Quantcast

ട്രംപ് ഇനിയും വളരാനുണ്ടെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ്

MediaOne Logo

Subin

  • Published:

    1 Jun 2018 2:59 PM GMT

ട്രംപ് ഇനിയും വളരാനുണ്ടെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ്
X

ട്രംപ് ഇനിയും വളരാനുണ്ടെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ്

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ക്ക് രാജ്യത്തെ രഹസ്യാന്വേഷണ സംവിധാനങ്ങളില്‍ വിശ്വാസമില്ല എന്ന് പറയുന്നത് തീര്‍ത്തും ബുദ്ധിഹീനമാണെന്നും ബൈഡന്‍ പറഞ്ഞു...

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍. രഹസ്യാന്വേഷണ സംവിധാനങ്ങള്‍ക്കെതിരായ ട്രംപിന്റെ പ്രസ്താവനയെ ബൈഡന്‍ രൂക്ഷമായി വിമര്‍ശിച്ചു. ട്രംപ് കുറച്ചു കൂടി വളരണമെന്നും തന്റെ സ്ഥാനത്തെ കുറിച്ച് ബോധവാനാകണമെന്നും ബൈഡന്‍ പറഞ്ഞു.

വൈറ്റ് ഹൗസില്‍ പിബിസി ന്യൂസുമായുള്ള അഭിമുഖത്തിനിടെയാണ് ബൈഡന്‍ ട്രംപിനെ നിശിതമായി വിമര്‍ശിച്ചത്. സെനറ്റിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ നേതാവായ ചക് ഷൂമറെ കോമാളികളുടെ തലവന്‍ എന്ന് ട്രംപ് ടിറ്ററില്‍ അഭിസംബോധന ചെയ്തതിനെ കുറിച്ചുള്ള ചോദ്യത്തിന് ബൈഡന്റെ മറുപടി ഇതായിരുന്നു. ട്രംപ് ഇത്തരത്തില്‍ തരംതാഴരുതെന്നും താന്‍ എത്തിച്ചേര്‍ന്ന പദവിയെക്കുറിച്ച് അല്‍പമെങ്കിലും ബോധമുണ്ടാകണമെന്നും ബൈഡന്‍ പറഞ്ഞു.

യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കെതിരായ ട്രംപിന്റെ പരാമര്‍ശത്തെയും ബൈഡന്‍ വിമര്‍ശിച്ചു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ക്ക് രാജ്യത്തെ രഹസ്യാന്വേഷണ സംവിധാനങ്ങളില്‍ വിശ്വാസമില്ല എന്ന് പറയുന്നത് തീര്‍ത്തും ബുദ്ധിഹീനമാണെന്നും ബൈഡന്‍ പറഞ്ഞു. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അറിയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ തനിക്കറിയാമെന്നാണ് ട്രംപിന്റെ ഭാവം. പാഠഭാഗങ്ങള്‍ അധ്യാപകനേക്കാള്‍ നന്നായി എനിക്ക് അറിയാം എന്ന് ഒരു വിദ്യാര്‍ത്ഥി പറയുന്നത് പോലെയാണിതെന്നും ബൈഡന്‍ പരിഹസിച്ചു. റഷ്യന്‍ ഇടപെടലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തനിക്ക് കൈമാറാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തയ്യാറാകുന്നില്ലെന്ന് ട്രംപ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ റഷ്യന്‍ ഇടപെടലിന്റെ കൂടുതല്‍ വിവരങ്ങള്‍ അടുത്തയാഴ്ച പുറത്തുവിടുമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവി ജെയിംസ് ക്ലാപ്പര്‍ വ്യക്തമാക്കി.

Next Story