Quantcast

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് അനുമതി; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

MediaOne Logo

rishad

  • Published:

    1 Jun 2018 3:05 PM GMT

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് അനുമതി; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
X

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് അനുമതി; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഹജ്ജിന്റെ എംബാര്‍കേഷന്‍ പോയിന്റ് കരിപ്പൂരാക്കണം എന്ന ആവശ്യവും കത്തിലുന്നയിക്കുന്നുണ്ട്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. വലിയ വിമാനങ്ങളിറങ്ങാനുള്ള സൌകര്യമുണ്ടന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഹജ്ജ് യാത്ര കരിപ്പൂരില്‍ നിന്നാക്കണമെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. റണ്‍വേ നീളം കൂട്ടുന്നതിനും ബലപ്പെടുത്തുന്നതിനും വേണ്ടി 2015-ല്‍ ഭാഗികമായി വിമാനത്താവളം അടച്ചത് മുതല്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നില്ല. ഹജ്ജ് സര്‍വ്വീസും ഇതോടെ നെടുമ്പാശ്ശേരിയിലേക്ക് മാറ്റി.

റണ്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചതോടെ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള സൌകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍. എത്രയും വേഗം വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരിലിറങ്ങാനുള്ള സൌകര്യങ്ങളെരുക്കണമെന്നാണ് പിണറായി വിജയന്‍ നരേന്ദ്രമോദിക്കയച്ച കത്തില്‍ ആവിശ്യപ്പെടുന്നത്. വലിയ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താനുള്ള സൌകര്യങ്ങളുണ്ടന്ന് എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയകാര്യവും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. ഹജ്ജ് യാത്രയുടെ എംബാര്‍ക്കേഷന്‍ പോയിന്റ് വീണ്ടും കരിപ്പൂരാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടുതല്‍ ഹജ്ജാജിമാര്‍ വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണന്ന കാര്യവും മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

കത്തിന്റെ പകര്‍പ്പ് സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജുവിനും, ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്കും നല്‍കി.

Next Story