Quantcast

സമ്പാദ്യം 22 മടങ്ങ് വര്‍ധിച്ചെന്ന ആരോപണം; വിശദീകരണവുമായി ഇ.ടി 

പിതാവ് വഴി ലഭിച്ച 77 സെന്റ് ഭൂമിയും ഇതിൽ 40 വർഷം മുമ്പ് മാവൂര്‍ ഗ്വാളിയോര്‍ റയോൺസ് ജോലിക്കിടെ നിർമിച്ച വീടുമാണുള്ളത്.

MediaOne Logo

Web Desk

  • Published:

    20 March 2019 6:05 AM GMT

സമ്പാദ്യം 22 മടങ്ങ് വര്‍ധിച്ചെന്ന ആരോപണം; വിശദീകരണവുമായി ഇ.ടി 
X

എം.പിയായ ശേഷം തന്‍റെ സമ്പാദ്യം 22 മടങ്ങ് വര്‍ധിച്ചെന്ന റിപ്പോര്‍ട്ട് സംബന്ധിച്ച് വിശദീകരണവുമായി പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീര്‍. പിതാവ് വഴി ലഭിച്ച 77 സെന്റ് ഭൂമിയും ഇതിൽ 40 വർഷം മുമ്പ് മാവൂര്‍ ഗ്വാളിയോര്‍ റയോൺസ് ജോലിക്കിടെ നിർമിച്ച വീടുമാണുള്ളത്. 50 വർഷത്തെ പൊതുജീവിതത്തിനിടയിൽ ഒരു സെന്റ് ഭൂമിയോ ശമ്പള വരുമാനത്തിൽ കവിഞ്ഞ ഒരു രൂപയുടെ സ്വത്തോ ബാങ്ക് ബാലൻസോ തന്റെയോ കുടുംബത്തിന്റെയോ പേരിൽ ഇല്ല. ഈ കാലത്തിനിടക്ക് ഒരുതരത്തിലുമുള്ള കച്ചവടത്തിലോ മറ്റ് ധനസമ്പാദന മാർഗത്തിലോ പങ്കാളിയായിട്ടില്ലെന്നും ഇ.ടി വ്യക്തമാക്കി.

2009ൽ പൊന്നാനിയിൽ മത്സരിക്കുമ്പോൾ നൽകിയ അഫിഡവിറ്റിൽ പറഞ്ഞ വീടും ഭൂമിയുമാണ് 2014ലും 2019ലും തന്റെ ആസ്തി. 10 വർഷത്തിനിപ്പുറം എല്ലാവരുടേതും പോലെ തന്റെ കിടപ്പാടത്തിന്റെ മൂല്യം കൂടിയിട്ടുണ്ടെങ്കിൽ അത് ഈ തെരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിൽ ബോധ്യപ്പെടുത്തും. 2009ൽ സത്യവാങ്മൂലത്തിൽ തന്റെ വീടിന്റെ മൂല്യമായി രേഖപ്പെടുത്തിയത് ഒരു ലക്ഷം രൂപയായിരുന്നു. ഇതേ വസ്തുവിന് 2014ൽ കാണിച്ച മൂല്യം 20 ലക്ഷമാണ്. അതായത് 2000 ശതമാനം വർദ്ധനവ്. 120 മാസം പാർലമെന്റ് അംഗമായ തനിക്ക് ലഭിക്കുന്ന വേതനം തന്നെ ആരോപിക്കുന്ന തുകയിൽ അധികം വരും. ഇതല്ലാതെ രൂപയോ ഒരു സെന്റ് ഭൂമിയോ മറ്റ് വസ്തുക്കളോ തന്റെ കൈവശം അധികമുണ്ടെന്ന് തെളിയിക്കുന്നവർക്ക് ഒരു ഉപാധിയുമില്ലാതെ ഇഷ്ടദാനമായി നൽകാൻ താൻ തയ്യാറാണെന്നും ഇ.ടി വ്യക്തമാക്കി.

നാഷണല്‍ ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസുമാണ് എം.പിമാരുടെ സ്വത്ത് വര്‍ധന സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട 153 ലോക്‌സഭാ എം.പിമാരുടെ സ്വത്ത് വിവരങ്ങളാണ് പുറത്തുവിട്ടത്. ഇ.ടിയുടെ ആസ്തി 2018 ശതമാനം അഥവാ 22 മടങ്ങ് വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കാസര്‍കോട് എം.പിയായിരുന്ന പി.കരുണാകരന്‍റെ സ്വത്ത് 67 ശതമാനം ഇടിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇ.ടിയുടെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പ്രിയരെ,

പൊന്നാനിയിൽ എന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടത് മുതൽ തീർത്തും അസത്യമായ പ്രചാരണങ്ങൾ ബോധപൂർവമായി ചില കേന്ദ്രങ്ങൾ പടച്ചുവിടുന്നുണ്ട്. തെരഞ്ഞെടുപ്പ് തിരക്കിനിടയിൽ ഇത്തരം വ്യാജ ആരോപണങ്ങൾക്ക് മറുപടി പറയുക എന്നത് പ്രായോഗികമല്ലങ്കിലും അല്പസമയമെങ്കിലും എന്നിൽ വിശ്വാസം അർപ്പിച്ച പ്രവർത്തകരുടെ മനോവീര്യം തകർക്കാൻ ഇത്തരം കുപ്രചാരണങ്ങൾക്ക് സാധിച്ചേക്കും.

നീണ്ടകാലം മാവൂർ ഗ്വാളിയോർ റയോൺസിലെ ഒരു സാധാരണ ജീവനക്കാരനായിരുന്നു ഞാൻ. ഒരു പ്രൈമറി സ്കൂൾ അധ്യാപകനായിരുന്ന എന്റെ പിതാവ് വഴി ലഭിച്ച എഴുപത്തിഏഴ് സെന്റ് ഭൂമിയും ഇതിൽ നാല്പത് വർഷം മുമ്പ് റയോൺസ് ജോലിക്കിടെ ഞാൻ നിർമിച്ച വീടും അല്ലാതെ ഇന്ന് ഈ ദിവസം വരെ അൻപത് വർഷത്തെ പൊതു ജീവിതത്തിനിടയിൽ ഒരു സെന്റ് ഭൂമിയോ ജോലി ചെയ്ത കാലത്തും ജനപ്രതിനിധി ആയ സമയത്തും എനിക്ക് ലഭിച്ച ശമ്പള വരുമാനത്തിൽ കവിഞ്ഞ ഒരു രൂപയുടെ സ്വത്തോ ബാങ്ക് ബാലൻസോ എന്റെയോ കുടുംബത്തിന്റെയോ പേരിൽ മുമ്പും ഇപ്പോഴും ഇല്ല.ഈ കാലത്തിനിടക്ക് ഞാൻ ഒരുതരത്തിലുമുള്ള കച്ചവടത്തിലോ മറ്റു ധന സമ്പാദന മാർഗത്തിലോ പങ്കാളിയായിട്ടുമില്ല.

ദാനശീലരുടെ കോടിക്കണക്കിന് രൂപയുടെ സഹായ ധനം ക്രോഡീകരിച്ചു നിരവധി സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ സാമ്പത്തിക വിഷയങ്ങളിൽ വിശ്വാസപരമായി അതീവ സൂക്ഷ്മത പുലർത്താൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ. രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നൽകിയ എന്റെ സാമ്പത്തിക സ്ഥിതിയിൽ കാണിച്ച സ്വത്തിന്റെ മൂല്യത്തിൽ കാലക്രമേണ വന്ന വർദ്ധനവും എന്റെ ശമ്പള ഇനത്തിൽ വന്ന വരുമാനവും പതിനൊന്ന് വർഷമായി ഞാൻ ഉപയോഗിച്ചുവരുന്ന 2008 മോഡൽ വാഹനവും അല്ലാതെ ഒരു രൂപയുടെ ആസ്തിയും ഇല്ലാത്ത എന്നെ കുറിച്ച് വരുന്ന വാർത്തകൾക്ക് ഇതിനപ്പുറം ഒരു മറുപടി എനിക്കില്ല. ആരാണോ ഇത്തരം വാർത്തകൾ പടച്ചുണ്ടാക്കുന്നത് അവർ തന്നെ അതിന്റെ ആധികാരികതയും സ്രോതസും സമൂഹത്തെ ബോധ്യപെടുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

2009ൽ ഞാൻ പൊന്നാനിയിൽ മത്സരിക്കുമ്പോൾ നൽകിയ അഫിഡവിറ്റിൽ പറഞ്ഞ എന്റെ വീടും ഭൂമിയുമാണ് 2014ലും 2019ലും എന്റെ ആസ്തി. പത്തു വർഷത്തിനിപ്പുറം എല്ലാവരുടേതും പോലെ എന്റെ കിടപ്പാടത്തിന്റെ മൂല്യം കൂടിയിട്ടുണ്ടെങ്കിൽ അത് ഈ തെരഞ്ഞെടുപ്പിലും ഞാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിൽ ബോധ്യപ്പെടുത്തും. ഇങ്ങനെയൊരു വാർത്തയുടെ കൂടെ ചേർക്കുന്ന പാർലമെന്റ് രേഖയിൽ വന്ന വരുമാന വർദ്ധനവ് എന്ന പരാമർശത്തിന്ന് ഒരുപക്ഷെ കാരണമായതിൽ ഒരു ഉദാഹരണം 2009 ൽ സത്യവാങ്മൂലത്തിൽ എന്റെ വീടിന്റെ മൂല്യമായി രേഖപ്പെടുത്തിയത് ഒരു ലക്ഷം രൂപയായിരുന്നു. ഇതേ വസ്തുവിന് 2014ൽ കാണിച്ച മൂല്യം 20 ലക്ഷമാണ് അതായത് 2000 ശതമാനം വർദ്ധനവ്. മാത്രമല്ല 120 മാസം പാർലമെന്റ് അംഗമായ എനിക്ക് ലഭിക്കുന്ന വേതനം തന്നെ ആരോപിക്കുന്ന തുകയിൽ അധികം വരും.

ഇവിടെ പരാമർശിച്ചതല്ലാത്ത രൂപയോ ഒരു സെന്റ് ഭൂമിയോ മറ്റ് വസ്തുക്കളോ എന്റെ കൈവശം അധികമുണ്ടെങ്കിലോ ജീവിതകാലത്തിനിടക്ക് വാങ്ങുകയോ വിൽക്കുകയോ ചെയ്തിട്ടുണ്ടെങ്കിലോ പൂർണമായും ഇത്തരം ആരോപണങ്ങൾ തെളിയിക്കുന്നവർക്ക് ഒരു ഉപാധിയുമില്ലാതെ ഇഷ്ടദാനമായി നൽകാൻ ഞാൻ തയ്യാറാണ്.

പ്രിയരേ, പൊന്നാനിയിൽ എന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടത് മുതൽ തീർത്തും അസത്യമായ പ്രചാരണങ്ങൾ ബോധപൂർവമായി ചില...

Posted by E.T Muhammed Basheer on Tuesday, March 19, 2019
TAGS :

Next Story