Quantcast

അസീഫ ഭൂട്ടോയുടെ രാഷ്ട്രീയ പ്രവേശം; ബേനസീറിന്റെ ഓർമകളിൽ പാക് ജനത

കഴിഞ്ഞ ആഴ്ച മുൾത്താനിൽ നടന്ന പ്രതിപക്ഷ സഖ്യകക്ഷികളുടെ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച അസീഫ ഭൂട്ടോ, ബീബിയുടെ ഓർമകളിലേക്ക് കാണികളെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

MediaOne Logo

  • Published:

    13 Dec 2020 3:58 PM GMT

അസീഫ ഭൂട്ടോയുടെ രാഷ്ട്രീയ പ്രവേശം; ബേനസീറിന്റെ ഓർമകളിൽ പാക് ജനത
X

''ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം, ചിലപ്പോൾ കൊല്ലപ്പെട്ടേക്കാം, എന്നാലും ഈ ജനതയുടെ ജനാധിപത്യ മോഹങ്ങൾ തിരികെ കൊണ്ടുവരാൻ ആ അപകട സാധ്യതകൾ സധൈര്യം ഏറ്റെടുക്കുന്നു''

കൊല്ലപ്പെടുന്നതിന് 9 വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയിൽ പാക്കിസ്ഥാന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ എഴുതിയ വരികളാണിത്. ദക്ഷിണേഷ്യൻ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ചോ, ലോക വനിതാ നേതൃത്വങ്ങളെക്കുറിച്ചോ ചർച്ചചെയ്യുമ്പോൾ ഒഴിച്ചുകൂടാനാകാത്ത പേരാണ് ബേനസീർ ഭൂട്ടോ. ഇന്ത്യയുടെ ഇന്ദിരയെ പോലെ, പാക്കിസ്ഥാന്റെ രാഷ്ട്രീയ ചരിത്രത്തിലെ കരുത്തുറ്റ സ്ത്രീ പ്രാതിനിധ്യമായിരുന്നു അവർ. 2007 ഡിസംബർ 27ന്, തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഉച്ചിയിൽ നിൽക്കുമ്പോഴാണ് ബേനസീർ ഭൂട്ടോ കൊല്ലപ്പെടുന്നത്.

സുല്‍ഫിക്കർ അലി ഭുട്ടോക്ക് പാതിവഴിയിൽ ഉപേക്ഷിച്ച് പോകേണ്ടി വന്ന രാഷ്ട്രീയ പാതയെ പിന്തുടർന്ന് ബേനസീർ പൊതുരംഗത്തെത്തിയത് പോലെ, ബേനസീറിന്റെ മരണാന്തരം ഏകമകൻ ബിലാവൽ പാകിസ്ഥാൻ രാഷ്ട്രീയത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചു. എന്നാൽ ബേനസീറിന്റെ പെണ്മക്കളായ ഭക്താവറും അസീഫയും ഇക്കാലമത്രയും രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഭക്താവർ പൊതുജീവിതത്തോട് നന്നേ താല്‍പര്യം കുറഞ്ഞ ആളാണെങ്കിൽ, ഇളയമകൾ അസീഫ ഭൂട്ടോ എവിടെയൊക്കെയോ മാതാവിനെ പ്രതിഫലിപ്പിക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചിച്ചിട്ടില്ലായിരുന്നുവെങ്കിലും, സാമൂഹിക പ്രവർത്തനങ്ങളിൽ അവർ സജീവയായിരുന്നു. രൂപത്തിലും സംസാരത്തിലുമെല്ലാം പാക്കിസ്ഥാനികളുടെ ബിബിയോട് ഏറെ സാദൃശ്യമുള്ള അസീഫ ഭൂട്ടോ സർദാരി, ഒടുവിൽ പാക് ദേശീയ രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ച മുൾത്താനിൽ നടന്ന പാക്കിസ്ഥാൻ പ്രതിപക്ഷ സഖ്യകക്ഷികളായ പാക്കിസ്ഥാൻ ഡെമോക്രാറ്റിക്‌ മൂവ്മെന്റിന്റെ പൊതുറാലിയെ സഹോദരൻ ബിലാവലിന് പകരം അസീഫയാണ് അഭിസംബോധന ചെയ്തത്. വാക്കുകളിലും ആർജ്ജവത്തിലും മാതാവ് ബേനസീർ ഭുട്ടോയെ വളരെയധികം പ്രതിഫലിപ്പിച്ച അസീഫ, ബീബിയുടെ ഓർമകളിലേക്ക് കാണികളെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

ബേനസീർ അഥവാ കിഴക്കിന്റെ പുത്രി

1977ൽ ഓക്സ്ഫഡിൽ അവസാന വർഷ വിദ്യാർത്ഥിയായിരിക്കെയാണ് ബേനസീർ ഭൂട്ടോയുടെ പിതാവ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന സുല്‍ഫിക്കർ അലി വധിക്കപ്പെടുന്നത്. തുടർന്ന്, ആറ് വർഷത്തോളം പാക്കിസ്ഥാനിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ ഭൂട്ടോയും കുടുംബവും 1984ലാണ് ജയിൽമോചിതരായത്. ആരോഗ്യകാരണങ്ങളാൽ ബ്രിട്ടനിലേക്ക് പോയ ബേനസീർ ഭൂട്ടോ അവിടെ നിന്നുകൊണ്ടു തന്നെ പാക് രാഷ്ട്രീയത്തിൽ ശക്തമായ ഇടപെടലുകൾ നടത്തി തുടങ്ങി. പ്രവാസിയായിക്കൊണ്ട് തന്നെ അവർ, പിതാവിന്റെ കീഴിൽ സ്ഥാപിക്കപ്പെട്ട പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ നേതൃത്വത്തിന്റെ ഭാഗമായി. പാകിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് നടപ്പിലാക്കാനുള്ള പ്രചാരണപരിപാടികളുമായി പിന്നീട് 1986ഓടെയാണ് ബേനസീർ ഭൂട്ടോ സ്വദേശത്തേക്ക് മടങ്ങുന്നത്. 77ൽ വിവാഹിതയായ ഭൂട്ടോ, ആദ്യ കുഞ്ഞിന് ജന്മം നൽകി ഏതാനും മാസങ്ങൾ പിന്നിടുമ്പോഴേക്കും, പാക് സ്വേച്ഛാധിപതി സിയാ ഉൽ ഹഖ് വിമാനാപകടത്തിൽ മരണപ്പെടുകയും, തുടർന്ന് നടന്ന തെരഞ്ഞെടുപ്പോടെ അവർ അധികാരത്തിലേക്ക് എത്തുകയും ചെയ്തു. 1988 ഡിസംബർ ഒന്നിന് ആദ്യത്തെ വനിത പ്രധാന മന്ത്രി സ്ഥാനം അലങ്കരിച്ചുകൊണ്ട്, പാക്കിസ്ഥാന്റെ മാത്രമല്ല ലോക മുസ്‍ലിം രാഷ്ട്രങ്ങളുടെ തന്നെ ചരിത്രം മാറ്റി കുറിക്കുകയായിരുന്നു ഈ കിഴക്കിന്റെ പുത്രി.

അധികാരവും തടങ്കലും മാറിമാറി വന്ന 20ഓളം വർഷങ്ങൾ കൊണ്ട് പാക്കിസ്ഥാന്റെ ദേശീയ രാഷ്ട്രീയത്തിൽ വളരെ കൃത്യമായി അടയാളപ്പെടുത്തപ്പെട്ടു ബേനസീർ ഭൂട്ടോ. വിവാദങ്ങളും നഷ്ടങ്ങളും അവരുടെ രാഷ്ട്രീയ ജീവിതത്തിന്റെ സഹചാരിയായിരുന്നു. ആദ്യം പിതാവിനെയും പിന്നെ രണ്ട് സഹോദരന്മാരെയും നഷ്ടപെട്ട ബേനസീറിന് ഒടുവിൽ സ്വന്തം ജീവൻ തന്നെ ബലികൊടുക്കേണ്ടി വന്നു. 2007 ഡിസംബർ 27ന് റാവല്‍പിണ്ടിയിൽ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുമ്പോഴാണ് ചാവേറാക്രമണത്തിൽ അവർ കൊല്ലപ്പെടുന്നത്. രണ്ട് ദശാബ്ദക്കാലം പാക്കിസ്ഥാൻ രാഷ്ട്രീയത്തിന്റെ അകത്തും പുറത്തുമായി നിറഞ്ഞുനിന്ന ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടുവെന്ന് വാർത്ത വലിയ ഞെട്ടലോടെയായിരുന്നു ലോകം കേട്ടത്.

അസീഫ ഭൂട്ടോയുടെ രാഷ്ട്രീയ പ്രവേശം..

വളരെ ചെറുതായിരിക്കുമ്പോൾ തന്നെ, സ്കൂൾ മാറ്റണമെന്നാവശ്യപ്പെട്ട് വീടിനു ചുറ്റും പ്ലക്കാർഡുകൾ എഴുതി വെച്ച് അസീഫ പ്രതിഷേധിച്ച കാര്യം ബേനസീർ ഭൂട്ടോ ഒരിക്കൽ പങ്കുവെച്ചതായി മുതിർന്ന മാധ്യമപ്രവർത്തകൻ സൊഹൈൽ വറായിച് ഈയടുത്ത് ഒരഭിമുഖത്തിൽ പറയുകയുണ്ടായി. ഔദ്യോഗികമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് ഇപ്പോഴാണെങ്കിലും, സാമൂഹിക പ്രവർത്തനങ്ങളിൽ ആദ്യമേ സജീവമായിരുന്നു അസീഫ ഭൂട്ടോ സർദാരി. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഗ്ലോബൽ ഹെൽത്തിൽ ബിരുദം നേടിയ അസീഫ ഭൂട്ടോ, ഇതുവരെ പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത് ഹെൽത്ത് ആക്ടിവിസത്തിലായിരുന്നു. യുണൈറ്റഡ് നാഷൻസിന്റെ പോളിയോ നിർമാർജന പദ്ധതികളുടെ അംബാസഡർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് അവർ.

പാകിസ്താന്റെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ വിഷയങ്ങളിൽ അസീഫ ഭുട്ടോക്ക് എന്നും കൃത്യമായ നിലപാടുകൾ ഉണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ നിലപാടുകളും വിമർശനങ്ങളും അവർ വ്യക്തമാക്കുകയും ചെയ്യാറുണ്ട്. കഴിഞ്ഞ വർഷം ബി.ബി.സിക്ക് കൊടുത്ത ഒരു അഭിമുഖത്തിൽ, നിലവിലെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയും അദ്ദേഹത്തിന്റെ ഭരണരീതികൾക്കെതിരെയും രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു അസീഫ.

പാക്കിസ്ഥാന്റെ ജനാധിപത്യ മൂല്യങ്ങൾക്കുവേണ്ടി ജീവനും ജീവിതവും നൽകിയ തന്റെ പിതാമഹന്റെയും മാതാവിന്റെയും പാത പിന്തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഒരു അഭിമുഖത്തിൽ അസീഫ വ്യക്തമാക്കുന്നുണ്ട്. മുൾത്താനിൽ നടന്ന പ്രതിപക്ഷ റാലിയെ അഭിമുകീകരിച്ച് അസീഫ സംസാരിക്കുമ്പോൾ "കണ്ണടച്ചാൽ ബേനസീർ ഭൂട്ടോയാണ് സംസാരിക്കുന്നതെന്ന് തോന്നിപ്പോകും" എന്നാണ് പ്രശസ്ത പാക് നിരീക്ഷകൻ മസ്ഹർ അബ്ബാസ് പറഞ്ഞത്. മറ്റൊരു വഴിത്തിരിവിലെത്തി നിൽകുന്ന പാക് രാഷ്ട്രീയത്തിലേക്ക്, മറ്റൊരു ബേനസീർ ഭൂട്ടോ ആയോ, അതിനേക്കാൾ മികച്ചൊരു വനിത നേതൃത്വമായോ അസീഫ വളർന്നുവരുമോ എന്നുറ്റുനോക്കുകയാണ് രാഷ്ട്രീയ ലോകം.

TAGS :

Next Story