Quantcast

സൌദിയില്‍ വധശിക്ഷ കാത്ത് കഴിയുന്ന യുപി സ്വദേശിക്ക് ഇരയുടെ കുടുംബം മാപ്പ് നല്‍കി

MediaOne Logo

Jaisy

  • Published:

    6 Jun 2018 3:51 AM GMT

മാപ്പ് ലഭിച്ചതോടെ യുപിയിലെ ഗോണ്ട സ്വദേശി അലി ഷഫീഉല്ലക്ക് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനാകും.

ഒറ്റപ്പാലം സ്വദേശി കൊല്ലപ്പെട്ട കേസില്‍ സൌദിയില്‍ വധശിക്ഷ കാത്ത് കഴിയുന്ന യുപി സ്വദേശിക്ക് ഇരയുടെ കുടുംബം മാപ്പ് നല്‍കി. മാപ്പ് ലഭിച്ചതോടെ യുപിയിലെ ഗോണ്ട സ്വദേശി അലി ഷഫീഉല്ലക്ക് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനാകും.

കൊല്ലപ്പെട്ട ആഷിഫിന്റെ മാതാവ് പാണക്കാട് സാദിഖലി തങ്ങളുടെ വീട്ടില്‍ വെച്ച് മാപ്പു നല്‍കല്‍ രേഖ കൈമാറി. ഒറ്റപ്പാലം പത്തൊന്‍പതാം മൈല്‍ സ്വദേശി മുഹമ്മദ് ആഷിഫ് 2011 ലാണ് സൌദിയില്‍ കൊല്ലപ്പെടുന്നത്. അല്‍ഹസയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്ന ആഷിഫിനെ സഹപ്രവര്‍ത്തകന്‍ കൂടിയായ യുപിക്കാരന്‍ അലി കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ അലിയെ കോടതി വധശിക്ഷക്ക് വിധിച്ചു. മനോനില തെറ്റിയതിനെ തുടര്‍ന്ന് അലിയെ ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ ശിക്ഷാ ഉത്തരവ് നടപ്പായിട്ടില്ല. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ മാപ്പ് നല്‍കിയാല്‍ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ അവസരമുള്ളതിനാല്‍ അല്‍ഹസയിലെ കെഎംസിസി പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു.

ആഷിഫിന്റെ മാതാവ് ആയിഷാബി മാപ്പു നല്‍കാന്‍ തയ്യറായി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ വെച്ച് മാപ്പ് നല്‍കല്‍ രേഖ ഷഫീഉല്ലയുടെ ഭാര്യ റസിയക്ക് കൈമാറി. ആയിഷാബിയുടെ ത്യാഗത്തെ ജീവനുള്ളിടത്തോളം മറക്കില്ലെന്ന് റസിയ കണ്ണുനീരോടെ പറഞ്ഞു. മാപ്പു നല്‍കിയ രേഖ സൌദി കോടതിയില്‍ ഉടന്‍ തന്നെ കെഎംസിസി സമര്‍പ്പിക്കും.

TAGS :

Next Story