Quantcast

എം.ജി സര്‍വ്വകലാശാലയിൽ മാർക്ക് തട്ടിപ്പിന് നീക്കം

മുപ്പത് ഉത്തരക്കടലാസാണ് സിന്‍ഡിക്കേറ്റ് അംഗം ആവശ്യപ്പെട്ടത്

MediaOne Logo

Web Desk 6

  • Published:

    18 Oct 2019 3:35 AM GMT

എം.ജി സര്‍വ്വകലാശാലയിൽ മാർക്ക് തട്ടിപ്പിന് നീക്കം
X

എം.ജി സര്‍വകലാശാലയില്‍ മാർക്ക് ദാന വിവാദത്തിനു പിന്നാലെ മാർക്ക് തട്ടിപ്പിനും നീക്കമെന്ന് സൂചന. പുനർമൂല്യനിർണയ നടപടികൾ ആരംഭിച്ച എംകോം പരീക്ഷയുടെ ഉത്തരക്കടലാസുകൾ നല്‍കണമെന്നാവശ്യപ്പെട്ട് സിൻഡിക്കേറ്റംഗം ആർ. പ്രകാശ് പരീക്ഷാ കൺട്രോളർക്കു കത്ത് നല്‍കി.കത്തിൽ വിസി ഒപ്പിട്ട് അനുമതി നൽകിയിട്ടുണ്ട്. മുപ്പത് ഉത്തരക്കടലാസുകൾ, വിദ്യാർഥികളുടെ റജിസ്റ്റർ നമ്പർ, അവയുടെ ഫോൾസ് നമ്പർ എന്നിവ സഹിതം പരീക്ഷാ ചുമതലയുള്ള സിൻഡിക്കറ്റ് അംഗത്തിന് നൽകാനാണ് വി.സിയുടെ നിർദേശം.

എം.ജി സർവകലാശാലയുടെ എംകോം നാലാം സെമസ്റ്റർ കോഴ്സിന്റെ അഡ്വാൻസ്ഡ് കോസ്റ്റ് അക്കൗണ്ടിങ് പരീക്ഷയുടെ വിവരങ്ങൾ കൈമാറാനാണ് സിൻഡിക്കേറ്റംഗം ആവശ്യപ്പെട്ടിരിക്കുന്നത്. പരീക്ഷാ മോണിട്ടറിങ് സെൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അതീവ രഹസ്യമായാണ് മൂല്യനിർണയം നടക്കുന്നത്.കഴിഞ്ഞ മാസം 15നാണ് എം.കോം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചത്. തുടർന്ന് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ 15 ദിവസം അവസരം നൽകി.ലഭിച്ച അപേക്ഷകളിൽ പുനർമൂല്യ നിർണയ നടപടികൾ ആരംഭിച്ചു കഴിഞ്ഞപ്പോഴാണ് സിൻഡിക്കേറ്റംഗം ഡോ. ആർ. പ്രകാശ് സ്വന്തം ലെറ്റർ പാഡിൽ എഴുതിയ കത്ത് വൈസ് ചാൻസലർ ഡോ. സാബു തോമസിന്റെ ഒപ്പോടു കൂടി പരീക്ഷാ കൺട്രോളർക്ക് ലഭിച്ചത്. പുനർ മൂല്യ നിർണയം നടക്കുമ്പോൾ ഉത്തരക്കടലാസുകളുടെ ആദ്യ പേജിലെ പേരും റജിസ്റ്റർ നമ്പറും ഉള്ള ഭാഗം ആദ്യമേ കീറി മാറ്റും. തുടർന്ന് പുതിയ രഹസ്യ നമ്പർ നൽകും. ഈ രഹസ്യ നമ്പറാണ് ഫോള്‍സ് നമ്പര്‍. മൂല്യനിർണയം കഴിഞ്ഞു ലഭിക്കുന്ന ഉത്തരക്കടലാസുകളിൽ കംപ്യൂട്ടർ സഹായത്തോടെ രഹസ്യമായി ഫോൾസ് നമ്പറും റജിസ്റ്റർ നമ്പറും ഒത്തു നോക്കിയാണ് മാര്‍ക്ക് നല്‍കുന്നത്.

മൂന്ന് രേഖകളും ഒരുമിച്ചു ലഭിച്ചാൽ വിദ്യാർഥികളെയും അവരുടെ കോളജുകളും തിരിച്ചറിയാൻ സാധിക്കും. ഈ സാഹചര്യത്തിലാണ് സിന്‍ഡിക്കേറ്റ് അംഗത്തിന്റെയും വിസിയുടെയും നടപടി സംശയം ഉയര്‍ത്തുന്നത്. ഏതു സാഹചര്യത്തിൽ, ഏത് അന്വേഷണത്തിന്റെ പേരിലാണ് രഹസ്യ രേഖകൾ ഒരുമിച്ച് ചോദിക്കുന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നുമില്ല. എന്നാൽ നിയമത്തിനകത്ത് നിന്ന് മാത്രമാണ് ഇടപെട്ടതെന്നാണ് സിൻഡിക്കേറ്റംഗം ആർ. പ്രകാശിന്റെ വാദം.

TAGS :

Next Story