Quantcast

പെട്രോളും വേണ്ട ചാര്‍ജിങും വേണ്ട, ഓടിയാല്‍ ചാര്‍ജാകും; ഹൈബ്രിഡ് കാറുകളുമായി മാരുതി

വരുന്ന 15 വര്‍ഷത്തേക്ക് ആശ്രയിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ഹൈബ്രിഡ് സംവിധാനം

MediaOne Logo

Web Desk

  • Updated:

    2021-08-24 16:25:37.0

Published:

24 Aug 2021 10:30 AM GMT

പെട്രോളും വേണ്ട ചാര്‍ജിങും വേണ്ട, ഓടിയാല്‍ ചാര്‍ജാകും; ഹൈബ്രിഡ് കാറുകളുമായി മാരുതി
X

ലോകം ഇലക്ട്രിക് വാഹനങ്ങളുടെ പുറകെയാണ്. ഇന്ത്യയിലെ പല പ്രമുഖ കമ്പനികളും ഇതിനോടകം തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ പരീക്ഷിച്ചുകഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ മോട്ടോര്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി മറ്റൊരു പരീക്ഷണവുമായി രംഗത്തെത്തുകയാണ്. ഇലക്ട്രിക് ചാര്‍ജിങ് ആവശ്യമില്ലാത്ത, വാഹനം ഓടവെ ചാര്‍ജാകുന്ന ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതും ഹൈബ്രിഡ് വാഹനങ്ങള്‍ തനിയെ ചാര്‍ജായി ഇലക്ട്രിക് കരുത്തിലേക്ക് മാറുമെന്നുള്ളതും മലിനീകരണം കുറവാണെന്നുമുള്ളതുമാണ് ഈ ഹൈബ്രിഡ് വാഹനങ്ങളുടെ പ്രത്യേകത.

മറ്റ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയവര്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കിയപ്പോഴും മാരുതി ഇതുവരെ അതിന് മുതിര്‍ന്നിട്ടില്ല. നിലവിലെ സാഹചര്യത്തിന് ഏറ്റവും ഇണങ്ങുന്നത് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളാണെന്നാണ് മാരുതി പറയുന്നത്. അതുകൊണ്ട് മാരുതി ടൊയോട്ടയുമായി സഹകരിച്ച് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.




"ടൊയോട്ടയുമായി സഹകരിച്ച് കുറച്ച് ഇലക്ട്രിക് വാഹനങ്ങള്‍ ടെസ്റ്റ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഉപയോക്താക്കളുടെ പ്രതികരണത്തിന്‍റെ അടിസ്ഥാനത്തില്‍ വേണ്ട മാറ്റങ്ങള്‍ സ്വീകരിച്ചായിരിക്കും മുന്നോട്ട് പോവുക. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനങ്ങള്‍ വികസിക്കുന്നതുവരെ സ്വയം ചാര്‍ജാകുന്ന വാഹനങ്ങള്‍ നമുക്ക് ആവശ്യമാണ്. ഈ ചോദ്യത്തിനുള്ള ഉത്തരമാകും ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍." മാരുതി സുസുകിയുടെ കോര്‍പറേറ്റ് പ്ലാനിങ് ആന്‍റ് ഗവ. അഫയേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ രാഹുല്‍ ഭാരതി പറഞ്ഞു.

വരുന്ന 15 വര്‍ഷത്തേക്ക് ആശ്രയിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ഹൈബ്രിഡ് സംവിധാനം. മറ്റൊരു ചാര്‍ജിങ് സംവിധാനത്തെ ആശ്രയിക്കാതെ വാഹനം തന്നെ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനുള്ള കരുത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. മലീനീകരണത്തിന്‍റെ കാര്യം പരിഗണിച്ചാല്‍ പരമ്പരാഗത ഇന്ധനങ്ങളെക്കാള്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇത്തരം വാഹനങ്ങള്‍ പുറംതള്ളുന്ന എമിഷന്‍ എന്നാണ് രാഹുല്‍ അഭിപ്രായപ്പെടുന്നത്.

2020ല്‍ സുസുക്കി യുറോപ്പില്‍ സ്വേസ് എന്ന ഹൈബ്രിഡ് ഇലക്ട്രിക് വാഹനം അവതരിപ്പിച്ചിരുന്നു. ടൊയോട്ടയുമായി സഹകരിച്ചാണ് ഈ വാഹനത്തിലെ സാങ്കേതികവിദ്യ ഒരുക്കിയിട്ടുള്ളത്. ടൊയോട്ടയുടെ കൊറോള എസ്‌റ്റേറ്റിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണ് സ്വേസ്. 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം 3.6 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. സ്വയം ചാര്‍ജ് ചെയ്യാന്‍ ശേഷിയുള്ള ഈ വാഹനത്തിന് 27 കിലോമീറ്റര്‍ ഇന്ധനക്ഷമത ഉറപ്പാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്താണ് ഹൈബ്രിഡ്?

പേരു സൂചിപ്പിക്കുന്നതു പോലെ ഒന്നിലധികം ഊർജ സ്രോതസ്സുകളെ ഉപയോഗിച്ച് സഞ്ചരിക്കുന്ന വാഹനങ്ങളെയാണ് ഹൈബ്രിഡ് എന്ന വിശേഷിപ്പിക്കുന്നത്. ഹൈബ്രിഡിന് നിരവധി ഉദാഹരണങ്ങളുണ്ട്. വാഹനങ്ങളിൽ പരമ്പരാഗത ഇന്ധനവും (മിക്കവാറും പെട്രോൾ) ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന വാഹനങ്ങളെയാണ് ഹൈബ്രിഡ് എന്നു വിളിക്കുന്നത്. എന്നാൽ ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ ബാറ്ററിയായിരിക്കും ഇതിൽ ഉപയോഗിക്കുക. ഹൈബ്രിഡുകൾ വിവിധ തരങ്ങളുണ്ട്. പാരലൽ, സീരിസ് ഹൈബ്രിഡ്, പ്ലഗ് ഇൻ ഹൈബ്രിഡ്

സീരിസ് ഹൈബ്രിഡില്‍ പെടുന്ന വാഹനമാണ് മാരുതി നിരത്തിലിറക്കാന്‍ പോകുന്നത്. സീരിസ് ഹൈബ്രിഡ് എന്ന സാങ്കേതികവിദ്യയിൽ ഇലക്ട്രിക് മോട്ടറാണ് വാഹനത്തെ ചലിപ്പിക്കുന്നത്. പെട്രോൾ എൻജിൻ ഉപയോഗിക്കുന്നത് ബാറ്ററിയെ റീച്ചാർജ് ചെയ്യാൻ മാത്രം. അതുകൊണ്ട് ഇലക്ട്രിക് കാറിന്റേതായ ഗുണങ്ങൾ ഇത്തരം ഹൈബ്രിഡിൽ നിന്ന് പ്രതീക്ഷിക്കാം.

TAGS :

Next Story