Quantcast

പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പ്രത്യേക പരിഗണനയില്ല; ബജറ്റില്‍ കേരളത്തിന് തിരിച്ചടി

പുതിയ പദ്ധതികളൊന്നും ബജറ്റിലില്ലെന്ന് എന്‍.കെ പ്രേമചന്ദ്രൻ എം.പി. സംസ്ഥാനത്തിന് സമ്പൂര്‍ണ നിരാശയെന്ന് തോമസ് ഐസക്

MediaOne Logo

Web Desk

  • Published:

    5 July 2019 1:32 PM GMT

പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പ്രത്യേക പരിഗണനയില്ല; ബജറ്റില്‍ കേരളത്തിന് തിരിച്ചടി
X

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ കേരളത്തിന് തിരിച്ചടി. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് കേരളത്തിന് പ്രത്യേക പരിഗണന ലഭിച്ചില്ല. എന്നാല്‍ നികുതി വിഹിതത്തില്‍ 1190.16 കോടി രൂപയുടെ വര്‍ധനവ് ഇത്തവണ കേരളത്തിന് ലഭിച്ചു. വിവിധ ബോര്‍ഡുകള്‍ക്ക് ഇത്തവണ അനുവദിച്ച തുകയില്‍ കുറവുണ്ടായതും കേരളത്തിന് തിരിച്ചടിയാണ്.

സാമ്പത്തിക മാന്ദ്യത്തില്‍ കരകയറുന്നതിന്‍റെ ഭാഗമായി വലിയ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും കേരളത്തിന് നല്ല സഹായം ലഭിക്കുമെന്നുമായിരുന്നു സംസ്ഥാനത്തിന്‍റെ പ്രതീക്ഷ. എന്നാല്‍ രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് കേരളത്തിന് വലിയ നിരാശയാണ് സമ്മാനിച്ചത്. പ്രളായാനന്തര പുനര്‍നിര്‍മ്മാണത്തിന് കേരളത്തിന് പ്രത്യേക സഹായം ലഭിച്ചില്ല. കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. നേരത്തെ മുതലുള്ള ആവശ്യങ്ങളായ എയിംസ് പോലുള്ളവ ഈ ബജറ്റിലും അവഗണിക്കപ്പെട്ടു.

എന്നാല്‍ കേരളത്തിനുള്ള നികുതി വിഹിതത്തില്‍ ഇത്തവണ 1190.16 കോടി രൂപയുടെ വര്‍ധനവ് കേരളത്തിന് ലഭിച്ചിട്ടുണ്ട്. കേരളത്തിനുള്ള ആകെ വിഹിതം 20228.33 കോടി രൂപയാണ്. കസ്റ്റംസ് ഇനത്തില്‍ 1456 കോടി, ജി.എസ്.ടി 5508 കോടി, എക്സൈസ് 1103 കോടി, ആദായ നികുതി വിഹിതം 5268 കോടി എന്നിയടക്കമുള്ളതാണ് ഇത്. 18 ശതമാനത്തോളം അധിക സഹായം സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

വിവിധ ബോര്‍ഡുകള്‍ക്കുള്ള സഹായങ്ങള്‍ക്കും കുറവുണ്ടായി. റബര്‍ ബോര്‍ഡിന് 170 കോടി ലഭിച്ചെങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് രണ്ട് കോടി കുറഞ്ഞു. സമുദ്രോല്‍പ്പന്ന കയറ്റുമതി കൌണ്‍സിലിന് 10 കോടിയുടെ കുറവ്, കാഷ്യൂ ബോര്‍ഡിന് മൂന്ന് കോടിയുടെ കുറവ് എന്നിവയും ഉണ്ടായി.

TAGS :

Next Story