Quantcast

ഇത് അപൂർവ നിമിഷം; ലോകകപ്പ് ഉദ്ഘാടന വേദിയില്‍ താരമായ ഗാനിം അൽ മുഫ്തയെ സന്ദര്‍ശിച്ച് മലയാളി ബാലൻ ആസിം വെളിമണ്ണ

ഗാനിമിനെ കാണാന്‍ ഏറെ ആഗ്രഹമുണ്ടെന്നും ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ അവകാശപോരാളി കൂടിയായ ആസിം മനസ് തുറന്നിരുന്നു.

MediaOne Logo

Web Desk

  • Published:

    26 Nov 2022 4:48 PM GMT

ഇത് അപൂർവ നിമിഷം; ലോകകപ്പ് ഉദ്ഘാടന വേദിയില്‍ താരമായ ഗാനിം അൽ മുഫ്തയെ സന്ദര്‍ശിച്ച് മലയാളി ബാലൻ ആസിം വെളിമണ്ണ
X

എല്ലാ വിഭാ​ഗം മനുഷ്യർക്കും പ്രാപ്യമായ ലോകകപ്പാണ് ഇതെന്ന നയം തെളിയിച്ച ഉദ്ഘാടന ചടങ്ങിലൂടെ ഹോളിവുഡ് താരം മോര്‍ഗാന്‍ ഫ്രീമാനൊപ്പം താരമായ ഭിന്നശേഷിക്കാരൻ ഗാനിം അല്‍ മുഫ്തയെ സന്ദര്‍ശിച്ച് ഇരു കൈകളുമില്ലാത്ത മലയാളി വിദ്യാർഥി ആസിം വെളിമണ്ണ. ലോകകപ്പ് കാണാനായി ഖത്തറിലെത്തിയ ആസിം ഉദ്ഘാടന വേദിയിലെ ​ഗാനിമിന്റെ സാന്നിധ്യം ഏറെ സന്തോഷമേകുന്നതാണെന്ന് പ്രതികരിച്ചിരുന്നു.

ഗാനിമിനെ കാണാന്‍ ഏറെ ആഗ്രഹമുണ്ടെന്നും ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ അവകാശപോരാളി കൂടിയായ ആസിം മനസ് തുറന്നിരുന്നു. ഇതിനു പിന്നാലെയാണ് ​ഗാനിമിനെ കാണാനുള്ള സുവർണാവസരം ആസിമിന് ലഭിച്ചത്. ഇതിന്റെ ചിത്രങ്ങൾ ആസിം തന്നെ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

'ലോകകപ്പ് ഉദ്ഘാടന വേദിയിൽ ലോകം ഉറ്റുനോക്കിയ ഗാനിം അൽമുഫ്തയുടെ ക്ഷണം ഈ എളിയവന് ലഭിച്ചപ്പോൾ' എന്ന അടിക്കുറിപ്പോടെയാണ് ആസിം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആയിരങ്ങളാണ് ​ഇരുവരുടേയും കൂടിക്കാഴ്ചാ പോസ്റ്റിൽ തങ്ങളുടെ ഹൃദയാഭിവാദ്യം അറിയിച്ചിരിക്കുന്നത്. നിരവധി പേരാണ് ആശംസയും സന്തോഷവും സ്നേഹവും അറിയിച്ച് രം​ഗത്തെത്തിയിരിക്കുന്നത്.

ഖത്തറിലെ പ്രശസ്ത യൂട്യൂബറും സംരംഭകനും മോട്ടിവേഷന്‍ സ്പീക്കറുമായ ​ഗാനി ലോകകപ്പ് അംബാസഡര്‍മാരില്‍ ഒരാളും കൂടിയാണ്. ശാരീരിക വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ട് തീവ്ര പ്രയത്‌നത്തിലൂടെ നേട്ടങ്ങളുടെ കൊടുമുടികളൊന്നാകെ കീഴടക്കുന്ന​ ​ഗാനിമിന്റെ ലോകകപ്പ് ഉദ്ഘാടന വേദിയിലെ സാന്നിധ്യം ലോകമാകെ നെഞ്ചേറ്റിയിരുന്നു.

കോഴിക്കോട് കൊടുവള്ളി വെളിമണ്ണ സ്വദേശിയായ ആസിമും വെല്ലുവിളികളെ സധൈര്യം നേരിട്ട് മുന്നേറുന്ന വിദ്യാര്‍ഥിയാണ്. പെരിയാര്‍ അടക്കം നീന്തിക്കടന്ന് നേടിയതടക്കം നിരവധി റെക്കോര്‍ഡുകളുകളിൽ മുത്തമിട്ടിട്ടുള്ള കൊച്ചുമിടുക്കാണ് ആസിം.

2021ലെ ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ് അന്തിമ പട്ടികയിൽ ആസിം വെളിമണ്ണയും ഉൾപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള അംഗപരിമിതരായ കുട്ടികളെ അവരുടെ വിദ്യാഭ്യാസം തുടരാൻ പ്രചോദിപ്പിക്കുന്ന 16കാരനാണ് മുഹമ്മദ് ആസിം. കൈകളില്ലാതെ ജനിച്ച ആസിം നടക്കാൻ ബുദ്ധിമുട്ട് നേരിടുന്നതിനാൽ വീൽചെയറിലാണ് സഞ്ചരിക്കുന്നത്. പ്രൈമറി തലം മാത്രമുണ്ടായിരുന്ന തന്റെ ഗ്രാമത്തിലെ സ്‌കൂൾ ഹൈസ്‌കൂളായി ഉയർത്താനുള്ള പോരാട്ടത്തിന്റെ ഭാ​ഗമായി ആസിം രണ്ടു ദിവസം വീൽചെയറിൽ 450 കിലോമീറ്റർ മാർച്ച് നയിച്ചിരുന്നു.

ഇതിനായി ആസിം ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും പ്രതിഷേധ ധർണകൾ സംഘടിപ്പിക്കുകയും ചെയ്തു. 2015ൽ കേരള സർക്കാർ ആസിമിന്റെ ആവശ്യം അംഗീകരിച്ച് സ്കൂൾ ഹൈസ്‌കൂൾ ആക്കി. മുഹമ്മദ് ആസിമിന്റെ ശ്രമഫലമായി സ്‌കൂളിലെ വിദ്യാർഥികളുടെ എണ്ണം 200ൽ നിന്ന് 700 ആയി ഉയരുകയും ചെയ്തു.



TAGS :

Next Story