ബിര്‍സ മുണ്ട: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര രക്തസാക്ഷി

ആദിവാസി ജനവിഭാഗത്തിന്റെ വിമോചന നായകനായ ബിര്‍സ മുണ്ട ബ്രിട്ടീഷ് നാടുവാഴിത്തത്തിനെതിരെ ഇന്ത്യയിലെ ആദിവാസി സമൂഹം നടത്തിയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Update: 2022-12-31 13:53 GMT
Click the Play button to listen to article

ബ്രിട്ടീഷ് കൊളോണിയല്‍ സര്‍വാധിപത്യത്തിനെതിരെ നടന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം ബഹുജന മുന്നേറ്റങ്ങള്‍ക്കൊപ്പം രണോല്‍സുകമായ നിരവധി സായുധ പേരാട്ടങ്ങളുടെയും ചെറുത്തു നില്‍പ്പുകളുടെയും ധീര രക്തസാക്ഷിത്വങ്ങളുടെയും കുടി ചരിത്രമാണ് അനാവരണം ചെയ്യുന്നത്. കൊളോണിയല്‍ അധിനിവേശത്തിനെതിരെ പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടുകളില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലെ ഗോത്ര വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന ചെറുതും വലുതുമായ സായുധ ഒളിപ്പോര്‍ ചെറുത്തുനില്‍പ്പുകള്‍ ഇത്തരം പോരാട്ടങ്ങളില്‍ പ്രധാനപ്പെട്ടവയായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ആദിവാസി ജനതയുടെ അതിജീവനം ദുസ്സഹമാക്കിയ ബ്രിട്ടീഷ് കടന്നുകയറ്റക്കാരെയും അവരുടെ സില്‍ബന്ദികളായ സെമിന്ദാര്‍മാരെയും ആദിവാസികളുടെ അധിവാസ മേഖലകളില്‍ നിന്നും പുറത്താക്കി ഗോത്ര വിഭാഗങ്ങളുടെ ഭൂമിയും സംസ്‌കാരവും സംരക്ഷിക്കുന്നതിനു വേണ്ടി നടന്ന ഈ പോരാട്ടങ്ങള്‍ ഇന്ത്യന്‍ സ്വതന്ത്ര്യ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ പോരാട്ടങ്ങളുടെ ചരിത്രത്തെയാണ് രേഖപ്പെടുത്തുന്നത്. ചുടുചോര കൊണ്ടു ചരിത്രം രചിച്ച ഈ സ്വതന്ത്ര്യ സമര ചരിത്ര അധ്യായങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ബംഗാള്‍ പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന ഇന്നത്തെ ജാര്‍ഖണ്ഡിലെ വനാന്തരങ്ങളില്‍ ബിര്‍സാ മുണ്ടയുടെ നേതൃത്വത്തില്‍ നടന്ന ഗോത്രവര്‍ഗക്കാരുടെ ഒളിപ്പോര്‍ പോരാട്ടങ്ങള്‍. ബ്രിട്ടീഷ് രാജിനെതിരെ മുണ്ട, ഒറോണ്‍ ഗോത്ര വിഭാഗങ്ങളെ അണിനിരത്തി കൊണ്ടു ബിര്‍സ മുണ്ട നടത്തിയ ഐതിഹാസികമായ സായുധ പോരാട്ടം ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയെങ്കിലും ആദിവാസികളുടെ സ്വത്വവും ഭൂമിയും വനാവകാശങ്ങളും സംരക്ഷിക്കാന്‍ വേണ്ട നിയമനിര്‍മാണം നടത്താന്‍ പ്രസ്തുത പോരാട്ടം പില്‍ക്കാലത്ത് വഴിതെളിക്കുകയുണ്ടായി.


1900ന്റെ തുടക്കത്തില്‍ ബ്രിട്ടീഷ് സര്‍വാധിപത്യത്തിനെതിരെ വിമോചന സമരം (ഉല്‍ഗുലാന്‍) പ്രഖ്യാപിച്ച ബിര്‍സാ മുണ്ട ആദിവാസി ജനതയുടെ പൈതൃകവും വിശ്വാസ പ്രമാണങ്ങളും ആവാസ വ്യവസ്ഥയും സംരക്ഷിക്കാന്‍ ജീവിതാവസാനം വരെ പോരാടിയ ധീരനായ സ്വാതന്ത്ര്യ സമര പോരാളിയും ആത്മീയ നേതാവും വീരപുരുഷനുമായിരുന്നു. ആദിവാസികളുടെ വിമോചന പോരാട്ട ചരിത്രത്തിലെ വെള്ളിനക്ഷത്രമായി അദ്ദേഹം ജ്വലിച്ചു നില്‍ക്കുന്നു. 1874 നവംബര്‍ 15 ന് ജാര്‍ഖണ്ഡിലെ ഉലിഹാതുവിലായിരുന്നു വീരനായകന്റെ ജനനം. ഇന്ത്യയുടെ മധ്യ- കിഴക്കന്‍ വനപ്രദേശങ്ങളിലേക്ക് ബ്രിട്ടീഷുകാരും മിഷണറിമാരും കടന്നുകയറ്റം നടത്തി കൊണ്ടിരുന്ന കാലമായിരുന്നു അത്. വനവിഭവങ്ങളും അവിടങ്ങളിലെ ഖനിജങ്ങളും ചൂഷണം ചെയ്യുന്നതിനു വേണ്ടിയാണ് ബ്രിട്ടീഷുകാര്‍ അവിടേക്ക് കടന്നു കയറിയതെങ്കില്‍ മതപരിവര്‍ത്തനം ലക്ഷ്യമാക്കിയാണ് മിഷണറിമാര്‍ ആദിവാസി മേഖലകളിലേക്ക് എത്തിയത്. ജാര്‍ഖണ്ഡിലെ ഗോത്രവിഭാഗക്കാര്‍ കൂട്ടത്തോടെ മതം മാറ്റത്തിന് വിധേയമായി കൊണ്ടിരുന്ന കാലലട്ടമായിരുന്നതിനാല്‍ നന്നെ ചെറുപ്രായത്തില്‍ തന്നെ ജര്‍മന്‍ സ്‌കൂളില്‍ ചേരുന്നതിന്റെ ഭാഗമായി ബിര്‍സാമുണ്ടക്കും ക്രിസ്തുമതം സ്വീകരിക്കേണ്ടി വന്നു. എന്നാല്‍, മതം മാറ്റം ആദിവാസികളുടെ സ്വത്വവും പൈതൃകവും നശിപ്പിക്കുമെന്നു മനസ്സിലാക്കിയ ബിര്‍സമുണ്ട താമസിയാതെ ക്രിസ്തുമതം ഉപേക്ഷിക്കുകയും മുണ്ട വിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും ജീവിത രീതിയും വിശ്വാസ പ്രമാണങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു.

ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകള്‍ ആദിവാസി മേഖലയില്‍ നടപ്പിലാക്കിയ ഫ്യൂഡല്‍ ജമീന്ദാരി സമ്പ്രദായം പോലുള്ള കാര്‍ഷിക സമ്പ്രദായങ്ങള്‍ ആദിവാസികളുടെ അതിജീവനത്തെ അക്ഷരാര്‍ഥത്തില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. കുടിയേറ്റക്കാരും സെമീന്ദാര്‍മാരും പണമിടപാടുകാരും മിഷണറിമാരും ഗോത്ര വിഭാഗങ്ങള്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ക്കൊപ്പം അണിനിരന്നതോടെ സ്ഥിതിഗതികള്‍ പൊട്ടിതെറിയിലേക്ക് നീങ്ങി. 1886-1890 കാലഘട്ടത്തില്‍ ജാര്‍ഘണ്ടിലെ ചൈബാസ കേന്ദ്രീകരിച്ചു കൊണ്ട് ബിര്‍സാ മുണ്ട ഗോത്ര വിഭാഗങ്ങള്‍ക്കുനേരെയുള്ള കടന്നുകയറ്റങ്ങളെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ഇതോടെപ്പം ഗോത്ര വിഭാഗങ്ങളുടെ ആഭ്യന്തര നവീകരണത്തിനും അദ്ദേഹം തുടക്കം കുറിച്ചു. ' ബ്രിട്ടീഷ് രാജ്ഞിയുടെ സാമ്രാജ്യം തകരട്ടെ, നമമുടെ സാമ്രാജ്യം ഉയരട്ടെ ' എന്ന ബിര്‍സാ മുണ്ടയുടെ ആഹ്വാനം ജാര്‍ഖണ്ടിലെ ഗോത്രമേഖലകളില്‍ അലയടിച്ചു. ഉല്‍ഗുലാന്‍ എന്ന പേരില്‍ അറിയപ്പെട്ട ബിര്‍സാ മുണ്ടയുടെ വിമോചന പോരാട്ടം ബ്രിട്ടീഷ് രാജിനെതിരെ പൊട്ടിപ്പുറപ്പെട്ട ആദ്യകാല ഒളിപ്പോര്‍ സായുധ പോരാട്ടങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു. പരമ്പരാഗത ആയുധങ്ങളായ അമ്പും വില്ലും ഉപയോഗിച്ച് ഒളിപ്പോര്‍ പോരാളികള്‍ നടത്തിയ ആക്രമണത്തിന്റെ ഫലമായി പല മേഖലകളില്‍ നിന്നും ബ്രിട്ടീഷ് സൈന്യത്തിന് പിന്മാറേണ്ടി വന്നു.


വിവിധ ഗോത്ര വിഭാഗങ്ങളെ സംഘടിപ്പിച്ചു കൊണ്ടു ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ബഹുജന നേതാവായിരുന്നു ബിര്‍സമുണ്ട. അദ്ദേഹത്തിന്റെ പേരാട്ടം ജനമനസ്സുകളെ ജ്വലിപ്പിക്കുകയും ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ പൊതു ജനവികാരം ഉയര്‍ന്നു വരാന്‍ വഴിതുറക്കുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ക്ക് നികുതി പണം നല്‍കരുതെന്ന് ആഹ്വാനം ചെയ്ത ബിര്‍സ മുണ്ട പല മേഖലയിലും ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ ചെറുത്ത് നില്‍പ്പ് തന്നെ സംഘടിപ്പിക്കുകയുണ്ടായി. പോരാട്ടത്തിന്റെ ഭാഗമായി പല മേഖലകളിലെയും ബ്രിട്ടീഷ് ഔട്ട് പോസ്റ്റുകള്‍ ഒളിപ്പോരാളികള്‍ ആക്രമിച്ചു നശിപ്പിച്ചു. തത്ഫലമായി പല മേഖലകളില്‍ നിന്നും ബ്രിട്ടീഷുകാര്‍ക്ക് പിന്തിരിയേണ്ടിവന്നു. സായുധ പോരാട്ടം കൊടുമ്പിരി കൊള്ളവെ 1900 മാര്‍ച്ച് 3- ന് ബിര്‍സാ മുണ്ടയെ അറസ്റ്റ് ചെയ്തു റാഞ്ചി ജയിലിലടച്ചു. ജൂണ്‍ 9-ന്, ഇരുപത്തിയഞ്ചാം വയസ്സില്‍ ആ ധീര സ്വതന്ത്ര്യ സമര പോരാളി രക്തസാക്ഷിയായി. ബിര്‍സാ മുണ്ടാ രക്തസാക്ഷിയായെങ്കിലും അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ പില്ക്കാലത്ത് ഫലം കാണുക തന്നെ ചെയ്തു. 1908 - ല്‍ നിലവില്‍ വന്ന ഛോട്ടാനാഗ്പൂര്‍ കുടിയാന്‍ നിയമമായിരുന്നു ഇതില്‍ പ്രധാനം. ഈ നിയമ പ്രകാരം ആദിവാസികളുടെ ഭൂമി ആദിവാസികളല്ലാത്തവര്‍ക്ക് കൈമാറ്റം ചെയ്യുന്നത് വിലക്കപ്പെട്ടു. ഒപ്പം ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നാഴികക്കല്ലുകളായി തീര്‍ന്ന നിരവധി നിയമനിര്‍മാണങ്ങള്‍ക്കും വഴിയൊരുക്കി.

1989 ഒക്ടോബര്‍ 16-ന് ബിര്‍സാ മുണ്ട എന്ന ധീര രക്തസാക്ഷിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഛായാ ചിത്രം പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളില്‍ അനാച്ഛാദനം ചെയ്യപ്പെട്ടു. 2000 നവംബര്‍ 15-ന് ജാര്‍ര്‍ഖണ്ഡ് സംസ്ഥനവും നിലവില്‍ വന്നു. ആ ധീര ദേശാഭിമാനിയോടുള്ള ആദരസൂചകമായി ബിര്‍സാ മുണ്ട എയര്‍ പോര്‍ട്ട് (റാഞ്ചി), ബിര്‍സ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി (സിഡ്രി), ബിര്‍സാ കോളജ്, ബിര്‍സാ മുണ്ടാ ട്രൈബല്‍ യൂണിവേഴ്‌സിറ്റി എന്നിവയും സ്ഥാപിതമായി. ഇതിഹാസ നായകന്റെ സംഭവബഹുലമായ ജീവിത കഥയെ ആസ്പദമാക്കി ഹിന്ദിയില്‍ രണ്ടു സിനിമകള്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. മഹാശ്വേത്വാ ദേവിയുടെ 'ആരണ്യര്‍ അധികാര്‍'' എന്ന ചരിത്ര നോവല്‍, ബ്രിട്ടീഷ് രാജിനെതിരെ ബിര്‍സാമുണ്ട നടത്തിയ ഐതിഹാസിക പോരാട്ടങ്ങളുടെ ലിഖിതാവിഷ്‌കാരമാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ബിര്‍സാ മുണ്ട എന്ന ധീര വിപ്‌ളവകാരി ബ്രിട്ടീഷുകാര്‍ക്കെതിരെ ആദിവാസി സമൂഹത്തെ അണിനിരത്തി നടത്തിയ ചരിത്രത്തിലെ സമാനതകളില്ലാത്ത പോരാട്ടങ്ങളെ നമുക്ക് അനുസ്മരിക്കാം,

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ആര്‍. അനിരുദ്ധന്‍

Writer

Similar News