ചിരുന്നു. കെ എം മാണിയോട് എല്‍ഡിഎഫ് ചെയ്ത ക്രൂരത ജോസ് കെ മാണി മറന്നാലും ജനങ്ങൾ മറക്കില്ല. അർഹിക്കാത്ത രാജ്യസഭാ സീറ്റ് നൽകിയതിനാണോ പിന്നിൽ നിന്ന് കുത്തി എന്ന് ജോസ് പറഞ്ഞതെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
യുഡിഎഫിലെ ക്യാപ്റ്റന്‍ ആരാണെന്ന് തെരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാന്‍ഡ് തീരുമാനിക്കും. പുതുപ്പള്ളി എപ്പോഴും തന്നോടൊപ്പമാണ്. തെരഞ്ഞെടുപ്പിൽ സഹായിക്കുന്നതിനേക്കാൾ പത്തിരട്ടി സ്നേഹം അവര്‍ തനിക്ക് നല്‍കുന്നുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ശബരിമല വിഷയം വിവാദമാക്കാൻ യുഡിഎഫ് ശ്രമിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ഭക്തരുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളത്. സുപ്രീം കോടതി വിധി വന്നപ്പോൾ ബിജെപി കാഴ്ചക്കാരായി നിന്നു. സംസ്ഥാന സർക്കാരും അതുതന്നെ ചെയ്തു. യെച്ചൂരിക്ക് ഒരു നിലപാട്, കടകംപള്ളിക്ക് മറ്റൊരു നിലപാട്. ആചാര അനുഷ്ഠാനങ്ങൾക്ക് പകരം സ്ത്രീ സമത്വമാണ് എൽഡിഎഫ് മുന്നോട്ട് വെച്ചത്. സ്ത്രീകളെ വേഷം കെട്ടിച്ച് കൊണ്ടുപോയി. ബിജെപിയുടെയും മാർക്സിസ്റ്റ് പാർട്ടിയുടെയും നിലപാട് ജനങ്ങൾ തിരിച്ചറിഞ്ഞെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേരളത്തില്‍ പ്രളയമുണ്ടായത് സര്‍ക്കാരിന്‍റെ പിടിപ്പുകേട് കൊണ്ടാണ്. ഡാമിലെ വെള്ളം മാനേജ് ചെയ്യുന്നതിന് നടപടിക്രമങ്ങളുണ്ട്. എന്നാൽ മഴക്കാലത്ത് വെള്ളം മുഴുവൻ സൂക്ഷിച്ചു. വലിയ മഴ വന്നപ്പോൾ തുറന്ന് വിട്ടതാണ് പ്രളയത്തിന് കാരണമയതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.