Quantcast

ഇടുക്കി ഡാമില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനെ തുടര്‍ന്നാണ് ജലനിരപ്പ് ഉയര്‍ന്നത്

MediaOne Logo

Web Desk

  • Published:

    8 Aug 2018 9:48 AM GMT

ഇടുക്കി ഡാമില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു
X

ഇടുക്കി ജില്ലയില്‍ വീണ്ടും മഴ കനത്തു. കഴി‍ഞ്ഞ മണിക്കൂറുകളില്‍ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് ഡാമിന്‍റെ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. 2397.02 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 2398അടിയായാല്‍ ട്രയല്‍ റണ്‍ നടത്തും. പ്രദേശത്ത് നേരത്തെ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്.

ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ ശക്തമായ മഴയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും വര്‍ധിക്കാന്‍ ഇടയാക്കിയത്. 128.6മില്ലീ മീറ്റര്‍ മഴയാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. ഇതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. ഇന്നലെ ഉച്ചയ്ക്ക് ഡാമിലെ ജലനിരപ്പ് 2396.20 അടിയായിരുന്നു. ഒറ്റ ദിവസം കൊണ്ട് അരയടിയിലേറെ ഉയര്‍ന്നു. 2397അടിയിലേക്ക് ജലനിരപ്പ് ഉയര്‍ന്നാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. 2395 അടിയിലേക്ക് ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ നിലവില്‍ വന്ന ഓറഞ്ച് അലേര്‍ട്ട് ഇപ്പോഴും തുടരുകയാണ്. പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജനപ്രതിനിധകളും ഉദ്യോഗസ്ഥരും അടക്കം നേരില്‍കണ്ട് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ജലനിരപ്പ് 2398 അടിയിലേക്ക് എത്തിയാല്‍ ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉയര്‍ത്താനാണ് സര്‍ക്കാരിന്റെയും കെ.എസ്.ഇ.ബിയുടെയും തീരുമാനം. ഷട്ടര്‍ ഉയര്‍ത്തുമെന്ന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി പകല്‍ സമയത്ത് മാത്രമാകും ഡാം തുറക്കുക. നാലു മണിക്കൂര്‍ നേരം 50സെന്റി മീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തി വെള്ളം ഒഴുക്കിയാകും പരീക്ഷണം. ഡാമിലേക്കുള്ള നീരൊഴുക്കിന്റെ അളവ് നിലവിലെ അവസ്ഥയില്‍ തുടര്‍ന്നാല്‍ നാളെ ഉച്ചയോടെ ജലനിരപ്പ് 2398 അടിയിലേക്ക് എത്തിച്ചേരും.

TAGS :

Next Story