Quantcast

ഫോണും ഇമെയിലും ചോര്‍ത്തുന്നുവെന്ന് കാണിച്ച് ജേക്കബ് തോമസിന്റെ പരാതി

MediaOne Logo

Subin

  • Published:

    5 May 2018 4:12 PM GMT

ഫോണും ഇമെയിലും ചോര്‍ത്തുന്നുവെന്ന് കാണിച്ച് ജേക്കബ് തോമസിന്റെ പരാതി
X

ഫോണും ഇമെയിലും ചോര്‍ത്തുന്നുവെന്ന് കാണിച്ച് ജേക്കബ് തോമസിന്റെ പരാതി

ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കി.

ഡിജിപിയായ തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ഗുരുതര പരാതിയുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്.അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് രേഖാമൂലം പരാതി നല്‍കി.ഇ-മെയില്‍ ഹാക്ക് ചെയ്ത് ചോര്‍ത്തുന്നതായും പരാതിയിലുണ്ട്.

അസാധാരണ പരാതിയാണ് ഡിജിപി റാങ്കിലുള്ള ജേക്കബ് തോമസ് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയത്.തന്റെ ഔദ്യോഗിക ഫോണും,ഇമെയിലും ചില ഉദ്യോഗസ്ഥര്‍ ചോര്‍ത്തുന്നതായാണ് ആക്ഷേപം.തനിക്കെതിരെ പ്രവര്‍ത്തിക്കുന്ന ഐഎഎസ്-ഐപിഎസ് ലോബിയാണ് പിന്നിലെന്ന സൂചനകളും നല്‍കുന്നുണ്ട്.മുഖ്യമന്ത്രിയുമായും,മറ്റ് മന്ത്രിമാരുമായും താന്‍ സംസാരിച്ച കാര്യങ്ങള്‍ വരെ ചോര്‍ത്തിയതായി ഹൈലി കോണ്‍ഫിഡന്‍ഷ്യല്‍ എന്ന് രേഖപ്പെടുത്തിയ പരാതിയില്‍ സൂചിപ്പിക്കുന്നു.

രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തിലെ ഉന്നതര്‍ക്കെതിരെയുള്ള കേസുകള്‍ അന്വേഷിക്കുന്ന വകുപ്പ് മേധാവിയെന്ന നിലയില്‍ വിജിലന്‍സ് തോമസിന്റെ പരാതി സര്‍ക്കാര്‍ ഗൌരവമായാണ് എടുക്കുന്നത്.പ്രാഥമിക അന്വേഷണവും ആരംഭിച്ചു.നിയമം അനുസരിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ അനുമതിയോടെ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് ഒരാഴ്ച വരെ ആരുടേയും ഫോണ്‍ ചോര്‍ത്താനുള്ള അനുമതിയുണ്ട്.തന്റെ ഫോണ്‍ ചോര്‍ത്തിയതിന് പിന്നിലുണ്ടന്ന് സംശയക്കുന്ന ഒരു ഐജിയുടേ പേരും കത്തിലുണ്ടന്നാണ് സൂചന.

പരാതി കിട്ടിയിട്ടില്ല: ബെഹ്റ

ടെലഫോണ്‍ സംഭാഷണം ചോര്‍ത്തിയ വിഷയത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സംഭവത്തെക്കുറിച്ച് കേട്ടറിവ് മാത്രമേ തനിക്കുളളു. പരാതി ലഭിക്കുന്ന പക്ഷം ഉചിതമായ അന്വേഷണം നടത്തുമെന്നും ബെഹ്റ മലപ്പുറത്ത് പറഞ്ഞു.

ആഭ്യന്തര വകുപ്പ് അറിയാതെ വിജിലന്‍സ് ഡയറക്ടറുടെ ഫോണ്‍കോളുകള്‍ ചോര്‍ത്താനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. ജേക്കബ് തോമസ് പറഞ്ഞ കാര്യങ്ങള്‍ ഗൌരവമേറിയവയാണെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ പറ‍ഞ്ഞു.

TAGS :

Next Story