Quantcast

മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം പിടിവള്ളിയാക്കി സി.പി.എം

മുല്ലപ്പള്ളിയുടെ ഖേദപ്രകടനം ഉയർത്തിക്കാട്ടി പിടിച്ചു നിൽക്കാനാണ് പ്രതിപക്ഷ ശ്രമം.

MediaOne Logo

  • Published:

    2 Nov 2020 1:42 AM GMT

മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം പിടിവള്ളിയാക്കി സി.പി.എം
X

സർക്കാരും സി.പി.എമ്മും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമർശം പിടിവള്ളിയാക്കുന്നു. സി.പി.എമ്മിന്റെ കേന്ദ്ര, സംസ്ഥാന നേതാക്കൾ പ്രസ്താവനകളുമായി രംഗത്തിറങ്ങിയപ്പോൾ സംസ്ഥാന വനിതാ കമ്മീഷൻ മുല്ലപ്പള്ളിക്കെതിരെ കേസെടുത്തു. മുല്ലപ്പള്ളിയുടെ ഖേദപ്രകടനം ഉയർത്തിക്കാട്ടി പിടിച്ചു നിൽക്കാനാണ് പ്രതിപക്ഷ ശ്രമം.

കെ.പി.സി.സി അധ്യക്ഷന്റെ ആവേശ പ്രസംഗത്തിലെ പരാമർശം വിനയാണെന്ന് കണ്ട് ഖേദിച്ചെങ്കിലും സി.പി.എം വിടുന്ന മട്ടില്ല. മുല്ലപ്പള്ളിയുടെ ഖേദപ്രകടനമൊന്നും കാര്യമാക്കാതെയാണ് നേതാക്കളുടെ പ്രസ്താവനകൾ കൊഴുക്കുന്നത്. ഉത്തപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ഉപമിച്ചു കൊണ്ടായിരുന്നു സി.പി.എം കേന്ദ്ര നേതാവ് വൃന്ദാ കാരാട്ട് മുല്ലപ്പള്ളിക്കെതിരെ ആഞ്ഞടിച്ചത്. സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയും കെ.പി.സി.സി അധ്യക്ഷനെതിരെ രംഗത്തു വന്നു. ഉള്ളിലുള്ളതല്ലെ പുറത്തു വരൂ എന്നായിരുന്നു മന്ത്രി ശൈലജയുടെ പ്രതികരണം.

നേതാവിന്റെ കൈവിട്ട വാക്ക് കേട്ടയുടൻ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനും മുല്ലപ്പള്ളിയെ കൈവിട്ടു. പരാതി കിട്ടിയാലും ഇടപെടൽ വൈകിപ്പിക്കുമെന്ന ആക്ഷേപമുള്ള വനിതാ കമ്മീഷന്റെ നീക്കം പക്ഷേ ഇക്കാര്യത്തിൽ വേഗത്തിലായിരുന്നു. വൈകുന്നേരത്തോടെ മുല്ലപ്പള്ളിക്കെതിരെ കമ്മീഷൻ കേസുമെടുത്തു. പാർട്ടിയും സർക്കാരും പതറി നിൽക്കുമ്പോഴാണ് പിടിച്ചു കയറാനുള്ള വടി പ്രതിപക്ഷം തന്നെ നൽകുന്നത്. കിട്ടിയ വടി വിടാതെ പിടിക്കാനാകും ഇനി സർക്കാർ പക്ഷം ശ്രമിക്കുക. ഇന്നും മുല്ലപ്പള്ളി വിവാദം ആവോളം കത്തിച്ചു നിർത്താൻ തന്നെയാണ് ഭരണപക്ഷ നീക്കം.

നേതാവിനെ ന്യായീകരിക്കുകയും സർക്കാർ വിരുദ്ധ മുദ്രാവാക്യത്തെ അന്തരീക്ഷത്തിൽ നിലിർത്തുകയും ചെയ്യുകയെന്ന ഇരട്ട ദൌത്യമാണ് പ്രതിപക്ഷത്തിനുള്ളത്. കാര്യങ്ങൾ രൂക്ഷമായി ഗ്രൂപ്പ് പോരാകാതെ നോക്കണമെന്നും കോൺഗ്രസിൽ അടക്കം പറച്ചിലുണ്ട്.

TAGS :

Next Story