Quantcast

ദിലീപിന് ജാമ്യം

MediaOne Logo

Muhsina

  • Published:

    6 Jun 2018 5:06 AM GMT

ദിലീപിന് ജാമ്യം
X

ദിലീപിന് ജാമ്യം

ഏഴ് ദിവസത്തിനകം ദിലീപിന്റെ പാസ്‌പോര്‍ട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സറണ്ടര്‍ ചെയ്യണം.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഇരയെ സ്വാധീനിക്കുകയോ സാക്ഷികളെ ഭീഷണിപെടുത്തുകയോ ചെയ്യരുതെന്നും കോടതി നിര്‍ദേശം നല്‍കി.

നീണ്ട് 85 ദിവസത്തെ ജയില്‍വാസത്തിനൊടുവിലാണ് നടിയെ അക്രമിച്ച കേസില്‍ ദിലീപിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിന്റെ സാഹചര്യത്തില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നും അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ചൂണ്ടിക്കാട്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. ഇരുപതിലധികം സാക്ഷികള്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. അതിനാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം നിലനില്‍ക്കില്ല. കേസിലെ പ്രധാന തെളിവുകളെല്ലാം ശേഖരിക്കുകയും സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദിലീപിന് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും കോടതി ചൂണ്ടികാട്ടി.

സംവിധായകന്‍ നാദിര്‍ഷ ചോദ്യം ചെയ്യലില്‍ സഹകിരിച്ചില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഒരുലക്ഷം രൂപയുടെ ബോണ്ടും തത്തുല്യമായ 2 ആള്‍ ജാമ്യവും നല്‍കി ദിലീപിന് ജാമ്യം അനുവദിച്ചത്.

ഏഴ് ദിവസത്തിനകം ദിലീപിന്റെ പാസ്‌പോര്‍ട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സറണ്ടര്‍ ചെയ്യണം. മാധ്യമങ്ങളിലൂടെയോ മറ്റേതെങ്കിലും തരത്തിലോ ഇരയെയും സാക്ഷികളെയും സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാവണം. തുടങ്ങിയ വ്യവസ്ഥകളോടെ ദിലീപിന് ജാമ്യം അനുവദിച്ചത്. ഇരയെയോ കേസിലെ സാക്ഷികളെയോ സ്വാധീനിച്ചാല്‍ മജിസ്‌ടേറ്റ് കോടതിക്ക് ജാമ്യം റദ്ദാക്കാമെന്നും ഹൈകോടതി ഉത്തരവില്‍ പറയുന്നു.

TAGS :

Next Story