ഇന്ത്യയിലേത് പോലെ ഇസ്ലാമിക പ്രവര്‍ത്തനം നടത്താന്‍ അറബ് രാജ്യങ്ങളില്‍ പോലും പറ്റില്ല: പൊന്മള അബ്ദുൽ ഖാദർ മുസ്‌ല്യാർ

''വെള്ളിയാഴ്ച്ച മതപ്രഭാഷണം നടത്താൻ നമ്മുടെ രാജ്യത്ത് ഒരു തടസ്സവും ഇല്ല''

Update: 2023-01-29 02:18 GMT

ponmala abdul khader musliyar

Advertising

കോഴിക്കോട്: ഇന്ത്യയിൽ മുസ്ലിം സമുദായം വെല്ലുവിളി നേരിടുന്നില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എപി വിഭാഗം സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍. ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തനം നടക്കുന്ന മറ്റൊരു രാജ്യവും ഇല്ല. സൗദി ഉൾപ്പടെയുള്ള ഇസ്‌ലാമിക രാജ്യങ്ങളിൽ പോലും ഇന്ത്യയിലേത് പോലെ സ്വാതന്ത്ര്യമില്ലെന്നും അബ്ദുൽ ഖാദർ മുസ്‌ല്യാർ പറഞ്ഞു. എസ്.എസ്.എഫ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

''ലോക രാഷ്ട്രങ്ങൾ പരിശോധിക്കുമ്പോൾ ഇവിടുത്തേത് പോലെ ഇസ്ലാമിക പ്രവർത്തനം നടത്താൻ കഴിയുന്ന മറ്റൊരു രാജ്യമില്ല. പരിചയമുള്ള ഗൾഫ് നാടുകളിൽ യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, സൗദി, കിഴക്കൻ രാജ്യങ്ങളിൽ മലേഷ്യ സിംഗപ്പൂർ തുടങ്ങിയിടങ്ങളിൽ ഒരിടത്തും ഇത് പോലെ പ്രവർത്തനം നടത്താനാവില്ല. വെള്ളിയാഴ്ച്ച മതപ്രഭാഷണം നടത്താൻ നമ്മുടെ രാജ്യത്ത് ഒരു തടസ്സവും ഇല്ല"- അബ്ദുൽ ഖാദർ മുസ്‌ല്യാർ പറഞ്ഞു. 

''വിവേകപൂർവം പ്രവർത്തിക്കാത്തതാണ് മുസ്‌ലിം സമുദായത്തെ കുറിച്ചുള്ള തെറ്റിദ്ധാരണക്ക് കാരണം''

മുസ്‌ലിംകളെ കുറിച്ച് ഇന്ത്യക്ക് അകത്തും പുറത്തും വലിയ തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ടെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി. സമുദായം വിവേകപൂർവം പ്രവർത്തിക്കാത്തതാണ് തെറ്റിദ്ധാരണക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. എസ്.എസ്.എഫ് ഗോൾഡൻ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഹമ്മദ് ഫൈസി.

സർക്കാറിനെയോ മറ്റ് സംഘടനകളെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സമുദായം തിരുത്തേണ്ടത് തിരുത്തണം. മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടത് ക്രമപ്രകാരം ബോധ്യപ്പെടുത്തുകയും വേണം. ഈ നിലവാരത്തിലേക്ക് യുവാക്കളും പണ്ഡിതൻമാരും സമുദായത്തിലെ മുഴുവൻ അംഗങ്ങളും ഉയരണം. എങ്കിൽ മാത്രമേ തെറ്റിദ്ധാരണ അവസാനിക്കൂ എന്നും ഫൈസി പറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News