Quantcast

മതമൈത്രിയോ ആരാധനാലയങ്ങളോ: ആദ്യം വേണ്ടത് മതമൈത്രിയെന്ന് ഒറ്റക്കെട്ടായി പറയാൻ കഴിയണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

കോടതി വിധി ഇരുസമുദായവും അംഗീകരിച്ചതാണെന്നും, ഭിന്നത ആഗ്രഹിക്കുന്നവർക്ക് ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്ന കാഴ്ചപ്പാടാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

MediaOne Logo

  • Published:

    5 Aug 2020 4:00 PM GMT

മതമൈത്രിയോ ആരാധനാലയങ്ങളോ: ആദ്യം വേണ്ടത് മതമൈത്രിയെന്ന് ഒറ്റക്കെട്ടായി പറയാൻ കഴിയണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
X

രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി തുടക്കം കുറിച്ച ദിവസമാണ് ഇന്ന്. വിഷയത്തില്‍ കോണ്‍ഗ്രസ്സും മുസ്‍ലിം ലീഗും രണ്ട് തട്ടിലാണ്. പ്രിയങ്ക ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ആശംസ അറിയിച്ചപ്പോള്‍, എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട് കേരളത്തിലെ മുസ്‍ലിം നേതാക്കള്‍. ഇപ്പോഴിതാ രാമക്ഷേത്ര നിര്‍മ്മാണത്തിലെ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഫെയ്‍സ് ബുക്ക് പോസ്റ്റിലൂടെയാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തന്‍റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

കോടതി വിധി ഇരുസമുദായവും അംഗീകരിച്ചതാണെന്നും, ഭിന്നത ആഗ്രഹിക്കുന്നവർക്ക് ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്ന കാഴ്ചപ്പാടാണെന്നും അദ്ദേഹം പറയുന്നു. ഹിന്ദു മുസ്ലിം മൈത്രി തകർക്കാതെ തന്നെ ഒരുപാട് ക്ഷേത്രങ്ങളും പള്ളികളും നമുക്ക് നിർമ്മിക്കാൻ കഴിയും. ആകാശത്തു നിന്നൊരു മാലാഖ ഇറങ്ങിവന്ന്, മതമൈത്രി വേണോ അതോ ആരാധനാലയങ്ങൾ വേണോ എന്നു ചോദിച്ചാൽ ഞങ്ങൾക്ക് ആദ്യം വേണ്ടത് മതമൈത്രിയാണ് എന്ന് ഒറ്റക്കെട്ടായി പറയാൻ നമുക്ക് കഴിയണം. മതമൈത്രിയുടെ പാഠങ്ങൾ കണ്ടും കേട്ടും അനുഭവിച്ചും വളരട്ടെ നമ്മുടെ മക്കൾ. തർക്കങ്ങളില്ലാത്ത കാലം പുലരട്ടെയെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തന്‍റെ ഫെയ്‍സ്ബുക്കില്‍ കുറിച്ചു.

പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങളുടെ ഫെയ്‍സ് ബുക്ക് കുറിപ്പ് വായിക്കാം:

"രാഷ്ട്രീയ താൽപര്യങ്ങൾക്ക് മതത്തെ ഉപകരണമാക്കരുത്", തർക്കങ്ങളില്ലാത്ത കാലം പുലരട്ടെ.!

"ആകാശത്തു നിന്നൊരു മാലാഖ ഇറങ്ങിവന്ന്‌, കുതബ്‌മീനാറിന്റെ മുകളില്‍ കയറി നിന്ന്‌ എന്നോട്‌ സ്വാതന്ത്ര്യം വേണോ അതോ ഹിന്ദു-മുസ്‌ലിം മൈത്രി വേണോ എന്നു ചോദിച്ചാല്‍ ഈ അബുല്‍കലാം ആയിരം വട്ടം ആവശ്യപ്പെടുന്നത്‌ ഹിന്ദു-മുസ്‌ലിം മൈത്രിയായിരിക്കും.''

സ്വതന്ത്ര സമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയ പ്രസിഡണ്ടുമായിരുന്ന അബുൽകലാം ആസാദിന്റെ പ്രസിദ്ധമായ വചനകളാണിത്.

ബഹുസ്വര സമൂഹത്തിന്റെ നിലനിൽപ്പിന് മൈത്രിയും പരസ്പര വിശ്വാസവും അനിവാര്യതകളിൽ പ്രധാനപ്പെട്ടതാണ്.

അഭിപ്രായങ്ങളിലും കാഴ്ചപ്പാടുകളിലും പരസ്പരം യോജിപ്പ് മാത്രമല്ല ഭിന്നതകളും ജൈവിക സ്വാഭാവമാണ്.

എന്നാൽ ഭിന്നതയുടെ സ്വരം മാത്രം സംസാരിക്കുമ്പോഴാണ്

സാമൂഹികമായ പ്രതിസന്ധികൾ ഉടലെടുക്കുന്നത്.

ബാബരി മസ്ജിദിന്റെ കാര്യത്തിൽ ഭിന്നതക്ക് പ്രാധാന്യം നൽകിയവർ രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യം വെച്ചത്.

ബാബരി മസ്ജിദ് തകർത്ത സംഭവത്തെ ഗാന്ധി വധത്തിനു ശേഷം നടന്ന ദേശീയ ദുരന്തം എന്ന് വിശേഷിപ്പിച്ചത് രാഷ്ട്രപതിയായിരുന്ന കെ.ആർ നാരായണനായിരുന്നു.

ശേഷം ഇരുപത്തി ഏഴ് വർഷത്തെ നിയമപേരാട്ടം നടന്നു. ഇരുകക്ഷികൾ തമ്മിൽ ചർച്ചകളുടെ പരമ്പരകളുമുണ്ടായി.കുറേ നല്ല മനുഷ്യർ മധ്യസ്ഥരായി നിന്നു.

അവസാനം കഴിഞ്ഞ വർഷം കോടതി വിധി പറഞ്ഞു.

വിഗ്രഹം സ്ഥാപിച്ചതും, മസ്ജിദ് തകർത്തതും തെറ്റായിരുന്നു എന്ന് കോടതി വിധി പ്രസ്താവനയിൽ രേഖപ്പെടുത്തി.

അവിടെ തന്നെ ക്ഷേത്രം നിർമ്മിക്കാം എന്നു കൂടി പറഞ്ഞത് യുക്തി രാഹിത്യമാണെന്ന് ബോധ്യപെട്ടെങ്കിലും വിധിയെ മുസ്ലിം സമൂഹവും,മതേതര ചേരിയും അംഗീകരിച്ചു. പള്ളിയുണ്ടായിരുന്ന സ്ഥലം രാമക്ഷേത്രം പണിയാൻ വിട്ടുകൊടുക്കാനും മുസ്ലിം പള്ളി പണിയാൻ അഞ്ച് ഏക്കർ വേറെ ഭൂമി കണ്ടെത്തി നൽകാനും കോടതി വിധിച്ചു.

രാമക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ച് അവരാണ് ക്ഷേത്രം നിർമ്മിക്കേണ്ടത് എന്നും കോടതി വിധിയിൽ പ്രത്യേകം പരാമർശിച്ചു.

മുസ്ലിം പക്ഷത്ത് കേസ് നടത്തിയിരുന്ന ഉത്തരപ്രദേശ് സുന്നി വഖഫ്ബോഡും ഇതംഗീകരിച്ച് തന്നെ മുന്നോട്ട് പോകുന്നു.

ഭിന്നത ആഗ്രഹിക്കുന്നവർക്ക് ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്ന കാഴ്ചപ്പാടാണ്.

ഭിന്നതയുടേയും പ്രകോപനങ്ങളുടേയും പുതിയ രാഷ്ട്രിയ വാതായനങ്ങൾ അവർ തുറക്കാൻ ശ്രമിക്കുകയാണ്.

വളരെ പെട്ടെന്ന് മനുഷ്യ വികാരത്തെ ത്രസിപ്പിക്കുന്ന ഒന്നാണ് മതം.ഇവിടെ രാഷട്രീയ നേട്ടങ്ങൾക്കുള്ള ഉപകരണമാക്കി മതത്തെ മാറ്റുകയാണ്.

ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ രാമനും രാമായണവും ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

നമ്മുടെ രാഷ്ട്രപിതാവ് രാമ ഭക്തനായിരുന്നു.വെടിയേറ്റ് വീഴുമ്പോഴും മഹാത്മാഗാന്ധി വിളിച്ചത് ഹരേ റാം എന്നായിരുന്നു.വിവിധ രചനകളിലായി വിവിധ ദേശങ്ങളിൽ ധാരാളം രാമായണങ്ങളുണ്ട്.മുസ്ലിംങ്ങൾ ഏറെയുള്ള മലബാറിൽ മാപ്പിള രാമായണമുണ്ടായത് സൗഹാർദ്ധത്തിന്റെ സ്വാധീന ഫലമാണ്.

കിളിപ്പാട്ട് രാമായണമെഴുതിയ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ചനും,രാമചരിത മാനസം എഴുതിയ തുളസീദാസിനും അവരുടെ ജീവിതകാലത്ത് മുസ്ലിം സമൂഹം നൽകിയ പിന്തുണ ചരിത്രത്തിലെ നമ്മുടെ മൈത്രിയുടെ പൈതൃകമാണ്.

ഹിന്ദു മുസ്ലിം മൈത്രി തകർക്കാതെ തന്നെ ഒരു പാട് ക്ഷേത്രങ്ങളും പള്ളികളും നമുക്ക് നിർമ്മിക്കാൻ കഴിയും.

അതിന് വിവിധ മത സമൂഹങ്ങൾക്കിടയിൽ പരസ്പര സാഹോദര്യത്തിന് തടസ്സം നിൽക്കുന്നവരെ ഒറ്റപ്പെടുത്തുക മാത്രമേ വഴിയുള്ളൂ..

"ആകാശത്തു നിന്നൊരു മാലാഖ ഇറങ്ങിവന്ന്, മത മൈത്രി വേണോ അതോ ആരാധനാലയങ്ങൾ വേണോ എന്നു ചോദിച്ചാൽ ഞങ്ങൾക്ക് ആദ്യം വേണ്ടത് മത മൈത്രിയാണ് എന്ന് ഒറ്റക്കെട്ടായി പറയാൻ നമുക്ക് കഴിയണം".

മതമൈത്രിയുടെ പാഠങ്ങൾ കണ്ടും കേട്ടും അനുഭവിച്ചും വളരട്ടെ നമ്മുടെ മക്കൾ.

തർക്കങ്ങളില്ലാത്ത കാലം പുലരട്ടെ.!

"രാഷ്ട്രീയ താൽപര്യങ്ങൾക്ക് മതത്തെ ഉപകരണമാക്കരുത്", തർക്കങ്ങളില്ലാത്ത കാലം പുലരട്ടെ.! "ആകാശത്തു നിന്നൊരു മാലാഖ...

Posted by Sayyid Sadik Ali Shihab Thangal on Wednesday, August 5, 2020
TAGS :

Next Story