Quantcast

മധ്യകേരളത്തിലെ വിജയം മുന്നണികള്‍ക്ക് നിര്‍ണ്ണായകം

MediaOne Logo

admin

  • Published:

    5 May 2016 4:53 PM GMT

മധ്യകേരളത്തിലെ വിജയം മുന്നണികള്‍ക്ക് നിര്‍ണ്ണായകം
X

മധ്യകേരളത്തിലെ വിജയം മുന്നണികള്‍ക്ക് നിര്‍ണ്ണായകം

വാശിയേറിയ പോരാട്ടം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തിലെ വിജയം മുന്നണികള്‍ക്ക് നിര്‍ണ്ണായകമാകും.

വാശിയേറിയ പോരാട്ടം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തിലെ വിജയം മുന്നണികള്‍ക്ക് നിര്‍ണ്ണായകമാകും. അഞ്ച് ജില്ലകളിലായുള്ള ‌50 സീറ്റുകളില്‍ മേല്‍കൈ നേടാന്‍ സാധിച്ചാല്‍ ഭരണത്തിലെത്താമെന്ന കണക്കുകൂട്ടലാണ് ഇടത് വലത് മുന്നണികള്‍ക്ക് ഉള്ളത്. ബിഡിജെഎസിന്റെ പിന്തുണയില്‍ ബിജെപിയും ചില അട്ടിമറികള്‍ പ്രതീക്ഷിക്കുന്നു.

യുഡിഎഫിന് മേല്‍കൈ ഉണ്ടെങ്കിലും ഇടത് തരംഗവും മധ്യകേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ ഇരുമുന്നണികള്‍ക്കും മധ്യകേരളത്തില്‍ വ്യക്തമായ മേല്‍കൈ നേടാനായില്ല. തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ അഞ്ച് ജില്ലകളിലായിട്ടുള്ള 50 സീറ്റുകളില്‍ കഴിഞ്ഞ തവണ 28 സീറ്റാണ് ഭരണത്തിലെത്തിയ യുഡിഎഫിന് നേടാനായത്. എല്‍ഡിഎഫിന് 22ഉം. യുഡിഎഫിന്റെ ഉരുക്ക് കോട്ടകളായ എറണാകുളവും കോട്ടയവും തുണച്ചത് കൊണ്ടാണ് നേരിയ മുന്‍തൂക്കം യുഡിഎഫിന് ഉണ്ടാക്കാന്‍ കഴിഞ്ഞത്. ആലപ്പുഴയ്ക്കും ഇടുക്കിക്കും പുറമേ തൃശ്ശൂരും ഇടത് പക്ഷത്തിന് നേട്ടമുണ്ടാക്കാനായി.

2011ല്‍ 14 സീറ്റുകളുള്ള എറണാകുളത്ത് 11 സീറ്റും യുഡിഎഫ് നേടിപ്പോള്‍, 3 സീറ്റ് മാത്രമാണ് എല്‍ഡിഎഫ് സ്വന്തമാക്കിയത്.
9 സീറ്റുള്ള കോട്ടയത്ത് 7 സീറ്റില്‍ യുഡിഎഫും 2 എല്‍ഡിഎഫും വിജയിച്ചു. 9 സീറ്റുള്ള ആലപ്പുഴയില്‍ 7 എല്‍ഡിഎഫ് സ്വന്തമാക്കിയപ്പോള്‍ 2 സീറ്റ് മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. 5 സീറ്റുള്ള ഇടുക്കിയില്‍ 3 സീറ്റ് എല്‍ഡിഎഫിനും രണ്ട് സീറ്റ് യുഡിഎഫിനും ലഭിച്ചു. 13 സീറ്റുള്ള തൃശ്ശൂരില്‍ 7 സീറ്റ് എല്‍ഡിഎഫും 6 യുഡിഎഫും സ്വന്തമാക്കി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം ഇരുമുന്നണികളിലേയും പ്രമുഖ സ്ഥാനാര്‍ത്ഥികളും ജനവിധി തേടുന്നത് മധ്യകേരളത്തില്‍ നിന്നാണ്.
കൂടാതെ യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേക്കേറിയ ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസും ബിഡിജെഎസും ശക്തി തെളിയിക്കാന്‍ ശ്രമിക്കുന്നതും മധ്യകേരളത്തില്‍ തന്നെ.

TAGS :

Next Story