Quantcast

കേരള ബാങ്കിനായി ജില്ലാ സഹകരണ ബാങ്കുകള്‍ ലയിപ്പിക്കും 

സംസ്ഥാനത്തെ ക്രൈംബ്രാഞ്ച് പുനഃസംഘടിപ്പിച്ച് റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്.പിമാര്‍ക്ക് ചുമതല നല്‍കും

MediaOne Logo

Web Desk

  • Published:

    10 Oct 2018 1:01 PM GMT

കേരള ബാങ്കിനായി ജില്ലാ സഹകരണ ബാങ്കുകള്‍ ലയിപ്പിക്കും 
X

കേരള ബാങ്ക് രൂപീകരിക്കാനായി ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സഹകരണ ബാങ്കിനെയും 14 ജില്ലാ സഹകരണ ബാങ്കുകളെയുമാണ് ലയിപ്പിക്കുക. ഹ്രസ്വകാല വായ്പാ സഹകരണ സംഘങ്ങളെ ത്രിതലത്തില്‍ നിന്നും ദ്വിതലത്തിലേക്ക് മാറ്റാനാണ് തീരുമാനം.

സംസ്ഥാനത്തെ ക്രൈംബ്രാഞ്ച് പുനഃസംഘടിപ്പിച്ച് റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്.പിമാര്‍ക്ക് ചുമതല നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിന്‍റെ അടിസ്ഥാനത്തില്‍ വിഭജിച്ചിരുന്ന ക്രൈംബ്രാഞ്ചിനെ റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്.പിമാര്‍ക്ക് ചുമതല നല്‍കി പുനഃസംഘടിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ക്രൈബ്രാഞ്ച് സി.ഐ.ഡി എന്നറിയപ്പെട്ടിരുന്ന വിഭാഗം ഇനി മുതല്‍ ക്രൈംബ്രാഞ്ച് എന്നറിയപ്പെടും.

സാമ്പത്തിക കുറ്റങ്ങള്‍, ആസൂത്രിത കുറ്റകൃത്യങ്ങള്‍, പരിക്കേല്‍പ്പിക്കലും കൊലപാതകങ്ങളും, ക്ഷേത്രക്കവർച്ച എന്നിങ്ങനെ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഐ.ജിമാര്‍ക്കും ഡി.ജി.പിമാര്‍ക്കും എസ്.പിമാര്‍ക്കും ചുമതല നല്‍കിയിട്ടുളളത്. ഈ ഘടന കേസ് അന്വേഷണത്തിന് വലിയ പ്രയാസമുണ്ടാക്കുന്നത് കൊണ്ടാണ് പുനസംഘടനയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കുറ്റകൃത്യം ഏത് തരത്തിലുളളതായാലും ഇനി മുതല്‍ അതത് ജില്ലകളിലെ എസ്പിമാര്‍ക്കായിരിക്കും ചുമതല.

തോട്ടം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് ഉടമകളില്‍ നിന്ന് കാര്‍ഷികാദായ നികുതി ഈടാക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു. കാര്‍ഷികാദായ നികുതി ഈടാക്കുന്നത് അഞ്ച് വര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതില്‍ മാറ്റം വരുത്തിയാണ് നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചത്.

TAGS :

Next Story