Quantcast

ഉത്ര കൊലക്കേസ് തെളിയാന്‍ പാമ്പിന്‍റെ പോസ്റ്റ്മോര്‍ട്ടം: 2008 ല്‍ ഒരു പൂച്ചയെ പോസ്റ്റ്മോര്‍ട്ടം ചെയ്തത് എന്തിനായിരുന്നു?

ഒറ്റനോട്ടത്തില്‍ കൊലപാതകമാണെന്ന് ആര്‍ക്കും ബോധ്യപ്പെട്ടു. പക്ഷേ മരിച്ചതാരാണെന്ന് ആര്‍ക്കും അറിയില്ല.

MediaOne Logo

  • Published:

    3 Jun 2020 5:11 AM GMT

ഉത്ര കൊലക്കേസ് തെളിയാന്‍ പാമ്പിന്‍റെ പോസ്റ്റ്മോര്‍ട്ടം: 2008 ല്‍ ഒരു പൂച്ചയെ പോസ്റ്റ്മോര്‍ട്ടം ചെയ്തത് എന്തിനായിരുന്നു?
X

ഉത്ര കൊലക്കേസില്‍ പാമ്പിനെ പോസ്റ്റ്മോര്‍ട്ടം ചെയ്ത പൊലീസ് നടപടി അത്ഭുതത്തോടെയാണ് മലയാളികളില്‍ ചിലരെങ്കിലും കണ്ടത്. പാമ്പ് നിര്‍ണായക ഘടകമാകുമെന്ന് മനസിലായപ്പോഴാണ് പൊലീസ് ഈ ഉദ്യമത്തിന് ഇറങ്ങിയത്. പാമ്പിന്‍റെ പോസ്റ്റ്മോര്‍ട്ടം ഉത്ര കൊലപാതകത്തിലെ ഒഴിച്ചുകൂടാനാവാത്ത തെളിവ് നല്‍കുമെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. ഇതിന് കാരണം മറ്റൊരു കേസാണ്.. ഒരു പൂച്ച തെളിയിച്ച മറ്റൊരു കൊലക്കേസ്. ഒരു പൂച്ചയെ പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ തെളിഞ്ഞ ഒരു കൊലക്കേസ്.

ഹരികൃഷ്ണന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഈ കഥയിലെ നായകന്‍. വില്ലന്‍ പാത്രക്കച്ചവടക്കാരനായ ജലാലുദീന്‍. ഇനി കഥയിലേക്ക് വരാം. 2008ല്‍ ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങരയില്‍ പത്തിയൂര്‍പ്പാടത്തെ കുളത്തില്‍ ഒരു യുവതിയുടെ മൃതദേഹം പൊങ്ങി. വയറുകുത്തി കീറിയ നിലയിലായിരുന്നു ഇത്. കാലുകള്‍ സ്ത്രീയുടെ സാരി കൊണ്ട് തന്നെ കെട്ടി. ഒറ്റനോട്ടത്തില്‍ കൊലപാതകമാണെന്ന് ആര്‍ക്കും ബോധ്യപ്പെട്ടു. പക്ഷേ മരിച്ചതാരാണെന്ന് ആര്‍ക്കും അറിയില്ല. സമീപ പ്രദേശത്ത് എവിടെയും സ്ത്രീകളെ കാണാതായതായി പരാതിയുമില്ല. പൊലീസ് കുഴങ്ങി. മരിച്ചതാരാണെന്ന് തിരിച്ചറിയാതെ എങ്ങനെയാണ് കൊലപാതകിയെ കണ്ടെത്തുക..

ഈ സമയത്താണ് സി ഐ ഹരികൃഷ്ണന്‍ കുളത്തിന് അകലെയല്ലാതെ ഒരു പൂച്ചയുടെ മൃതശരീരം കാണുന്നത്. ഹരികൃഷ്ണന്‍ സ്ത്രീയുടെ മൃതശരീരത്തിന് ഒപ്പം പൂച്ചയെയും പോസ്റ്റ്മോര്‍ട്ടം ചെയ്യിച്ചു. ഉദ്യോഗസ്ഥന്‍റെ നിരീക്ഷണം കറക്ടായിരുന്നു. സ്ത്രീയും പൂച്ചയും മരിക്കുന്നതിന് മുമ്പ് ഒരേ ഭക്ഷണമായിരുന്നു കഴിച്ചിരുന്നത്. മരണകാരണം വിഷം ഉള്ളില്‍ ചെന്നതും . പരിചയമുള്ള ആളിനൊപ്പമേ പൂച്ച പുറത്ത് പോകൂ എന്ന മനസിലാക്കിയ ഹരികൃഷ്ണന്‍ പൂച്ചയുടെ ഫോട്ടോയുമായി പൊലീസുകാരെ നാലുപാടും അയച്ചു.

പൂച്ചയുടെ ഫോട്ടോയുമായി കൊലക്കേസ് തെളിയിക്കാന്‍ നടക്കുന്ന പൊലീസുകാരെ നാട്ടുകാര്‍ കളിയാക്കാന്‍ തുടങ്ങി. പക്ഷേ ഹരികൃഷ്ണന്‍ പിന്മാറിയില്ല. ഒടുവില്‍ ഒരു വീട്ടുകാര്‍ പൂച്ചയെ തിരിച്ചറിഞ്ഞു. ഹരികൃഷ്ണന്‍ ഗൃഹനാഥന് പിന്നാലെയായി. ഓരോ തവണ വിളിക്കുമ്പോഴും ഓരോ സ്ഥലമാണ് ജലാലുദീന്‍ പറഞ്ഞത്. ഹരികൃഷ്മന്‍ ടവര്‍ ലൊക്കേഷന്‍ ശേഖരിച്ച് ജലാലുദീന്‍ പറയുന്നത് കളളമാണെന്ന് തിരിച്ചറിഞ്ഞു. ഇതേ മാര്‍ഗത്തില്‍ തന്നെ ജലാലുദീനെ വലയിലാക്കുകയും ചെയ്തു.

ചോദ്യം ചെയ്യലില്‍ യുവതി തന്‍റെ കാമുകിയായിരുന്നുവെന്നും വാങ്ങിയെടുത്ത സ്വര്‍ണം തിരിച്ച് ചോദിച്ചതിലാണ് കൊലപാതകമെന്നും ഇയാള്‍ പറഞ്ഞു. നാല് വര്‍ഷത്തെ വിചാരണയ്ക്ക് ഒടുവില്‍ ജലാലുദ്ദീനെ ആലപ്പുഴ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജീവപര്യന്തം ശിക്ഷിച്ചു. കേരള പൊലീസിന്‍റെ പൊന്‍തൂവലായ ഈ കേസ് പൊലീസ് ട്രെയിനിംഗ് കോളേജുകളിലെ ഒരു റഫറിംഗ് മെറ്റീരിയലാണ് ഇന്ന്.

TAGS :

Next Story