Quantcast

ലഹരിമരുന്ന് ഉപയോഗിക്കുന്നവർ ചികിത്സയ്ക്ക് തയ്യാറായാൽ ക്രിമിനൽ കേസിൽ നിന്ന് ഒഴിവാക്കും; ഖത്തർ ആരോഗ്യ മന്ത്രാലയം

മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ചികിത്സക്കായി അധികൃതരെ സമീപിക്കുകയാണെങ്കിൽ അവർക്കെതിരെ ക്രിമിനൽ കേസെടുക്കില്ല

MediaOne Logo

Web Desk

  • Published:

    18 Oct 2021 4:56 PM GMT

ലഹരിമരുന്ന് ഉപയോഗിക്കുന്നവർ ചികിത്സയ്ക്ക് തയ്യാറായാൽ ക്രിമിനൽ കേസിൽ നിന്ന് ഒഴിവാക്കും; ഖത്തർ ആരോഗ്യ മന്ത്രാലയം
X

ഖത്തറിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നവർ ചികിത്സയ്ക്ക് തയ്യാറാവുന്ന പക്ഷം ക്രിമിനൽ കേസിൽ നിന്ന് ഒഴിവാക്കിക്കൊടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. മയക്കുമരുന്ന് ഉപയോഗത്തിന് അടിപ്പെട്ടവരെ ചികിത്സിക്കുന്നതിനും ലഹരിമുക്തരാക്കുന്നതിനും നിയമസംവിധാനം പ്രത്യേക മാനുഷിക പരിഗണന നൽകുമെന്നും മന്ത്രാലയം അറിയിച്ചു

'ലഹരിയും പ്രതിരോധ രീതികളും' എന്ന തലക്കെട്ടിൽ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ബോധവൽകരണ വെബിനാറിൽ സംസാരിക്കവെ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ജനറൽ ഡയറക്ടറേറ്റിലെ മാധ്യമ, ബോധവൽകരണ വിഭാഗം ഉദ്യോഗസ്ഥൻ ഫസ്റ്റ് ലെഫ്. അബ്ദുല്ല ഖാസിം ആണ് ഇക്കാര്യം അറിയിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ചികിത്സക്കായി അധികൃതരെ സമീപിക്കുകയാണെങ്കിൽ അവർക്കെതിരെ ക്രിമിനൽ കേസെടുക്കില്ല.

മയക്കുമരുന്ന് ഉപയോഗത്തിന് അടിമപ്പെട്ടവരെ ചികിത്സിക്കുന്നതിനും അവരെ ലഹരിമുക്തരാക്കുന്നതിനും നിയമസംവിധാനം പ്രത്യേക മാനുഷിക പരിഗണന നൽകും. എന്നാൽ, ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് മറച്ചുവെച്ചാൽ പരമാവധി ഒരു വർഷം തടവോ 10000 റിയാൽ പിഴയും ആറ് മാസം തടവോ ശിക്ഷയായി ലഭിക്കുമെന്നും ലഹരി ഉപയോഗിക്കുന്ന സംഭവ സ്ഥലത്ത് നിന്നും ഒരാളെ പിടികൂടുകയാണെങ്കിൽ 5000 റിയാലിൽ കുറയാത്ത പിഴയും ചുമത്തുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഖത്തറിലെ പ്രവാസി സമൂഹങ്ങൾക്കായി ഡ്രഗ് എൻഫോഴ്‌സ്‌മെൻറ് ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലം വെബിനാർ സംഘടിപ്പിച്ചത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മിഡിലീസ്റ്റും നോർത്ത് ആഫ്രിക്കയും ഉൾപ്പെടുന്ന മിന മേഖലയിൽ മാത്രം അഞ്ച് ലക്ഷത്തിലധികം ലഹരി ഉപയോക്താക്കളുണ്ട്. ഖത്തറിൽ ലഹരി ഉപയോഗിക്കുന്നവരെ മുക്തരാക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിൽ നൗഫാർ സെന്റർ എന്ന പേരിൽപ്രത്യേക ചികിത്സാ പുനരധിവാസ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.

രക്ഷിതാക്കളിൽ നിന്നുള്ള അവഗണന, കുടുംബത്തിലെ ലഹരി ഉപയോഗിക്കുന്നവരുടെ സാന്നിദ്ധ്യം, ദുശിച്ച കൂട്ടുകെട്ട്, തൊഴിലിലും വിദ്യാഭ്യാസത്തിലും നിരാശ സംഭവിക്കുക തുടങ്ങിയവ ലഹരി ഉപയോഗത്തിലേക്ക് ഒരാളെ എത്തിക്കുന്ന പ്രധാന ഘടകങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരുന്നുകളുമായി യാത്ര ചെയ്യുന്നവർ തങ്ങളുടെ കൈവശം നിരോധിത മരുന്നുകളില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം മുന്നറയിപ്പ് നൽകി.

TAGS :

Next Story