Quantcast

കോവിഡ് പ്രതിരോധത്തിന്‍റെ കേരള മോഡല്‍: ബിബിസി ന്യൂസില്‍ അതിഥിയായി കേരളത്തിന്‍റെ ആരോഗ്യമന്ത്രി കെ.കെ ശൈലജ

കൊറോണ വൈറസിനെ ചെറുക്കാൻ കേരളം എടുത്ത നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും സംബന്ധിച്ച് ബിബിസി വേൾഡ് ന്യൂസ് അവതാരകയുടെ ചോദ്യങ്ങൾക്ക് മന്ത്രി ശൈലജ മറുപടി നൽകി.

MediaOne Logo

  • Published:

    19 May 2020 4:52 AM GMT

കോവിഡ് പ്രതിരോധത്തിന്‍റെ  കേരള മോഡല്‍: ബിബിസി ന്യൂസില്‍ അതിഥിയായി കേരളത്തിന്‍റെ  ആരോഗ്യമന്ത്രി കെ.കെ ശൈലജ
X

കോവിഡ് പ്രതിരോധത്തിന്റെ കേരളാ മോഡലുമായി ബിബിസി ന്യൂസില്‍ തത്സമയം ആരോഗ്യമന്ത്രി കെ. കെ ശൈലജ. തിങ്കളാഴ്ച രാത്രി 9 ന് ചാനലില്‍ നടത്തിയ ചര്‍ച്ചയില്‍ അതിഥിയായിരുന്നു മന്ത്രി. കൊറോണ വൈറസിനെ ചെറുക്കാൻ കേരളം എടുത്ത നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും സംബന്ധിച്ച് ബിബിസി വേൾഡ് ന്യൂസ് അവതാരകയുടെ ചോദ്യങ്ങൾക്ക് മന്ത്രി ശൈലജ മറുപടി നൽകി. അഞ്ച് മിനിറ്റ് നീണ്ട അഭിമുഖം തിരുവനന്തപുരത്ത് നിന്നും ലൈവായി സംപ്രേഷണം ചെയ്യുകയായിരുന്നു. ബിബിസിയിലെ അവതാരികയും ആരോഗ്യമന്ത്രിയും നടത്തുന്ന സംഭാഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മൂന്നരക്കോടി ജനങ്ങളുളള കേരളത്തില്‍ കോവിഡ് ബാധിച്ച് വെറും നാലുപേര്‍ മാത്രമാണ് മരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തുന്നതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി അഭിനന്ദിക്കപ്പെടുന്നതും ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രിയുമായുള്ള സംഭാഷണത്തിന് ബിബിസി അവതാരക തുടക്കമിട്ടത്.

അവതാരികയുടെ ചോദ്യങ്ങൾക്ക് വ്യക്തമായും കൃത്യമായും ഉള്ള മറുപടിയാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി നൽകിയത്. ചൈനയിലെ വുഹാനില്‍ ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കേരളത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയത് വലിയ നേട്ടമായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.

രണ്ടാംഘട്ടത്തില്‍ രോഗനിര്‍ണയത്തിന് പരിശോധന സംവിധാനങ്ങളൊരുക്കിയതും പുറത്ത് നിന്നെത്തുന്നവരെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും റോഡുകളിലും നിരീക്ഷിക്കാന്‍ സംവിധാനം ഒരുക്കിയതുമെല്ലാം നേട്ടമായെന്നും മന്ത്രി പറഞ്ഞു. രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ പ്രത്യേകം നിരീക്ഷണത്തില്‍ പാര്‍പ്പിച്ചും രോഗം സ്ഥിരീകരിക്കുന്നവരെ പ്രത്യേകം ചികിത്സക്ക് വിധേയമാക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ വീടുകളില്‍ നിരീക്ഷിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രവാസികൾ, ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവരുടെ മടങ്ങിവരവിനെക്കുറിച്ചും ചോദ്യം ഉയർന്നു. കേരളത്തിന്റെ ആരോഗ്യമേഖലയെക്കുറിച്ചും മെഡിക്കല്‍ കോളേജ് ആശുപത്രികളെക്കുറിച്ചും ആരോഗ്യപ്രവര്‍ത്തകരെക്കുറിച്ചും മന്ത്രി ചര്‍ച്ചയില്‍ പരാമര്‍ശിച്ചു. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ചര്‍ച്ചയ്ക്കിടയില്‍ ബി.ബി.സി കാണിച്ചിരുന്നു. തല്‍സമയ ചര്‍ച്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. കേരള മോഡലിന് കയ്യടിയുമായി നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ബി.ബി.സി. വേള്‍ഡില്‍ തത്സമയ ചര്‍ച്ചയില്‍ #BBC_NEWS #KeralaLeads #Break_The_Chain

Posted by Break the Chain on Monday, May 18, 2020

നേരത്തെത്തന്നെ വിവിധ രാജ്യന്തര മാധ്യമങ്ങളിൽ കേരളാ മോഡൽ വാഴ്ത്തപ്പെട്ടതാണ്. ആരോഗ്യ മേഖലയിലെ ഇടപെടലുകളില്‍ രാജ്യാന്തരതലത്തില്‍ തന്നെ ശ്രദ്ധ നേടിയ ആരോഗ്യമന്ത്രിയാണ് കെ. കെ ശൈലജ. കൊറോണ പ്രതിരോധത്തില്‍ മാത്രമല്ല, നേരത്തെ നിപ പടര്‍ന്നപ്പോഴും അല്ലാത്തപ്പോഴുള്ള ആരോഗ്യമന്ത്രിയുടെ ഇടപെടലുകള്‍ കയ്യടി നേടിയിയിരുന്നു.

കൊറോണ കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശൈലജയെക്കുറിച്ച് ദ ഗാര്‍ഡിയനിലും ലേഖനം വന്നിരുന്നു. കേരള മാതൃകയെ പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു ലേഖനം. ഇതിനെ പ്രശംസിച്ച് പ്രതിപക്ഷ എംപിയായ ശശിതരൂര്‍ എംപിയും രംഗത്തെത്തിയിരുന്നു. കോവിഡുമായി ബന്ധപ്പെട്ട പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങളും കേരളത്തെ പ്രശംസിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പാകിസ്ഥാന്‍ പത്രമായ ഡോണിലും കേരളത്തിന്‍റെ മാതൃകയെ പ്രശംസിച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊറോണക്കെതിരെ പോരാട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വനിതകളെ ആദരിക്കാന്‍ ലോകപ്രശസ്ത ലൈഫ്‌സ്റ്റൈല്‍ മാഗസീന്‍ വോഗ് അവതരിപ്പിക്കുന്ന വോഗ് വാരിയേഴ്‌സ് സീരിസില്‍ ശൈലജയും ഇടം നേടിയിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവ് ചൂണ്ടികാട്ടിയാണ് സീരിസിലേക്ക് തെരഞ്ഞെടുത്തത്. മഹാവ്യാധിയെ കേരളത്തില്‍ നിന്നും മോചിപ്പിക്കുന്ന ആരോഗ്യമന്ത്രിയെന്ന് തലകെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. 2018 ല്‍ നിപ്പ വൈറസിനെ വിജയകരമായി നേരിടുന്നതിന് സഹായിച്ചത്, മുഖ്യമന്ത്രി പിണറായി വിജയനുമായി ചേര്‍ന്ന് അവര്‍ നടത്തിയ മികച്ച ആസൂത്രണങ്ങളും അതിന്‍റെ നടപ്പാക്കലുമാണെന്നും ഒരിക്കല്‍ കേരളത്തെ ഒരു മഹാമാരിയില്‍ നിന്നും കരകയറ്റാനുള്ള ശ്രമമാണെന്നും വോഗ് ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.

TAGS :

Next Story