Quantcast

യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ടിസിക്ക് അപേക്ഷ നല്‍കി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ പഠനം തുടരാനാകില്ലെന്ന് കേരള യൂണിവേഴ്സിറ്റി വിസിയെയും പെണ്‍കുട്ടി അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    14 May 2019 1:58 AM GMT

യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ടിസിക്ക് അപേക്ഷ നല്‍കി
X

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളജില്‍ നിന്ന് ടിസി വാങ്ങാന്‍ അപേക്ഷ നല്‍കി . ചില കാരണങ്ങളാല്‍ കോളജില്‍ പഠനം തുടരാന്‍ താല്‍പര്യമില്ലെന്നാണ് വിശദീകരണം. എസ്.എഫ്.ഐ നേതാക്കള്‍ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് കഴിഞ്ഞാഴ്ചയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.

കോളജ് പ്രിന്‍സിപാളിന് മുന്നില്‍ നേരിട്ടെത്തി പെണ്‍കുട്ടി ഇന്നലെയാണ് ടിസിക്കുള്ള അപേക്ഷ നൽകിയത്. ചില കാരണങ്ങളാല്‍ കോളജില്‍ പഠനം തുടരാന്‍ ആകില്ലെന്നും മറ്റൊരു കോളജിലേക്ക് മാറാനുള്ള നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി തരണമെന്നും അപേക്ഷയില്‍ പെൺകുട്ടി പറയുന്നു. ഇതേ അപേക്ഷ സർവകലാശാല വിസിക്കും സമര്‍പ്പിച്ചിരുന്നു.

ഭയം കാരണമാണ് പെണ്‍കുട്ടി കോളജ് വിടുന്നതെന്നാണ് വിവരം. നേരത്തെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നേതാക്കള്‍ ചില ഉറപ്പുകള്‍ നല്‍കിയിരുന്നു. കോളജില്‍ തുടര്‍ പഠനത്തിന് സുരക്ഷിതമായ സാഹചര്യം ഒരുക്കാമെന്നതായിരുന്നു ഇതിലെ പ്രധാന ഉറപ്പ് എന്നാല്‍ ഇത് പാലിക്കപ്പെടുമോ എന്ന സംശയം കുടുംബത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് മറ്റൊരു കോളജ് തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ആഴ്ചയാണ് എസ്.എഫ്.ഐ നേതാക്കളുടെയും പ്രിൻസിപ്പലിന്റെയും പേരെഴുതി വെച്ച് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി കോളേജിന്‍റെ വിശ്രമ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവം വിവാദമായതോടെ പെണ്‍കുട്ടി പിന്നീട് മൊഴി മയപ്പെടുത്തിയിരുന്നു.

TAGS :

Next Story