'വനിതാ നേതാക്കള്‍ വെല്ലുവിളികള്‍ എങ്ങനെ അതിജീവിക്കുന്നുവെന്ന് ലോകത്തെ കാണിച്ചതിന് നന്ദി'; ജസീന്തയെ അഭിനന്ദിച്ച് കെ.കെ ശൈലജ

ന്യൂസിലന്‍റ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പട്ട ജസീന്ത ആര്‍ഡനെ അഭിനന്ദിച്ച് മന്ത്രി കെ കെ ശൈലജ

MediaOne Logo

  • Updated:

    2020-10-18 07:10:41.0

Published:

18 Oct 2020 7:10 AM GMT

വനിതാ നേതാക്കള്‍ വെല്ലുവിളികള്‍ എങ്ങനെ അതിജീവിക്കുന്നുവെന്ന് ലോകത്തെ കാണിച്ചതിന് നന്ദി; ജസീന്തയെ അഭിനന്ദിച്ച് കെ.കെ ശൈലജ
X

രണ്ടാമതും ന്യൂസിലന്‍റ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പട്ട ജസീന്ത ആര്‍ഡനെ അഭിനന്ദിച്ച് മന്ത്രി കെ കെ ശൈലജ. കോവിഡിനെതിരായ പോരാട്ടം കാര്യക്ഷമമായി നടത്തിയതിനും കെ കെ ശൈലജ ജസീന്തയെ അഭിനന്ദിച്ചു.

"നിങ്ങൾ ചരിത്ര വിജയം ആഘോഷിക്കുമ്പോൾ ഞങ്ങൾ നിങ്ങളെ അഭിനന്ദിക്കുകയും പുതിയ ഇന്നിങ്സിന് ആശംസ നേരുകയും ചെയ്യുന്നു. കോവിഡിനെ ഫലപ്രദമായി നിങ്ങള്‍ എങ്ങനെ നേരിട്ടുവെന്ന് കാണാന്‍ കഴിഞ്ഞതിൽ സന്തോഷം. വെല്ലുവിളികളെ വനിതാ നേതാക്കൾ എങ്ങനെയാണ് മറികടക്കുന്നതെന്ന് ലോകത്തിന് കാണിച്ചു കൊടുത്തതിന് നന്ദി" - ശൈലജ ടീച്ചർ ട്വീറ്റ് ചെയ്തു.

ജസീന്തയുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി ന്യൂസിലന്‍റ് തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയമാണ് നേടിയത്. 2-3 ആഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജസീന്ത ഗവര്‍ണര്‍ ജനറലിനെ അറിയിച്ചു. തനിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ട് ജസീന്തയുടെ ലേബര്‍ പാര്‍ട്ടിക്ക്. 120ല്‍ 64 സീറ്റുകള്‍ ലേബര്‍ പാര്‍ട്ടിക്ക് സ്വന്തം. 49 ശതമാനം വോട്ടാണ് നേടിയത്. 1996ന് ശേഷം ഒരു പാര്‍ട്ടി തനിച്ച് ന്യൂസിലന്‍രില്‍ ഇത്രയും സീറ്റുകള്‍ നേടുന്നത് ആദ്യമാണ്. എതിര്‍കക്ഷിയായ നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ടും 34 സീറ്റുകളും മാത്രമേ നേടാനായുള്ളൂ. നിലവില്‍ ലേബര്‍ പാര്‍ട്ടിയുടെ സഖ്യക്ഷികളായ ഗ്രീന്‍ പാര്‍ട്ടി 7.6 ശതമാനം വോട്ടും ഫസ്റ്റ് പാര്‍ട്ടി 2.6 ശതമാനം വോട്ടുമാണ് നേടിയത്.

50 വര്‍ഷത്തെ ചരിത്രത്തില്‍ ന്യൂസിലന്‍റ് ജനത ലേബര്‍ പാര്‍ട്ടിക്ക് ഏറ്റവുമധികം പിന്തുണ നല്‍കിയ തെരഞ്ഞെടുപ്പാണിതെന്ന് ജസീന്ത അണികളെ അറിയിച്ചു. ന്യൂസിലന്‍രിലെ എല്ലാ ജനങ്ങളെയും പരിഗണിച്ച് നമ്മള്‍ പ്രവര്‍ത്തിക്കുമെന്ന് ജസീന്ത പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ ജനങ്ങള്‍ ഏറെ സന്തുഷ്ടരാണെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ഗ്രാന്‍റ് റോബര്‍ട്സണ്‍ പ്രതികരിച്ചു.

ഇതൊരു ചരിത്രപരമായ മാറ്റമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 80 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുപോലെ വ്യക്തമായ മുന്‍തൂക്കം ഒരു പാര്‍ട്ടിക്കും ലഭിച്ചിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ബ്രൈസ് എഡ്വാര്‍ഡ്സ് വിലയിരുത്തി. ജസീന്തയുടെ പ്രതിച്ഛായയാണ് ലേബര്‍ പാര്‍ട്ടിക്ക് ചരിത്ര വിജയം സമ്മാനിച്ചതെന്നാണ് ഭൂരിപക്ഷം നിരീക്ഷകരും പറയുന്നത്.

ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്‍ലിംകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോള്‍ ജസീന്തയുടെ നിലപാടുകള്‍ ലോകശ്രദ്ധ നേടിയിരുന്നു. ശക്തരാവുക, കരുണയുള്ളവരാവുക എന്നാണ് വെള്ളക്കാരുടെ വംശവെറിക്കെതിരെ ജസീന്ത നല്‍കിയ സന്ദേശം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചെടുത്ത് നടപ്പിലാക്കാനും ജസീന്തക്ക് കഴിഞ്ഞു. സമ്പന്ന രാജ്യങ്ങള്‍ പോലും കോവിഡിന് മുന്നില്‍ അടിയറവ് പറഞ്ഞ സമയത്താണ് വളരെ നേരത്തെ തന്നെ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തിയും അതിര്‍ത്തികള്‍ അടച്ചും ക്വാറന്‍റൈന്‍ കര്‍ശനമാക്കിയും ജസീന്ത കോവിഡിനെ പിടിച്ചുകെട്ടിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു മാസം വൈകിയാണ് തെരഞ്ഞെടുപ്പ് നടന്നത്.

TAGS :

Next Story