Quantcast

തൃശൂരില്‍ അടിതെറ്റിയ മക്കള്‍ രാഷ്ട്രീയം

MediaOne Logo

admin

  • Published:

    7 July 2016 2:22 AM GMT

തൃശൂരില്‍ അടിതെറ്റിയ മക്കള്‍ രാഷ്ട്രീയം
X

തൃശൂരില്‍ അടിതെറ്റിയ മക്കള്‍ രാഷ്ട്രീയം

കെ കരുണാകരന്റെ തട്ടകമെന്ന രാഷ്ട്രീയ വിശേഷണങ്ങള്‍ക്കപ്പുറം ലീഡര്‍ക്കും മക്കള്‍ക്കും അപ്രതീക്ഷിത തിരിച്ചടി നല്‍കിയ മണ്ഡലമാണ് തൃശ്ശൂര്‍.

കെ കരുണാകരന്റെ തട്ടകമെന്ന രാഷ്ട്രീയ വിശേഷണങ്ങള്‍ക്കപ്പുറം ലീഡര്‍ക്കും മക്കള്‍ക്കും അപ്രതീക്ഷിത തിരിച്ചടി നല്‍കിയ മണ്ഡലമാണ് തൃശ്ശൂര്‍. അച്ഛന്റെ ഓര്‍മ്മകള്‍ക്ക് വോട്ട് ചോദിച്ചെത്തിയ പത്മജാ വേണുഗോപാലിനെ പരാജയപെടുത്തി ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തൃശൂരുകാര്‍ ഇടതുപക്ഷത്തെ വിജയിപ്പിച്ചു. കെ കരുണാകരന്‍ ലോക്സഭയിലേക്കും കെ. മുരളീധരന്‍ നിയമസഭയിലേക്കും പരാജയപ്പെട്ട തൃശൂരില്‍ അച്ഛനെയും മക്കളെയും തോല്‍പ്പിക്കുവാനുള്ള നിയോഗമുണ്ടായത് സിപിഐക്കാണന്നത് മറ്റൊരു ചരിത്രം.

'തന്നെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തി' -ലീഡര്‍ കെ കരുണാകരന്റെ ഏറ്റവും വൈകാരികമായ ഈ പ്രസ്താവന രാഷ്ട്രീയ കേരളം മറന്നിട്ടില്ല. 1996 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരിലേറ്റ അപ്രതീക്ഷിത തോല്‍വിയെ തുടര്‍ന്നായിരുന്നു ലീഡറുടെ ഈ പ്രതികരണം. അന്ന് 1203 വോട്ടിനാണ് സിപിഐയിലെ വിവി രാഘവന്‍ വിജയിച്ചത്. ലീഡര്‍ പത്രിക നല്‍കിയാല്‍ വിജയിപ്പിക്കുവാന്‍ തൃശൂരുകാരുണ്ടെന്ന ധാരണക്കേറ്റ തിരിച്ചടിയായിരുന്നു ആ പരാജയം. അച്ഛനേറ്റ പരാജയത്തിന് കണക്ക് തീര്‍ക്കുവാന്‍ 1998 ല്‍ കെ മുരളീധരന്‍ പോരിനിറങ്ങി. 18243 വോട്ടിന് അടിതെറ്റി. അന്നും വിജയം സിപിഐയിലെ വിവി രാഘവന് തന്നെ. അച്ഛനോടും സഹോദരനോടും ചെയ്ത് പോയ കൈതെറ്റ് തൃശ്ശൂര്‍ തിരുത്തുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞായിരുന്നു ഇക്കുറി പത്മജയുടെ രംഗപ്രവേശം. 2011ല്‍ തേറമ്പില്‍ രാമകൃഷ്ണന്‍ നേടിയ 16169 എന്ന ഭൂരിപക്ഷവും ലീഡറുടെ മകളെന്ന വിശേഷണവും തുണയാകുമെന്ന ഉറപ്പില്‍. പക്ഷെ 6332 വോട്ടിന് തൃശ്ശൂര്‍ പത്മജയെയും തോല്‍പ്പിച്ചു. വിജയം സിപിഐയിലെ വിഎസ് സുനില്‍ കുമാറിന്. പത്മജയുടെ പരാജയം കോണ്‍ഗ്രസില്‍ പുതിയ പോരുകള്‍ക്കും വഴിതുറക്കും.

TAGS :

Next Story