Quantcast

ഥാറിന്‍റെ ചിറകരിയുമോ ഖൂര്‍ഖ? ആരാണ് മികച്ചത് ?

ഒരുവശത്ത് ഇന്ത്യക്കാര്‍ കണ്ടുപരിചയിച്ച മഹീന്ദ്രയുടെ വിശ്വാസം; മറുവശത്ത് പഴയ ഡിഎന്‍എയുടെ കരുത്തുമായി എത്തിയ ഫോഴ്സിന്‍റെ ഖൂര്‍ഖ

MediaOne Logo

Web Desk

  • Published:

    18 Sep 2021 2:39 PM GMT

ഥാറിന്‍റെ ചിറകരിയുമോ ഖൂര്‍ഖ? ആരാണ് മികച്ചത് ?
X

ഇന്ത്യൻ ഓഫ് റോഡ് വാഹനങ്ങളുടെ ലോകത്ത് കഴിഞ്ഞ കുറച്ചു കാലമായി കിരീടം വെക്കാത്ത രാജാവായി വിലസുകയാണ് മഹീന്ദ്രയുടെ സ്വന്തം ഥാർ. ആ മേഖലയിലേക്ക് ഥാറിന് കനത്ത വെല്ലുവിളിയുർത്തി കടന്നുവന്നിരിക്കുകയാണ് ഫോഴ്‌സിന്റെ ഖൂർഖ. കഴിഞ്ഞ വർഷത്തെ ഓട്ടോ എക്‌സ്‌പോയിൽ മുഖം കാണിച്ചതു മുതൽ വാഹനപ്രേമികൾ കാത്തിരിക്കുകയാണ് ഖൂർഖയുടെ മാസ് എൻട്രിക്ക് വേണ്ടി. ആ കാത്തിരിപ്പ് അവസാനിക്കാൻ ഇനി കുറച്ചു ദിനരാത്രങ്ങൾ കൂടിയേ ബാക്കിയുള്ളൂ. സെപ്റ്റംബർ 27 ന് വാഹനത്തിന്റെ വില കമ്പനി പുറത്തുവിടും. ഒക്ടോബറിൽ ഡെലിവറിയും ആരംഭിക്കും. ഇതിനോടകം തന്നെ വാഹനത്തിന്റെ ഫീച്ചറുകൾ കമ്പനി പുറത്തു വിട്ടിട്ടുണ്ട്.

കളമൊഴിഞ്ഞ ഖൂർഖയുടെ ഡിഎൻഎ പേറുന്ന പുതിയ ഖൂർഖ പക്ഷേ പുറംമോടിയിലും സൗകര്യങ്ങളിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ബി.എസ്. 6 മലിനീകരണ നിയന്ത്രണങ്ങളുടെ ഭാഗമായി എഞ്ചിന് പെർഫോമൻസിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പ്രധാന എതിരാളിയായ ഥാറിന്റെ ചിറകരിയാൻ ഖൂർഖയ്ക്ക് ആകുമോ എന്നാണ് വാഹന പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യം.

ബോഡി അളവുകൾ

പുതിയ ഖൂർഖയുടെ ആകെ നീളം 4,166 മില്ലിമീറ്ററാണ്. 1,812 മില്ലിമീറ്റർ വീതിയും 2,075 മില്ലിമീറ്റർ ഉയരവും 2,400 മില്ലിമീറ്റർ വീൽബേസും ഖൂർഖയ്ക്കുണ്ട്.



മറുവശത്ത് ഥാറിന്റെ ആകെ നീളം 3,985 മില്ലിമീറ്ററും 1,855 മില്ലി മീറ്റർ വീതിയും (എ.എക്‌സ് വേരിയന്റിന് 1,820 മില്ലിമീറ്റർ), 1,920 മില്ലിമീറ്റർ ഉയരവും 2,450 വീൽബേസുമുണ്ട്.



ഈ അളവുകൾ വ്യക്തമാക്കുന്നത് നീളത്തിലും വീതിയിലും ഉയരത്തിലും ഖൂർഖയ്ക്കാണ് തലപ്പൊക്കം. പക്ഷേ വീൽബേസിന്റെ കാര്യത്തിൽ ഥാറിനാണ് മുൻതൂക്കം. അത് ഇന്റീരിയർ സ്‌പേസിന്റെ കാര്യത്തിൽ പ്രതിഫലിക്കും.

ഫീച്ചറുകൾ

പഴയ ഖൂർഖയെ വച്ചാണെങ്കിൽ ഥാറുമായി യാതൊരു വിധത്തിലുമുള്ള താരതമ്യത്തിന് ഇടമില്ലാത്തെ ഒരു വിഭാഗമാണിത്. ഇപ്പോൾ പക്ഷേ ഖൂർഖ വല്ലാണ്ട് മാറിയിരിക്കുന്നു. പുതിയ മോഡലിൽ ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയും നാല് സ്പീക്കറോട് കൂടിയ ഈ സിസ്റ്റത്തിലുണ്ട്. കൂടാതെ പവർ വിൻഡോ, സെൻട്രൽ ലോക്കിങ്, രണ്ട് യുഎസ്ബി ചാർജിങ് പോയിന്റ്, എസി, കോർണറിങ് ലാമ്പ്, ഡിആർഎല്ലോട് കൂടിയ എൽഇഡി ഹെഡ് ലാമ്പ്, ടിപിഎംഎസ്, റിയർ പാർക്കിങ് സെൻസറുകൾ, ഫോളോ മീ ഹോം ലാമ്പ്. എന്നിവയും ഖൂർഖയിൽ ഉൾപ്പെടുത്താൻ ഫോഴ്‌സ് ശ്രദ്ധിച്ചിട്ടുണ്ട്.



സംഭവം ഖൂർഖ ഫീച്ചർ റിച്ചാണെങ്കിലും ഥാറിന്റെ മുന്നിൽ അത് അൽപ്പം നിറം കെടുന്നുണ്ട്. ഖൂർഖയിലെ കോർണറിങ് ലാമ്പും എൽഇഡി ഹെഡ്‌ലാമ്പുമൊഴികെ ബാക്കി ഒട്ടുമിക്ക ഫീച്ചറുകളും താറിലുണ്ട്. കൂടാതെ സ്മാർട്ട് വാച്ച് കണക്ടിറ്റിവിറ്റി, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകൾ, റിയൽ ടൈം അഡ്വവെഞ്ച്വർ സ്റ്റാറ്റിസ്റ്റിക്‌സ് ഡിസ്‌പ്ലെ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക് ഒആർവിഎംഎസ്, എംഐഡിയോട് കൂടിയ സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, കീലെസ് എൻട്രി അങ്ങനെ നിരവധി ഫീച്ചറുകൾ നിറഞ്ഞതാണ് ഥാറിന്റെ അകവും പുറവും.



സുരക്ഷ

വാഹനത്തിന്റെ സുരക്ഷയെ പറ്റിയും ഇന്ത്യക്കാർ ചിന്തിക്കാൻ തുടങ്ങിയിരിക്കുന്ന ഇക്കാലത്ത് സേഫ്റ്റി സ്റ്റാൻഡേർഡുകൾ മികച്ചതാക്കേണ്ടത് പ്രധാനപ്പെട്ടതാണ്. പുതിയ ഖൂർഖയിൽ മുന്നിൽ രണ്ട് എയർ ബാഗുകളും, എബിഎസ്, ഇബിഡി, റിയർ പാർക്കിങ് സെൻസറുകൾ, ടിപിഎംഎസ് എന്നിവ അടങ്ങിയിട്ടുണ്ട്.



എന്നാൽ ഥാറിന്റെ സുരക്ഷ നമ്മൾ കണ്ടു പരിചയിച്ചിതാണ്. മുന്നിൽ രണ്ട് എയർ ബാഗുകൾ, എബിഎസ്, ഇബിഡി, റോൾ ഓവർ മിറ്റിഗേഷനോട് കൂടിയ ഇഎസ്പി, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസെന്റ് കൺട്രോൾ, ടിപിഎംഎസ്, പിന്നെ റോൾ കേജിന്റെ സുരക്ഷയും എന്നിങ്ങനെ നീളുന്നു ഥാറിന്റെ സുരക്ഷാ സവിശേഷതകൾ. കൂടാതെ ഗ്ലോബൽ എൻകാപ്പ് റേറ്റിങിൽ 4 സ്റ്റാർ റേറ്റിങും ഥാറിന് ലഭിച്ചിട്ടുണ്ട്. ഖൂർഖ ഇതുവരെ ക്രാഷ് ടെസ്റ്റിന് വിധേയമായിട്ടില്ല. എന്നിരുന്നാലും പഴയ ഖൂർഖയെക്കാളും മികച്ച സുരക്ഷ പുതിയ മോഡൽ നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.


എഞ്ചിനും പെർഫോർമൻസും

മെഴ്‌സിഡസ് ബെൻസിൽ നിന്നെടുത്ത 2.6 ലിറ്റർ ടർബോ ചാർജഡ് എഞ്ചിനാണ് ഖൂർഖയ്ക്ക് കരുത്ത് പകരുന്നത്. 90 ബിഎച്ച്പി പവറും പരമാവധി 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് കഴിയും. പക്ഷേ 5-സ്പീഡ് മാനുവൽ ഗിയർ ബോക്‌സിൽ മാത്രമാണ് ഖൂർഖ ലഭ്യമാകുന്നത്.


മറുവശത്ത് 2.2 ലിറ്റർ ഡീസൽ എഞ്ചിനും 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോൾ എഞ്ചിനും ഥാറിന്റെ ഹൃദയമാകുന്നു. ഡീസൽ എഞ്ചിൻ 130 ബിഎച്ച്ബി പവറും 300 എൻഎം ടോർക്കും നൽകുന്നുണ്ട്. പെട്രോൾ എഞ്ചിന് 150 ബിഎച്ച്പി പവറും 320 എൻഎം ടോർക്കും നൽകാൻ സാധിക്കും.

ഥാറിന് 6 സ്പീഡ് മാനുവലും ഓട്ടോമാറ്റിക് ഗിയർ ബോക്‌സുകൾ ലഭ്യമാണ്. പവറിലെ കുറവ് ക്ഷമിക്കാമെങ്കിലും ഓട്ടോമാറ്റിക്ക് ഗിയർബോക്‌സില്ല എന്ന പരിമിതി ഖൂർഖയ്ക്ക് തിരിച്ചടിയാകും.

ഓഫ് റോഡിൽ മുമ്പനാര് ?

ഈ രണ്ട് വാഹനങ്ങളും ഓഫ് റോഡ് പ്രകടനം അടിസ്ഥാനമാക്കി നിർമിച്ചവയാണ്. പുതിയ ഖൂർഖയ്ക്ക് ഡിഫ്രൻഷ്യൽ ലോക്കോട് കൂടിയ 4X4 സംവിധാനം ലഭ്യമാണ്. കൂടാതെ 35 ഡിഗ്രി ഗ്രേഡബിലിറ്റിയും ഖൂർഖയ്ക്കുണ്ട്.

ഥാറിന്റെ ഓഫ് റോഡ് പ്രകടനം ഇന്ത്യക്കാർക്ക് പരിചയമുള്ളതാണ്. 4X4 സവിശേഷതയോട് കൂടിയ ഥാറിന് 2എച്ച, 4എച്ച്, 4എൽ എന്നീ മോഡുകളും ലഭ്യമാണ്. ഖൂർഖ ഇതുവരെ ഓഫ് റോഡിൽ ടെസ്റ്റ് ഡ്രൈവിന് ലഭ്യമല്ലാത്തതിനാൽ വാഹനത്തിന്റെ പ്രകടനം ഇപ്പോൾ വിലയിരുത്താൻ സാധിക്കില്ല.


വിലയുടെ കാര്യത്തിൽ ഥാറിനെക്കാളും കുറഞ്ഞ വിലശ്രേണിയിലായിരിക്കും ഖൂർഖയുണ്ടാകുക. അതുകൊണ്ടു തന്നെ ആ മുൻതൂക്കം ഖൂർഖയ്ക്ക് ലഭിക്കും.

TAGS :

Next Story