Quantcast

പി.എസ്.സി ലിസ്റ്റ് നിലനില്‍ക്കെ യുഡിഎഫ് കാലത്തും സ്ഥിരപ്പെടുത്തല്‍

എല്‍ഡിഎഫ് സർക്കാർ അധികാരമേറ്റടുത്ത ശേഷം ഈ നിയമനങ്ങള്‍ റദ്ദാക്കി.

MediaOne Logo

  • Published:

    9 Feb 2021 3:44 PM GMT

പി.എസ്.സി ലിസ്റ്റ് നിലനില്‍ക്കെ യുഡിഎഫ് കാലത്തും സ്ഥിരപ്പെടുത്തല്‍
X

നിയമന സ്ഥിരപ്പെടുത്തല്‍ വിവാദം പുകയുന്നതിനിടെ യുഡിഎഫ് ഭരണ കാലത്തും സമാനമായ നിയമനം നടന്നുവെന്ന് തെളിയിക്കുന്ന രേഖ പുറത്ത്. പി.എസ്.സി ലിസ്റ്റ് നിലനില്‍ക്കെ സെക്രട്ടറിയേറ്റിലെ താല്‍ക്കാലിക സെക്യൂരിറ്റി ഗാർഡുകളെ സ്ഥിരപ്പെടുത്തിയതിന്‍റെ വിവരങ്ങളാണ് പുറത്ത് വന്നത്. ശശി തരൂർ അടക്കമുള്ള നേതാക്കളുടെ ശിപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. എല്‍ഡിഎഫ് സർക്കാർ അധികാരമേറ്റടുത്ത ശേഷം ഈ നിയമനങ്ങള്‍ റദ്ദാക്കി.

ദിവസ വേതന അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റില്‍ അഞ്ച് വർഷമായി സുരക്ഷാ ജോലി ചെയ്യുന്ന തങ്ങളെ സ്ഥിരപ്പെടുത്തമെന്ന അപേക്ഷ ഏഴ് ജീവനക്കാർ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയത് 2015 ജൂലൈ ഒന്നിന്. അതിന് പിന്നാലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷനും കോണ്‍ഗ്രസിന്‍റെ മണ്ഡലം കമ്മിറ്റിയും കെ മുരളീധനും ശശി തരൂര്‍ എംപിയും കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂർ രവിയും നിയമനങ്ങള്‍ സ്ഥിരപ്പെടുത്തണമെന്ന ശിപാർശ കത്ത് സർക്കാരിന് നല്‍കി.

2015 ഡിസംബർ 3ന് ചേർന്ന മന്ത്രിസഭാ യോഗം നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു. ഇടത് സർക്കാർ അധികാമേറ്റെടുത്ത ശേഷം 2017 മാർച്ചില്‍ 21ന് ഈ നിയമനങ്ങള്‍ റദ്ദാക്കി. നിയമനങ്ങള്‍ സ്ഥിരപ്പെടുത്തിയ ഉത്തരവ് ക്രമവിരുദ്ധവും ചട്ടവിരുദ്ധവുമായതിനാല്‍ റദ്ദാക്കാന്‍ സ‍‍ര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അതിന് പിന്നാലെ ഈ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിവാദമായിരിക്കുന്നതിന് പിന്നാലെയാണ് യുഡിഎഫ് കാലത്തെ നിയമത്തിന്റെ രേഖകള്‍ പുറത്ത് വന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിയമന വിവാദം രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.

TAGS :

Next Story