Quantcast

മുഖ്യമന്ത്രിയെ വിമര്‍ശിച്ച ഫാത്തിമ തഹ്‌ലിയക്കെതിരെ സൈബര്‍ ആക്രമണം

തഹ്‌ലിയക്ക് നേരെയുള്ള രാഷ്ട്രീയവിമർശനത്തിൽ നിന്ന് സൈബർ ഇടങ്ങളില്‍ വ്യക്തിഹത്യയിലേക്കും സ്ത്രീയധിക്ഷേപത്തിലേക്കും കാര്യങ്ങള്‍ മാറിയിട്ടുണ്ട്

MediaOne Logo

  • Published:

    21 Dec 2020 4:04 PM GMT

മുഖ്യമന്ത്രിയെ വിമര്‍ശിച്ച ഫാത്തിമ തഹ്‌ലിയക്കെതിരെ സൈബര്‍ ആക്രമണം
X

യു.ഡി.എഫിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ച എം.എസ്.എഫ് ദേശീയ നേതാവ് അഡ്വ. ഫാത്തിമ തെഹ്‌ലിയക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. വളരെ മോശമായ ഭാഷയിലാണ് പലരുടെയും കമന്‍റുകള്‍.

തഹ്‌ലിയക്ക് നേരെയുള്ള രാഷ്ട്രീയവിമർശനത്തിൽ നിന്ന് സൈബർ ഇടങ്ങളില്‍ വ്യക്തിഹത്യയിലേക്കും സ്ത്രീയധിക്ഷേപത്തിലേക്കും കാര്യങ്ങള്‍ മാറിയിട്ടുണ്ട്. അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധമായ കമന്‍റുകളാണ് ഫാത്തിമ തെഹ്‍ലിയയുടെ ഓരോ പോസ്റ്റുകള്‍ക്കും താഴെ കാണുന്നത്.

യു.ഡി.എഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി എം.എസ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹ്‍ലിയ രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു.

'യുഡിഎഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റർ പിണറായി വിജയൻ?' എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായാണ് വിമര്‍ശിക്കുന്നത്. ശബരിമലയിൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചു പിടിക്കാൻ പിണറായി വിജയൻ വർഗീയ കാർഡുമായി ഇറങ്ങിയിരിക്കുകയാണെന്നും 'മുസ്‍ലിം ലീഗ് യു.ഡി.എഫിനെ നിയന്ത്രിക്കുന്നേ' എന്ന് പറഞ്ഞു ഭീതി പരത്തി വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് സംഘി വിജയൻ ശ്രമിക്കുന്നതെന്നും അഡ്വ.ഫാത്തിമ തഹ്‍ലിയ കുറ്റപ്പെടുത്തി. സൈബര്‍ ആക്രമങ്ങളില്‍ വിശദീകരണവുമായി ഫാത്തിമ തഹ്‌ലിയ രംഗത്തുവന്നു.

മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് യോജിച്ച ഭാഷയിലാണ് മറുപടി നല്‍കിയതെന്ന് അവര്‍ പറഞ്ഞു. തന്റെ വാക്കുകളലില്‍ ഒരു ഖേദവുമില്ല. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിനുള്ള കൃത്യമായ മറുപടിയാണ് ഞാന്‍ കൊടുത്തത്. വര്‍ഗീയത പറഞ്ഞ് സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അതിനെതിരെ രാഷ്ട്രീയമായി പ്രതികരിക്കുകയാണ് ചെയ്തത്. തന്റെ പ്രതികരത്തിനെതിരെ വലിയ ആക്രണമാണ് ഫേസ്ബുക്കില്‍ നടക്കുന്നത്. എന്നോട് മാന്യമായി സംസാരിക്കണമെന്ന് പറയുന്നവരുടെ ഭാഷ അത്ര നല്ലതല്ല. വ്യക്തി ഹത്യയാണ് പലരും നടത്തുന്നത്. തനിക്ക് ഒരു പേടിയുമില്ലെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.

തന്റെ വാക്കുകളാണ് സൈബര്‍ സഖാക്കളെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി പദവി മറന്നാണ് പ്രവര്‍ത്തിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്ന പോലെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. ഞാന്‍ പറഞ്ഞ വാക്കുകള്‍ ഒരു പുരുഷന്‍ പറഞ്ഞാല്‍ ഇത്ര വലിയ പ്രശ്‌നമുണ്ടാകില്ല. ഒരു സ്ത്രീ പ്രതികരിച്ചു എന്നതാണ് പലരുടെയും ആക്ഷേപം. അതേസമയം, പലരും തനിക്ക് പിന്തുണ പ്രഖ്യാപിച്ചു വിളിച്ചു. ഒറിജിനല്‍ ഐഡിയില്‍ നിന്നാണ് പലരും തനിക്കെതിരെ കമന്റ് ചെയ്യുന്നത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുന്നത് ആലോചിച്ചുവരികയാണ്. മുസ്ലിം ലീഗുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു. കോഴിക്കോട് ജില്ലാ കോടതിയില്‍ അഭിഭാഷകയാണ് അവര്‍.

TAGS :

Next Story