Quantcast

കാസര്‍കോട് അതിര്‍ത്തിയിൽ ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു

രണ്ടുദിവസം മുമ്പാണ് അബ്ദുൾ സലീമിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചത്. എന്നാൽ, അതിർത്തിയിൽ വെച്ച് കർണാടക അധികൃതർ യാത്ര തടഞ്ഞതോടെ ആശുപത്രിയിലെത്താനായില്ല. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.

MediaOne Logo

Web Desk

  • Published:

    9 April 2020 4:23 AM GMT

കാസര്‍കോട് അതിര്‍ത്തിയിൽ ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു
X

കാസര്‍കോട് അതിര്‍ത്തിയിൽ ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. ഉപ്പള സ്വദേശി അബ്ദുൾ സലീമാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇദ്ദേഹത്തെ മംഗലുരുവിലെ ആശുപത്രിയിൽ എത്തിക്കാനായില്ല.

രണ്ടുദിവസം മുമ്പാണ് അബ്ദുൾ സലീമിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചത്. എന്നാൽ, അതിർത്തിയിൽ വെച്ച് കർണാടക അധികൃതർ യാത്ര തടഞ്ഞതോടെ ആശുപത്രിയിലെത്താനായില്ല. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ഇതോടെ കാസർകോട് ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 13 ആയി.

അടിയന്തരാവശ്യത്തിനുള്ള ചികിത്സയ്ക്കായി കേരളത്തിൽ അതിർത്തി കടന്ന് മംഗളുരുവിലേക്ക് പോയ മൂന്ന് പേരിൽ രണ്ട് രോഗികൾക്കും ഇന്നലെ കർണാടകം ചികിത്സ നിഷേധിച്ചിരുന്നു. കാസർകോട് സ്വദേശി തസ്ലീമയ്ക്കും, പയ്യന്നൂർ മാട്ടൂലിൽ നിന്ന് പോയ റിഷാനയ്ക്കുമാണ് ദുരവസ്ഥ.

കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് ചികിത്സയ്ക്ക് പോകുന്ന ആംബുലന്‍സുകളെ, ഉപാധികളോടെ മാത്രമേ തലപ്പാടി അതിർത്തി വഴി കര്‍ണാടക സര്‍ക്കാര്‍ കടത്തി വിടുകയുള്ളൂ. കോവിഡ് രോഗികളല്ലാത്ത അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി വരുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആംബുലന്‍സുകള്‍ക്കാണ് പ്രവേശനം അനുവദിക്കുക.

അതായത് കാസര്‍കോട് ജില്ലയില്‍ ചികിത്സ ലഭ്യമല്ലാത്ത രോഗികളുമായുള്ള ആംബുലന്‍സുകളെയാണ് അതിർത്തി വഴി കടത്തി വിടുക. ഇവർ കൈവശം മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം കരുതണം. യാതൊരുവിധ കോവിഡ് ലക്ഷണങ്ങളും ഇല്ലാത്തയാളാണെന്ന് സാക്ഷ്യപത്രത്തിൽ പ്രത്യേകം രേഖപ്പെടുത്തണം.

കൂടാതെ കാസര്‍കോട് ചികിത്സ ലഭ്യമല്ലാത്തതും കണ്ണൂരിലേക്ക് കൊണ്ടുപോകാന്‍ സാധിക്കാത്തതുമായ രോഗിയാണെന്നും മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. ഇതിനായി മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമാവും.

രോഗിയുടെ മെഡിക്കൽ രേഖകൾ പരിശോധിക്കുന്നതിനായി തലപ്പാടി ചെക്ക്‌പോസ്റ്റില്‍ കര്‍ണ്ണാടക, മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രോഗി നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് കർണാടകയുടെ മെഡിക്കൽസംഘം ഉറപ്പു വരുത്തിയ ശേഷം മാത്രമേ ആംബുലൻസിനെ കടത്തിവിടുകയുള്ളൂ.

രോഗിയെ കൊണ്ടുപോകുന്ന ആംബുലന്‍സ് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശാനുസരണം അണുവിമുക്തമാക്കണമെന്നും കർണാടകയുടെ നിർദേശമുണ്ട്.

അതേസമയം, ചികിത്സ നിഷേധിക്കപ്പെട്ട സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, കർണാടക മുഖ്യമന്ത്രിയുമായി അടിയന്തരമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അടിയന്തര ആവശ്യങ്ങൾ ഉള്ള, ഗുരുതരാവസ്ഥയിലുള്ള രോഗികൾ അതിർത്തി കടന്ന് പോയാൽ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story