Quantcast

വംശഹത്യ കാലത്തെ ബുഹാരി സലൂണുകൾ

MediaOne Logo

Ubaid

  • Published:

    7 July 2017 2:06 PM GMT

വംശഹത്യ കാലത്തെ ബുഹാരി സലൂണുകൾ
X

വംശഹത്യ കാലത്തെ ബുഹാരി സലൂണുകൾ

സമകാലീന ഇന്ത്യൻ സമൂഹത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന വിഷയം അതിന്റെ രാഷ്ട്രീയമായ ഉൾക്കാഴ്ച്ചയെ തിരിച്ചറിഞ്ഞ് അവതരിപ്പിക്കുകയാണ് ബുഹാരി സലൂൺ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകൻ പ്രഭുല്ലാസ്

മലയാളത്തിൽ പുറത്തിറങ്ങുന്ന ഹ്രസ്വ ചിത്രങ്ങളുടെ എണ്ണത്തിൽ സമീപകാലത്ത് ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. സിനിമാ പ്രേമിയും / ആരാധകനും, ഫ്രീക്കനും - ഫ്രീക്കത്തിയും, കുട്ടികളും, അദ്ധ്യാപകരും, തുടങ്ങി ഏതാണ്ട് എല്ലാ മേഖലയുള്ളവരുടെ സിനിമാ പരീക്ഷണ ശാലയിലെ ആദ്യ ഉത്പന്നം ഇത്തരം കുഞ്ഞു സിനിമകളാണ്. പക്ഷേ രാഷ്ട്രീയപരമായി ഹ്രസ്വ സിനിമയെ ആയുധമാക്കുന്ന പരീക്ഷണങ്ങളോ ഉപയോഗപ്പെടുത്തലുകളോ നന്നേ കുറവാണ്. അടുത്തിടെ പുറത്തിറങ്ങിയ ബുഹാരി സലൂൺ എന്ന ഹ്രസ്വ ചിത്രം അത്തരത്തിൽ രാഷ്ട്രീയപരമായ ആയുധമാക്കുന്ന ശ്രദ്ധേയമായ ചിത്രമാണ്. സമകാലീന ഇന്ത്യൻ സമൂഹത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന വിഷയം അതിന്റെ രാഷ്ട്രീയമായ ഉൾക്കാഴ്ച്ചയെ തിരിച്ചറിഞ്ഞ് അവതരിപ്പിക്കുകയാണ് ബുഹാരി സലൂൺ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകൻ പ്രഭുല്ലാസ്.

സ്ക്രീൻ കാഴ്ച്ചകളുടെ രാഷ്ട്രീയവതരണമായി അഭിനന്ദിക്കപ്പെടെണ്ട മറ്റൊരു ചിത്രമെന്ന് വിലയിരുത്താവുന്നതാണ്. പ്രശസ്ത മിമിക്രി താരം നിർമ്മൽ പാലാഴിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശൂലം ഗർഭപാത്രത്തിലേക്ക് കുത്തിക്കയറ്റി കാവി രാഷ്ട്രീയം കൊലപ്പെടുത്തിയ പർദ്ദധാരിയായ മുസ്ലിം സ്ത്രീയും, താടിയുടെയും, പേരിന്റെയും, നിസ്കാര തയമ്പിന്റെയും കാരണം പറഞ്ഞ് കാലങ്ങളായി തടവറക്കുള്ളിലായ മനുഷ്യരുടെ ജീവിതത്തോടുണ്ടായ നിസ്സഹായതയെ അടയാളപ്പെടുത്തുന്ന 25 മിനിറ്റ് ദൈർഘ്യമുള്ള കാഴ്ചയാണിത്. ബാർബർ ഷോപ്പ് തൊഴിലാളി എന്നതിനെക്കാൾ ഒസ്സാനായ/ ക്ഷുരകനായ ബാവുക്കയുടെ കഥയാണ് ബുഹാരി സലൂൺ എന്നു പറയാം. ബാവുക്കയുടെ അല്ല ഏതൊരു മുസ്‍ലിമിന്റെ ജീവിതത്തിലും സംഭവിക്കാൻ സാധ്യതയുള്ള ഒരു സാധാരണ കഥയാണിത്, തെളിച്ചു പറഞ്ഞാൽ ബാവൂക്ക ഒരു ഇരയാണ്!. ജുനൈദിനെപ്പോലെ, പെഹലൂ ഖാനെപ്പോലെ, അഖ് ലാഖിനെപ്പോലെ ക്രൂരമായി കൊല്ലപ്പെട്ട ഇര. സകരിയയേയും മദനിയെയും പോലെ കുറ്റമെന്തെന്ന് പോലും മനസ്സിലാക്കാതെ ജനാതിപത്യം ഇരുട്ടറയിൽ അടച്ചവരുടെ മുഖമാണ് ഒസ്സാൻ ബാവൂക്കാക്ക്. വംശത്തെ ഉന്മൂലനം ചെയ്യാൻ തയ്യാറെടുക്കുന്ന കാവി രാഷ്ട്രീയത്തോട് ഭരണത്തോട് ഇനിയും ഇരയുടെ നിസ്സംഗതയെ കുറിച്ച് മാത്രം സംസാരിക്കണോ? എന്നൊരു ചോദ്യം ബുഹാരി സലൂൺ ബാക്കിയാക്കുന്നുണ്ട്.

ജയിൽ വാസത്തിനു ശേഷം ബാവുക്കയുടെ പരിണാമം സൂചിപ്പിക്കുന്നതും അതു തന്നെ. ഭരണകൂടത്തിന്റെ കെണിയിൽ നിന്നും മോചിതനായ എലി വീണ്ടും കെണി പേടിച്ച് ഭക്ഷണം ത്യജിക്കുന്ന ഗാസിയാകേണ്ടി വരുന്നു. തീവ്രവാദിയുടെ രേഖാചിത്രവുമായി സാമ്യമുള്ളയാൾ കടയിൽ വന്നതായിരുന്നു ബാവുക്കയുടെ ജയിൽവാസത്തിലേക്ക് നയിച്ച കുറ്റം. ഇതൊരു സർക്കാസമാണെന്ന് ഉറപ്പിക്കാൻ മലയാളി മതേതര ബോധത്തിന് മറു ചിന്ത ആവശ്യമില്ല. പശുവിറച്ചി സൂക്ഷിക്കുന്നയാളെന്ന സംശയത്തിന്റെ പേരിൽ വയോധികനെ ക്രൂരമായ കൊലപ്പെടുത്തിയ ഭാരതത്തിലെ ജനാതിപത്യത്തിനു പക്ഷേ ബാവുക്ക ചെയ്തത് മഹാപാപമാണെന്ന് വിധിയെഴുതാൻ അര നിമിഷം മതി. ഇപ്പോഴും സെക്യുലർ കുടക്കീഴിൽ മലയാളി മുസ്ലിം സേവാണ് എന്നൊക്കെ പറയുന്ന പോലെ തമാശയാവും സിനിമ സർക്കാസ ട്രീറ്റ്മെന്റാണ് ഉപയോഗിക്കുന്നതെന്ന് വ്യാഖ്യാനിക്കുന്നത്. സെകുലർ രാജ്യമെന്നത് ഇപ്പോൾ ഇന്ത്യ പറയുന്ന ഏറ്റവും വലിയ നുണയായിരിക്കും, കൺമുന്നിൽ ജുനൈദ് എന്ന ജീവനറ്റ കുഞ്ഞു ശരീരം മായാതെ നിൽക്കുന്നുണ്ട്. അങ്ങേയറ്റം പേടിയോടെ താടിയുടെ നീട്ടം നോക്കി അവൻ അല്‍ഖാഇദ ആണെന്ന് സമൂഹം പറയുമ്പോൾ ബാവൂക്കയെപ്പോലെ പതിനായിരം നാമധാരികൾ ഇരുട്ടറയിലാവുന്നുണ്ട്. മതേതരനായ കമ്യൂണിസ്റ്റുകാരുടെ തലയ്ക്ക് കീഴെയാണ് ബുഹാരി സലൂൺ, ഒരു സെക്കുലർ അയൽക്കാരനെ സംവിധായകൻ മനപൂർവ്വം നിലനിർത്തിയതിന്റെ രാഷ്ട്രീയ ബാക്ക്ഗ്രൗണ്ട് മതേതര കേരളത്തിൽ കൊല്ലപ്പെട്ട മൗലവിയേയും ഫൈസലിനേയും മെല്ലാം മനസ്സിലെത്തിക്കൻ സഹായിക്കുന്നുണ്ട്. "ദേശങ്ങളെല്ലാം മുറിഞ്ഞു പോകുന്നു. വംശങ്ങളെല്ലാം മുടിഞ്ഞു തീരുന്നു." എന്നു തുടങ്ങുന്ന സിനിമയിലെ ഗാനം ഇതിവൃത്തത്തോടും വ്യാഖ്യാനിക്കുന്ന രാഷ്ട്രീയത്തോടും ചേർന്ന നിൽക്കുന്നു. വംശങ്ങളെ നിഗ്രഹിക്കാൻ അധികാരികൾ നൽകുന്ന ത്രീശൂല, ലിംഗ സമ്മതങ്ങൾ ബാക്കിയാക്കുന്ന നിസ്സംഗതയുടെ കണ്ണുനീരാണ് ഓരോ വരികളും.

ദളിതനും അടിയാളനും ന്യൂനപക്ഷങ്ങൾക്കും മാത്രമായ നിശബ്ദമായ അടിയന്തരാവസ്ഥയുടെ തെളിവാണ് ഓരോ ബാവൂക്കമാരും. പ്രഭുല്ലാസിന് സിനിമക്കാവിശ്യമായ വർണ്ണങ്ങളും വാക്കുകളും കരുത്തും സംഗീതവും കാഴ്ച്ചയുമെല്ലാം അടുക്കി പെറുക്കി ഫ്രയിമുകളാക്കാൻ കഴിഞ്ഞിട്ടുണ്ട്. ആ കൃത്യത തന്നെയാണ് സംവിധായകന്റെ വിജയമായി കാണാൻ കഴിയുക. സാങ്കേതികമായി മികച്ചും നിൽക്കുന്ന സിനിമയാണ് ബുഹാരി സലൂൺ, സാധരാണ ഷോർട്ട് ഫിലിം പരീക്ഷണമാകാതെ വേറിട്ടൊരു കാഴ്ച്ചാനുഭവം സമ്മാനിക്കുന്നു. സിനിമ രാഷ്ട്രീയമാവുമ്പോഴാണ് കൂടുതൽ സ്വീകാര്യത കൈവരിക്കുന്ന ജനകീയ കലയാകുന്നത്. അവിടെ ജീവനും ജീവിതവുമെല്ലാം രാഷ്ട്രീയമായി റിഫ്ളക്ട് ചെയ്യപ്പെടുന്ന ഫ്രയിമുകളുണ്ടാവും. ബുഹാരി സലൂൺ റിഫ്ളക്കഷനാണ്, ജീവിക്കാൻ അനുവദിക്കാത്ത അധികാരത്തിനു നേരെയുള്ള ഒരു വംശത്തിന്റെ നിസ്സംഗതയുടെ റിഫ്ളക്ഷൻ.

ചിലരൊക്കെ പരിചിതരാണ് പക്ഷേ പേരുകൾ പറയാതിരിക്കാൻ വയ്യ. ബുഹാരി സലൂൺ സ്ക്രീനിലെത്തിവർ ഇവരാണ്: കമൂറ വിഷ്വൽ സിഗനൽസിന്റെ ബാനറിൽ എ.പി.മുഹമ്മദ് അഫ്സലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്യാമറ & കട്ട്: കണ്ണൻ പട്ടേരി, ആർട്ട്: അനീസ് നാടോടി, പശ്ചാതല സംഗീതം: പ്രതീക് അഭയങ്കർ, ഗാനങ്ങൾ മുഹമ്മദ് അക്ബർ, ഗാനരചന: നസറുള്ള വാഴക്കാട്, സൗണ്ട് ഡിസൈൻ അമ്യത് ശങ്കർ, പ്രൊഡക്ഷൻ കൺടോളർ ഹാരിസ് പള്ളിപറമ്പൻ, ചമയം സജി കൊരട്ടി & സുന്ദർലാൽ. ആനന്ദ് ബാൽ, പി.എ.എം.ഹനീഫ്, സുലോചന നെന്മണ്ട, ബിന്ദു ജയൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ മീഡിയാ പാർടനർ പ്രമുഖ പരസ്യ സ്ഥാപനമായ പുളളീസ് ജംക്ഷൻ ആണ്. നിലവിൽ ബ്ലോസ്സം ആൾ കേരള ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള അവാർഡും യൂത്ത് സ്പ്രിംഗ് ഷോർട്ട് ഫിലിം ഫെസ്റ്റിൽ മികച്ച ചിത്രത്തിനുള്ള അവാർഡും ചിത്രം ഫിലിം സൊസൈറ്റി നടത്തിയ ഷോട്ട് ഫിലിം മത്സരത്തിൽ ജൂറി സ്പെഷൽ അവാർഡും ബുഹാരി സലൂൺ സ്വന്തമാക്കിയിട്ടുണ്ട്.

Next Story