Quantcast

മലപ്പുറം പൊന്നാനി താലൂക്കില്‍ ജുലൈ ആറ് വരെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നടപടികൾ എന്ന് ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

  • Published:

    30 Jun 2020 8:45 AM GMT

മലപ്പുറം പൊന്നാനി താലൂക്കില്‍ ജുലൈ ആറ് വരെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍
X

മലപ്പുറം പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമെ ജനങ്ങൾക്ക് പുറത്ത് ഇറങ്ങാന്‍ അനുമതിയുള്ളു.മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നടപടികൾ എന്ന് ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു.

പൊന്നാനി താലൂക്കിലുൾപ്പെടുന്ന പൊന്നാനി നഗരസഭ പരിധി , വട്ടംകുളം, എടപ്പാള്‍, ആലങ്കോട്, മാറഞ്ചേരി, നന്നംമുക്ക്, വെളിയങ്കോട്, പെരുമ്പടപ്പ്, തവനൂര്‍, കാലടി പഞ്ചായത്തുകളാണ് കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഉൾപ്പെടുന്നത്. പൊന്നാനി തുറമുഖവും പുതുപൊന്നാനി തുറമുഖവും പുതുപള്ളി തുടങ്ങിയ തിരക്കേറിയ ഇടങ്ങളും ഇതില്‍ ഉള്‍പ്പെടും. കൂടാതെ പൊന്നാനിയുമായി അതിർത്തി പങ്കിടുന്ന പാലക്കാട് ജില്ലയിലെ പഞ്ചായത്തുകളായ ആനക്കര, കപ്പൂര്‍ എന്നിവിടങ്ങള്‍ പ്രത്യേക ജാഗ്രതയിലാണ്. ഇവിടങ്ങളിൽ മലപ്പുറം പാലക്കാട് അതിർത്തികളിലെ ചെറു റോഡുകൾ ഉൾപ്പെടെ താല്‍ക്കാലികമായി അടച്ചു. പൊന്നാനി താലൂക്കുമായി അതിര്‍ത്തി പങ്കിടുന്ന റോഡുകളാണ് അടച്ചത്. മെഡിക്കൽ സേവനങ്ങൾക്കൊഴികെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുത്.

മരുന്ന് ഉള്‍പ്പടെയുള്ള അത്യാവശ്യ സാധനങ്ങള്‍ക്ക് പൊലീസ് നല്‍കുന്ന നമ്പറുകളില്‍ ഉച്ചയ്ക്ക് ഒന്നിനു മുമ്പായി വിളിച്ച് ഓര്‍ഡര്‍ ചെയ്യാം. വൈകുന്നേരം മൂന്നിനുശേഷം രാത്രി പത്തുവരെ പൊലീസ് സഹായത്തോടെ വീടുകളിലേക്ക് സാധനങ്ങള്‍ എത്തിച്ചുനല്‍കും. അടിയന്തര സാഹചര്യങ്ങളില്‍ അല്ലാതെ വീടിന് പുറത്തിറങ്ങുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

TAGS :

Next Story