Quantcast

മലങ്കര സഭാ പള്ളിത്തർക്കം രൂക്ഷമാകുന്നു

പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചു.

MediaOne Logo
മലങ്കര സഭാ  പള്ളിത്തർക്കം രൂക്ഷമാകുന്നു
X

മലങ്കര സഭ പള്ളിത്തർക്കം രൂക്ഷമാകുന്നു. പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം വൈദികരെ പ്രവേശിപ്പിച്ച് സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടുവെങ്കിലും സ്ഥലത്ത് സംഘർഷാവസ്ഥക്ക് അയവില്ല. പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചു. അതേസമയം ഓർത്തഡോക്സ് പക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള മൂവാറ്റുപുഴ അരമനക്ക് മുന്നിൽ പ്രതിഷേധവുമായി യാക്കോബായ വിഭാഗവും രംഗത്തെത്തി.

പിറവം സെന്റ് മേരീസ് വലിയ പള്ളിയിൽ ഇന്നലെ രാവിലെ ഓർത്തഡോക്സ് വിഭാഗം പ്രാർഥനക്കെത്തിയത് മുതൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കോടതി വിധി നടപ്പിലാകാതെ മടങ്ങില്ലെന്ന നിലപാടിലാണ് ഓർത്തഡോക്സ് വിഭാഗം. യാക്കോബായ സഭ വിശ്വാസികൾ പള്ളിക്കുള്ളിൽ തങ്ങുകയാണ്. തർക്കം തുടരുന്ന സാഹചര്യത്തിൽ യാക്കോബായ വിഭാഗക്കാരായ 67 പേർക്ക് പള്ളിയിൽ പ്രവേശിക്കുന്നതിന് പൊലീസ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. ഓർത്തഡോക്സ് വിഭാഗം പിറവം പള്ളിയിൽ പ്രവേശിക്കാനുള്ള നീക്കം ഉപേക്ഷിച്ച് തിരികെ പോകണം എന്നാവശ്യപ്പെട്ടാണ് മൂവാറ്റുപുഴ അരമനക്ക് മുന്നിൽ യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയത്.

പൊലീസ് തടഞ്ഞതോടെ ഇവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതേ സമയം കോതമംഗലം ചെറിയപള്ളിയിൽ ബലം പ്രയോഗിച്ച് സുപ്രീം കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചാൽ വിശ്വാസികൾക്ക് ജീവഹാനിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് ഹൈകോടതിയെ അറിയിച്ചു. സെപ്തംബർ 19ന് വൈകുന്നേരം പള്ളിയിൽ നിന്ന് തിരുശേഷിപ്പ് കടത്തിക്കൊണ്ടുപോയെന്ന പരാതി വ്യാജമാണെന്നും കോതമംഗലം സി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്.

Next Story