Quantcast

കാലവര്‍ഷം കൈവിട്ടത് കേരളത്തിലെ ജലലഭ്യതയെ ബാധിക്കും

MediaOne Logo

Jaisy

  • Published:

    12 May 2018 8:47 AM GMT

കാലവര്‍ഷം കൈവിട്ടത് കേരളത്തിലെ ജലലഭ്യതയെ ബാധിക്കും
X

കാലവര്‍ഷം കൈവിട്ടത് കേരളത്തിലെ ജലലഭ്യതയെ ബാധിക്കും

മുന്‍വര്‍ഷം മണ്‍സൂണ്‍ കാലത്ത് 2783.8 മില്ലിമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ ഈ വര്‍ഷം 1216 മില്ലീ മീറ്റര്‍ മഴമാത്രമാണ് ഇതുവരെ ലഭിച്ചത്

തുടര്‍ച്ചയായ മൂന്നാംവര്‍ഷവും കാലവര്‍ഷം കേരളത്തെ കൈവിട്ടു. കാലവര്‍ഷത്തിന്റെ പകുതിയിലേറെ അവസാനിക്കുമ്പോഴും സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ട മഴയുടെ 30 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം മണ്‍സൂണ്‍ കാലത്ത് 2783.8 മില്ലിമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ ഈ വര്‍ഷം 1216 മില്ലീ മീറ്റര്‍ മഴമാത്രമാണ് ഇതുവരെ ലഭിച്ചത്. മണ്‍സൂണിലുണ്ടായ കുറവ് സംസ്ഥാനത്തിന്റെ ജലവിതരണശൃംഖലയെ അവതാളത്തിലാക്കുമെന്നാണ് ആശങ്ക.

ഇടമുറിയാതെ പെയ്തിരുന്ന കര്‍ക്കിടകം ഓര്‍മകളില്‍ മാത്രമാവുകയാണ്. കര്‍ക്കിടകത്തില്‍ മഴയെക്കാള്‍ കൂടുതല്‍ വെയിലെന്ന സ്ഥിതിയിലേക്ക് കാലാവസ്ഥ മാറി. നാലു മാസം നീളുന്ന കാലവര്‍ഷത്തിന്റെ പകുതിയിലധികം പിന്നിടുമ്പോള്‍ 30 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ ആഗസ്ത് 28 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്താകെ ലഭിച്ച മഴയുടെ അളവ് 1216 മില്ലീ മീറ്ററാണ്. 1727.5 മില്ലീ മീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. വയനാട് ജില്ലയില്‍ ഈ വര്‍ഷം 60 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരത്താണ്. 542.2 മില്ലീമീറ്റര്‍ മഴയാണ് തിരുവനന്തപുരത്ത് ലഭിച്ചത്. സംസ്ഥാനത്ത് ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോഡാണ്. 2052.6 മില്ലീമീറ്റര്‍. ഇവിടെയും 22 ശതമാനം കുറവുണ്ട്. വയനാട് കഴിഞ്ഞാല്‍ തൃശൂരിലാണ് മഴയില്‍ കുറവുണ്ടായത്. 39 ശതമാനത്തിന്റെ കുറവാണ് തൃശൂരില്‍ രേഖപ്പെടുത്തിയത്.

കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടില്‍ 1981, 2007, 2013 എന്നീ മൂന്നുവര്‍ഷങ്ങളില്‍ മാത്രമേ സംസ്ഥാനത്ത് അധിവര്‍ഷം ലഭിച്ചിട്ടുള്ളു. ഈ വര്‍ഷവും മഴ കുറയുന്നപക്ഷം തുടര്‍ച്ചയായ രണ്ട് മഴക്കമ്മി വര്‍ഷങ്ങളിലൂടെയാകും കേരളം കടന്നുപോകേണ്ടിവരിക. സംസ്ഥാനത്തിന്റെ ജലലഭ്യതയെ ഇത് ബാധിച്ചേക്കാം. 1925 മില്ലിമീറ്റര്‍ മഴയാണ് മണ്‍സൂണ്‍കാലത്ത് ശരാശരി കേരളത്തില്‍ കിട്ടേണ്ടത്. 2015ല്‍ സംസ്ഥാനത്ത് 29 ശതമാനവും 2014ല്‍ 19 ശതമാനവും മഴ കുറഞ്ഞിരുന്നു. കാലവര്‍ഷത്തിലെ മഴലഭ്യതയുടെ കുറവ് ജലവൈദ്യുതി ഉല്‍പ്പാദനത്തെയും ജലസേചനാവശ്യങ്ങളെയും പ്രതികൂലമായി ബാധിക്കും.

TAGS :

Next Story