Quantcast

ലോക്ക്ഡൌണ്‍ കാരണമാണ് ബസ്സുകള്‍ ഓട്ടം നിര്‍ത്തിയത്, സമരം പ്രഖ്യാപിച്ചല്ല: ബസുടമകളുമായി ചര്‍ച്ചയില്ലെന്ന് ഗതാഗതമന്ത്രി

സംസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. ജില്ലക്കുള്ളിൽ മാത്രമാവും സർവീസുകൾ നടത്തുക.

MediaOne Logo

  • Published:

    19 May 2020 6:31 AM GMT

ലോക്ക്ഡൌണ്‍ കാരണമാണ് ബസ്സുകള്‍ ഓട്ടം നിര്‍ത്തിയത്, സമരം പ്രഖ്യാപിച്ചല്ല: ബസുടമകളുമായി ചര്‍ച്ചയില്ലെന്ന് ഗതാഗതമന്ത്രി
X

സംസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും എന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. ജില്ലക്കുള്ളിൽ മാത്രമാവും സർവീസുകൾ നടത്തുക. സ്വകാര്യ ബസ് ഉടമകൾ നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്നാണ് താന്‍ കരുതുന്നതെന്നും മന്ത്രി പറഞ്ഞു. പ്രൈവറ്റ് ബസുകള്‍ ഓടാതിരുന്നത് എന്തെങ്കിലും തരത്തിലുള്ള ഡിമാന്‍റ് നോട്ടീസ് തന്ന് അതില്‍ തീരുമാനം ആകാതിരുന്നതുകൊണ്ടല്ല. അവര്‍ പണിമുടക്കോ, സമരമോ പ്രഖ്യാപിച്ചിട്ടില്ല. രാജ്യമെങ്ങും ലോക്ക്ഡൌണ്‍ ആയപ്പോള്‍ ആ തീരുമാനം പ്രകാരമാണ് ബസ്സുകളും ഓട്ടം നിര്‍ത്തിയത്. ഇപ്പോള്‍ ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ടിരിക്കുകയാണ്. ആ ഇളവിന്‍റെ ഭാഗമായാണ് ജനങ്ങള്‍ക്ക് അത്യാവശ്യ യാത്രകള്‍ക്ക് ആവശ്യമായ പരിമിതമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നത്. അതിന്‍റെ ഭാഗമാണ്, ജില്ലക്കകത്തുള്ള ഹ്രസ്വദൂര സര്‍വീസുകള്‍ ഓടിക്കാമെന്നത്. അതിലും രോഗവ്യാപനം തടയാനാവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ആ ബുദ്ധിമുട്ടുകളില്‍ അവര്‍ക്ക് ആശ്വാസമാകാനാണ് കോവിഡ് കാലത്തേക്ക് മാത്രം ബസ് ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന് തീരുമാനിച്ചത്. മാത്രമല്ല, മൂന്ന് മാസക്കാലത്തേക്ക് ടാക്സ് അടക്കേണ്ടതില്ല എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്‍റെ സാമ്പത്തിക പ്രയാസങ്ങള്‍ സര്‍ക്കാരിനും ഉണ്ട്. ചര്‍ച്ച നടത്തി പരിഹരിക്കാന്‍ അവരൊരു പണിമുടക്കോ സമരമോ പ്രഖ്യാപിച്ചതല്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു. എല്ലാ ബസും ഓടിക്കാന്‍ അവരോട് പറഞ്ഞിട്ടില്ല. ജില്ലകകത്ത് ഹ്രസ്വദൂര സര്‍വീസ് നടത്താനാണ് ആവശ്യപ്പെട്ടത്. രണ്ടുമാസമായി എന്തായാലും അവര്‍ ബസ് ഓടിക്കുന്നില്ലല്ലോ, ഈ നിബന്ധനകള്‍ പാലിച്ച് ബസ് ഓടിക്കില്ലെന്നാണ് അവര്‍ പറയുന്നതെങ്കില്‍ ഓടിക്കണ്ട എന്നേ പറയാനുള്ളൂ എന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

ബസ്സുടമകള്‍ സര്‍ക്കാരിനോടും ജനങ്ങളോടും സഹകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വകാര്യ ബസുകൾ ഏറെ നാൾ ഓടാതെ കിടന്നതു കൊണ്ട് ചില അറ്റകുറ്റപ്പണികൾക്കും മറ്റും ശേഷം മാത്രമേ അവ നിരത്തിലിറങ്ങൂ. ഈ വിഷയത്തിൽ ബസ് ഉടമകളുമായി ചർച്ച നടത്തില്ലെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്.

വിദ്യാർത്ഥികൾക്ക് പരീക്ഷക്ക് പോകേണ്ടതുണ്ട്, ആളുകള്‍ ജോലിക്ക് പോയിത്തുടങ്ങിയിട്ടുണ്ട്. അതൊക്കെ പരിഗണിച്ചാണ് കെഎസ്ആർടിസി ഇപ്പോൾ സർവീസ് ആരംഭിക്കാനൊരുങ്ങുന്നത്. കൂടുതൽ ആളുകൾ കയറാതിരിക്കാൻ പൊലീസ് സഹായം തേടും. ആദ്യത്തെ ചില ദിവസങ്ങൾ കഴിഞ്ഞാൽ ജനങ്ങൾ പുതിയ രീതിയുമായി പൊരുത്തപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ജീവനക്കാർക്ക് വേണ്ടി കെഎസ്ആർടിസി സർവീസ് നടത്തിയപ്പോൾ ജനങ്ങൾ സഹകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ രീതിയുമായും ജനങ്ങൾ സഹകരിക്കുമെന്ന് കരുതുന്നുവെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ച നിരക്കിനുസരിച്ച് മാത്രം സര്‍വീസ് നടത്താന്‍ ആകില്ലെന്ന നിലപാടിലാണ് ബസുടമകള്‍. നാളെ സര്‍വീസ് നടത്തില്ല. ഡീസലിന് ടാക്സ് ഒഴിവാക്കി സബ്‍സിഡി നല്‍കുമെങ്കില്‍ മാത്രം സര്‍വീസ് നടത്തുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഴ്സ് ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥ് മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story