Quantcast

യു.ഡി.എഫ് കോട്ട തകര്‍ത്ത് മാണി സി കാപ്പന്‍; 2943 വോട്ടുകളുടെ ഭൂരിപക്ഷം LIVE BLOG

പാലായില്‍ യു.ഡി.എഫ് സ്വതന്ത്രന്‍ ജോസ് ടോമിനെ പരാജയപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ വിജയിച്ചു. പാലായില്‍ അഞ്ചര പതിറ്റാണ്ടിനിടെ കേരള കോണ്‍ഗ്രസിന്‍റെ ആദ്യ തോല്‍വി

MediaOne Logo

Web Desk 4

  • Published:

    27 Sep 2019 7:29 AM GMT

യു.ഡി.എഫ് കോട്ട തകര്‍ത്ത് മാണി സി കാപ്പന്‍; 2943 വോട്ടുകളുടെ ഭൂരിപക്ഷം LIVE BLOG
X
മാണി സി കാപ്പന്‍ വിജയിച്ചു

പാലായില്‍ മാണി സി കാപ്പന്‍ വിജയിച്ചു. 2943 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കാപ്പന്‍റെ വിജയം. എല്‍.ഡി.എഫ് 54137 വോട്ടുകള്‍ നേടിയപ്പോള്‍ യു.ഡി.എഫ് 51194 വോട്ടുകള്‍ നേടി. എന്‍.ഡി.എയ്ക്ക് 18044 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

കെ.എം മാണിയുടെ വീടിന് മുന്നില്‍ സംഘര്‍ഷം

കെ.എം മാണിയുടെ വീടിന് മുന്നില്‍ എല്‍.ഡി.എഫ്- കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എല്‍.ഡി.എഫിന്‍റെ ആഹ്ലാദപ്രകടനം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണം. മുതിര്‍ന്ന നേതാക്കളും പൊലീസുമെത്തിയാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്.

മാണി സി കാപ്പന്‍റെ ലീഡ് കുറഞ്ഞു

മാണി സി കാപ്പന്‍റെ ലീഡ് കുറഞ്ഞു. 3027 ആയാണ് ലീഡ് കുറഞ്ഞത്. മീനച്ചില്‍, കൊഴുവനാല്‍, എലിക്കുളം പഞ്ചായത്തുകളിലെ ലീഡാണ് ഇനി അറിയാനുള്ളത്.

പാലാ മുന്‍സിപ്പാലിറ്റിയില്‍ എല്‍.ഡി.എഫ് മുന്നേറ്റം

മുത്തോലിയില്‍ ജോസ് ടോമിന് ലീഡ് കിട്ടിയെങ്കിലും പാലാ മുന്‍സിപ്പാലിറ്റിയില്‍ മാണി സി കാപ്പന്‍റെ കുതിപ്പ്. വീണ്ടും ലീഡ് 4000 കടന്നു

മുത്തോലിയില്‍ ജോസ് ടോമിന് ലീഡ്

മുത്തോലി പഞ്ചായത്തില്‍ ജോസ് ടോമിന് ലീഡ്. ഇതോടെ 3724 ആയി മാണി സി കാപ്പന്‍റെ ലീഡ് കുറഞ്ഞു.

മാണി സി കാപ്പന് ലീഡ് 4300 ആയി ഉയര്‍ന്നു

രാമപുരം, മേലുകാവ്, തലനാട്, കടനാട്, മൂന്നിലവ്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളില്‍ മാണി സി കാപ്പന് ലീഡ്. ലീഡ് 4300 ആയി ഉയര്‍ന്നു.

വിനയായത് അമിത ആത്മവിശ്വാസമെന്ന് ജോസഫ് വിഭാഗം

പാലായില്‍ വിനയായത് അമിത ആത്മവിശ്വാസമെന്ന് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പില്‍. തിരിച്ചടിക്ക് കാരണം യു.ഡി.എഫ് വിശദമായി പരിശോധിക്കണം. ജോസഫിനെ അപമാനിച്ചത് തിരിച്ചടിയായെന്നും സജി മഞ്ഞക്കടമ്പില്‍.

ഏഴ് പഞ്ചായത്തിലും എല്‍.ഡി.എഫ്

വോട്ടെണ്ണിയ ഏഴ് പഞ്ചായത്തുകളിലും മാണി സി കാപ്പന് ലീഡ്. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, ഭരണങ്ങാനം, തലപ്പലം പഞ്ചായത്തുകളില്‍ മുന്നേറിയതോടെ മാണി സി കാപ്പന്‍റെ ലീഡ് 4000 കടന്നു.

4000 കടന്ന് കാപ്പന്‍

ഭരണങ്ങാനത്തെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മാണി സി കാപ്പന്‍റെ ലീഡ് 4000 കടന്നു

ഭരണങ്ങാനത്തും കാപ്പന് ലീഡ്

യു.ഡി.എഫ് ശക്തികേന്ദ്രമായ ഭരണങ്ങാനം പഞ്ചായത്തിലും മാണി സി കാപ്പന് ലീഡ്. ഇതോടെ എണ്ണിയ ആറ് പഞ്ചായത്തുകളിലും എല്‍.ഡി.എഫ് ലീഡ് ചെയ്യുകയാണ്.

ഭരണങ്ങാനം നിര്‍ണായകം

യു.ഡി.എഫ് ശക്തികേന്ദ്രമായ ഭരണങ്ങാനം പഞ്ചായത്തിലെ വോട്ടുകളാണ് അടുത്തതായി എണ്ണുന്നത്. മാണി സി കാപ്പന്‍റെ ലീഡ് കുറയ്ക്കാന്‍ ജോസ് ടോമിന് കഴിഞ്ഞാല്‍ യു,ഡി.എഫിന് വിജയ പ്രതീക്ഷയുണ്ടാകും

അഞ്ച് പഞ്ചായത്തിലും കാപ്പന്‍ തന്നെ

വോട്ടെണ്ണല്‍ പൂര്‍ത്തിയായ അഞ്ച് പഞ്ചായത്തിലും മാണി സി.കാപ്പന് തന്നെ ലീഡ്. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട് പഞ്ചായത്തുകളിലാണ് ലീഡ്. ഇപ്പോള്‍ 3299 വോട്ടുകള്‍ക്കാണ് കാപ്പന്‍ ലീഡ് ചെയ്യുന്നത്.

കടനാടിലും മാണി സി കാപ്പന്‍

കടനാട് പഞ്ചായത്തിലും മാണി സി കാപ്പന്‍ ലീഡ് ചെയ്യുന്നു. കാപ്പന്റെ ലീഡ് 3000 കടന്നു. 3180 വോട്ടുകള്‍ക്കാണ് കാപ്പന്‍ ലീഡ് ചെയ്യുന്നത്.

ബി.ഡി.ജെ.എസ് വോട്ട് കിട്ടിയെന്ന് മാണി സി കാപ്പന്‍

ബി.ഡി.ജെ.എസിന്‍റെ വോട്ടുകള്‍ ലഭിച്ചെന്ന് മാണി സി കാപ്പന്‍. ബി.ജെ.പി വോട്ട് ലഭിച്ചിട്ടില്ല. ബി.ജെ.പി വോട്ട് ലഭിച്ചെന്ന് പറയുന്നത് കാക്ക മലര്‍ന്ന് പറക്കുമെന്ന് പറയുന്നതുപോലെയാണ്. ശുഭപ്രതീക്ഷയാണുള്ളതെന്നും മാണി സി കാപ്പന്‍.

ബി.ജെ.പി എല്‍.ഡി.എഫിന് വോട്ട് മറിച്ചെന്ന് ജോസ് ടോം

രാമപുരത്ത് ബി.ജെ.പി എല്‍.ഡി.എഫിന് വോട്ട് മറിച്ചെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം

രണ്ടാം റൌണ്ടിലും എല്‍.ഡി.എഫിന് ലീഡ്

രാമപുരത്തെ രണ്ടാം റൌണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫ് മുന്നില്‍. മാണി സി കാപ്പന് 700 വോട്ടിന്‍റെ ലീഡാണുള്ളത്.

162 വോട്ടിന് മാണി സി കാപ്പന്‍ മുന്നില്‍

രാമപുരത്തെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫ് മുന്നില്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ ലീഡ് നേടിയ പഞ്ചായത്താണ് രാമപുരം.

സര്‍വ്വീസ് വോട്ടുകളും മാണി സി കാപ്പന്

സര്‍വ്വീസ് വോട്ടുകള്‍ എണ്ണിയപ്പോള്‍ മാണി സി കാപ്പന്‍ ആറ് വോട്ടുകള്‍ നേടി. ടോം ജോസിന് ഒരു വോട്ടും ലഭിച്ചില്ല. 2 എണ്ണം അസാധുവായി.

ആദ്യ ലീഡ് മാണി സി കാപ്പന്

രാമപുരത്തെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് മാണി സി കാപ്പന് . 150 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ ലീഡ് ചെയ്യുന്നത്. ലീഡ് ആദ്യ മൂന്ന് ബൂത്തുകളിലെ വോട്ടെണ്ണിയപ്പോള്‍.

ഇ.വി.എം വോട്ടുകള്‍ എണ്ണിത്തുടങ്ങി

വോട്ടിങ് മെഷീനുകളില്‍ ആദ്യം എണ്ണുന്നത് രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ്.

തപാല്‍ വോട്ടുകളില്‍ ഒപ്പത്തിനൊപ്പം

തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍.ഡി.എഫും യു.ഡിഎഫും ഒപ്പത്തിനൊപ്പം. ആറ് വോട്ടുകള്‍ വീതമാണ് ഇരുവരും നേടിയത്. മൂന്ന് വോട്ടുകള്‍ അസാധുവായി. ഇനി സര്‍വീസ് വോട്ടുകളുടെ എണ്ണമാണ് ലഭിക്കേണ്ടത്.

പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം എണ്ണുക രാമപുരത്തെ വോട്ടുകള്‍

പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം എണ്ണുന്നത് രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ്. യു.ഡി.എഫിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് രാമപുരത്തെ വോട്ടുകള്‍. അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതിന്‍റെ സൂചനകള്‍ രാമപുരത്ത് നിന്നും ലഭിക്കും.

പാലായില്‍ വോട്ടെണ്ണല്‍ തുടങ്ങി

ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍. 29 പോസ്റ്റല്‍ വോട്ടുകളാണുള്ളത്. 13 റൌണ്ടുകളിലാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാവുക. ആദ്യ ഫല സൂചനകള്‍ അല്‍പസമയത്തിനകം. പൂര്‍ണഫലം 10 മണിയോടെ.

പാലായില്‍ ജയം ഉറപ്പെന്ന് മാണി സി.കാപ്പന്‍

പാലായില്‍ ജയം ഉറപ്പെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍. പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കും. ജോസഫ് വിഭാഗത്തിന്റെയും ബി.ഡി.ജെ.എസിന്റെയും വോട്ടുകള്‍ ലഭിക്കും. മുത്തോലിയും കൊഴിവനാലും ഒഴികെ എല്ലാ പഞ്ചായത്തിലും ലീഡ് ചെയ്യുമെന്നും മാണി സി കാപ്പന്‍.

യു.ഡി.എഫ് വിജയം ആവര്‍ത്തിക്കുമെന്ന് ജോസ് ടോം

യു.ഡി.എഫ് വിജയം ആവര്‍ത്തിക്കുമെന്ന് ജോസ് ടോം പറഞ്ഞു. കെ.എം മാണിയേക്കാള്‍ വോട്ട് കൂടും. പതിനയ്യായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കും. മീനച്ചില്‍ പഞ്ചായത്തിലാണ് കൂടുതല്‍ വോട്ടുകള്‍ ലഭിക്കുക. പ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനത്തിന് ഫലമുണ്ടാകുമെന്നും ജോസ് ടോം

വോട്ടെണ്ണല്‍ എട്ട് മണിക്ക് തുടങ്ങും

പാലാ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ട് മണിക്ക് പാലാ കാര്‍മല്‍ പബ്ലിക്ക് സ്കൂളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. തുടര്‍ന്ന് വോട്ടിങ് യന്ത്രങ്ങളും. ആദ്യ ലീഡ് എട്ടരയോടെ പുറത്ത് വരും. 12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലാ മണ്ഡലത്തിലുള്ളത്. 14 ടേബിളുകളിലായാണ് എണ്ണുക. ആദ്യം രാമപുരം പഞ്ചായത്തും അവസാനം എലിക്കുളവുമാണ് എണ്ണുക. പത്തരയോടെ കെ.എം മാണിയ്ക്ക് ശേഷം പാലായെ ആര് പ്രതിനിധീകരിക്കുമെന്ന് അറിയാം.

TAGS :

Next Story